സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1903 മാർച്ച് മാസത്തിൽ ഇറങ്ങിയ ആദ്യലക്കത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
കത്തോലിക്ക വിശ്വാസത്തെയും സന്മാർഗ്ഗത്തെയും പറ്റി മലയാളത്തിൽ യഥോചിതം പ്രതിപാദിക്കുന്നതിനു വേണ്ടിയാണ് കൎമ്മെല കുസുമം മാസിക പ്രസിദ്ധീകരിച്ചു തുടങ്ങിയതെന്ന് മാസികയുടെ ആമുഖപ്രസ്താവനയിൽ കാണുന്നു. CMI സഭയിലെ വൈദീകരുടെ ചുമതലയിലാണ് ഈ മാസിക ഇറങ്ങി കൊണ്ടിരിക്കുന്നത്. മാസിക പ്രസിദ്ധീകരിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത് അക്കാലത്തെ ചങ്ങനാശ്ശേരി ബിഷപ്പായിരുന്ന മാക്കീൽ മെത്രാൻ ആണ്.
1903 മാർച്ചിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കൎമ്മെല കുസുമം, 2023 മാർച്ചിൽ മാർച്ചിൽ പ്രസിദ്ധീകരണത്തിൻ്റെ 120 വർഷങ്ങൾ പൂർത്തിയാക്കി. 120 വർഷം പൂർത്തിയാക്കുന്ന ഈ മാസം തന്നെ കൎമ്മെല കുസുമത്തിൻ്റെ ആദ്യ ലക്കം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നതിൽ പ്രത്യേക സന്തോഷമുണ്ട്. CMI സഭയുടെ മേജർ സെമിനാരിയായ ധർമ്മാരാം കോളേജിൽ നിന്നാണ് ഈ ആദ്യലക്കം ഡിജിറ്റൈസ് ചെയ്തു റിലീസ് ചെയ്യുന്നത് എന്നത് യാദൃശിചകം അല്ല എന്ന് ഞാൻ കരുതുന്നു.
120 വർഷം കഴിഞ്ഞപ്പോൾ മാസികയുടെ പേര് കൎമ്മെല കുസുമം എന്നതിൽ നിന്ന് കർമ്മല കുസുമം എന്നായിടുണ്ട്. ബിന്ദുരേഫം ഉപേക്ഷിച്ചതും മ്മയിൽ നിന്നു എകാരം മാറ്റിയതും ഒക്കെ 1903ലെ രീതിയിൽ നിന്ന് മലയാളഭാഷയുടെ എഴുത്തിൽ വന്ന വ്യത്യാസത്തെ സൂചിപ്പിക്കുന്നു.
കനിമൂസ യൌസേപ്പു ചാണ്ടി അച്ചൻ ആണ് ഈ മാസികയുടെ സ്ഥാപകപത്രാധിപർ. യൌസേപ്പു ചാണ്ടി അച്ചൻ പിൽക്കാലത്ത് CMI സഭയുടെ പ്രിയോർ ജനറാൾ അടക്കമുള്ള പ്രധാനപദവികളിൽ ഇരുന്നിട്ടുണ്ടെന്ന് വിവിധ ചരിത്രരേഖകളിൽ കാണുന്നു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ ആദ്യലക്കത്തിൽ, മാസികയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലുള്ള സഭാസംബന്ധിയായ ലേഖനങ്ങൾ ആണുള്ളത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കൎമ്മെല കുസുമം – പുസ്തകം ൧ ലക്കം ൧ – ൧൯൦൩ മാൎച്ച്
- പ്രസിദ്ധീകരണ വർഷം: 1903
- താളുകളുടെ എണ്ണം: 24
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി