1868-ൽ കേരള സുറിയാനി കത്തോലിക്ക സഭയിൽ (ഇന്നത്തെ സീറോ-മലബാർ സഭ) അനുഷ്ഠിച്ചിരുന്ന ദിവ്യപൂജയ്ക്ക് (കുർബ്ബാന) ഒരു ക്രമം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോട് കൂടി അക്കാലത്തെ മെത്രാൻ ആയിരുന്ന ബർണ്ണർദ്ദീനൊസു ദെസാന്ത ത്രെസ്യ (Bernardino Baccinelli of St. Teresa)- യുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
എഴുതപ്പെട്ട ഒരു കർമ്മപുസ്തകം കൂടാതെ സുറിയാനിക്രമത്തിലെ ദിവ്യപൂജ പള്ളി (സഭ) ആഗ്രഹിച്ച് കല്പിച്ചിരിക്കുന്ന പോലെ നടത്താൻ പ്രയാസം ആണെന്ന് കണ്ടത് കൊണ്ടാണ് ഈ പുസ്തകം നിർമ്മിച്ചതെന്ന് ആമുഖത്തിൽ മെത്രാൻ പറയുന്നു. തക്സ പരിശോധിച്ചപ്പോൾ അതിനോട് ഒക്കുന്നവിധമാണ് ഇതിൻ്റെ ഉള്ളടക്കം എന്ന് തനിക്കു ബോധ്യപ്പെട്ടതായും അദ്ദേഹം പറയുന്നു.
മാന്നാനം സെൻ്റ് ജോസഫ്സ് പ്രസ്സിൽ (അക്കാലത്ത് മാർ യൌസേപ്പു പുണ്യവാളൻ്റെ ആശ്രമ അച്ചുകൂടം) അച്ചടിച്ച പുസ്തകം ആണിത്. ആദ്യകാലത്ത് മാന്നാനം പ്രസ്സിൽ ഉപയോഗിച്ചിരുന്ന ചതുരവടിവുള്ള അച്ചാണ് ഈ പുസ്തകത്തിൻ്റെ അച്ചടിക്കു ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ പരിചയമില്ലെങ്കിൽ വായന അല്പം ബുദ്ധിമുട്ട് ആയേക്കാം.
കുർബ്ബാനയുടെ ക്രമം എങ്ങനെ ആയിരിക്കണം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഇത്തരം പുസ്തകങ്ങൾ പിൽക്കാലത്ത് തൂക്കാസ പുസ്തകം എന്ന് അറിയപ്പെട്ടു. അത്തരം ഒരു തൂക്കാസാ പുസ്തകം മുൻപ് നമുക്ക് കിട്ടിയതാണ്. അത് ഇവിടെ കാണാം. 1926ലെ തൂക്കാസാ പുസ്തകം ഇപ്പോൾ റിലീസ് ചെയ്യുന്ന 1868ലെ സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ എന്ന പുസ്തകത്തിൻ്റെ പരിഷ്കരിച്ച പതിപ്പാണെന്ന് അ1926ലെ പുസ്തകത്തിൻ്റെ ആമുഖം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്. 1926ലെ പുസ്തകത്തിൽ ഈ ക്രമം എഴുതിയുണ്ടാക്കിയത് അന്നത്തെ പ്രിയോർ ജനറാൾ ആയിരുന്ന ചാവറയച്ചൻ ആണെന്ന സൂചനയും കാണാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: സുറിയാനിക്രമത്തിലെ പൂജാകൎമ്മങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1868
- താളുകളുടെ എണ്ണം: 154
- അച്ചടി: St. Joseph’s Press, Mannanam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി