കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി മലയാളത്തിലെ പ്രാമാണിക വ്യാകരണഗ്രന്ഥമായി കരുതപ്പെടുന്ന ഏ.ആർ. രാജരാജവർമ്മയുടെ കേരളപാണീയത്തിൻ്റെ പ്രസിദ്ധീകരണത്തിൻ്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സ്കറിയ സക്കറിയയുടെ ആമുഖപഠനത്തോടെ 1996ൽ പ്രസിദ്ധീകരിച്ച കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
കേരളപാണിനീയത്തിൻ്റെ ഒന്നാം പതിപ്പ് വന്നത് 1896ൽ ആണ്. തൻ്റെ വിദ്യാഭ്യാസകാലത്ത് താൻ മലയാളവ്യാകരണം പഠിച്ചത് ഗാർത്തുവേറ്റ് സായ്പിൻ്റെ വ്യാകരണപുസ്തകത്തിലൂടെ ആയിരുന്നു എന്നും അതിൻ്റെ കുറവുകൾ ആണ് സ്വന്തമായി ഒരു വ്യാകരണഗ്രന്ഥം രചിക്കാൻ പ്രേരണ ആയതെന്നും 1896ലെ ഒന്നാം പതിപ്പിനു എഴുതിയ മുഖവുരയിൽ ഏ.ആർ. രാജരാജവർമ്മ പറയുന്നു. എന്നാൽ 1896ലെ ഒന്നാം പതിപ്പ് കുറച്ചധികം വിമർശനങ്ങൾ നേരിട്ടു. അതിനാൽ ഏ.ആർ. ഒന്നാം പതിപ്പിനെ സമൂലം പരിഷ്കരിച്ചാണ് ഏതാണ്ട് 25 വർഷത്തിനു ശേഷം 1917ൽ കേരളപാണിനീയത്തിൻ്റെ പുതിയൊരു പതിപ്പ് ഇറക്കുന്നത്. 1896ലെ പതിപ്പും 1917ലും പതിപ്പും തമ്മിൽ പേരിൻ്റെ കാര്യത്തിൽ മാത്രമേ സാമ്യത ഉള്ളൂ. ബാക്കി ഉള്ളടക്കമെല്ലാം വ്യത്യസ്തമാണ്. ഇപ്പോൾ കേരളപാണിനീയത്തിൻ്റെ പതിപ്പ് എന്ന പേരിൽ വിവിധ പ്രസിദ്ധീകരണശാലകൾ ഇറക്കുന്ന പതിപ്പുകൾ ഒക്കെയും 1917ൽ ഇറങ്ങിയ പതിപ്പിൻ്റെ റീപ്രിൻ്റുകൾ ആണ്.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്) 1996ൽ ഇറങ്ങിയതാണ്. ഈ പതിപ്പിനു സ്കറിയ സക്കറിയ വിശദമായ ആമുഖപഠനം തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം അദ്ദേഹം തന്നെ പുസ്തകത്തിൽ ഉടനീളം അടിക്കുറിപ്പുകളും തയ്യാറാക്കിയിരിക്കുന്നു. അതിനും പുറമേ അദ്ദേഹം തന്നെ തയ്യാറാക്കിയ ഗ്രന്ഥസൂചി, പദസൂചി, ചോദ്യാവലിയും ഈ ശതാബ്ദി പതിപ്പിൻ്റെ ഭാഗമാണ്.
കഴിഞ്ഞ 12 വർഷത്തിനു മേൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ ശ്രദ്ധിക്കുന്നു എങ്കിലും ഈ പ്രധാനപ്പെട്ട പുസ്തകത്തിൻ്റെ ഏറ്റവും നല്ല ഒരു പഴയ പതിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലായിരുന്നു. ഇപ്പോൾ 100 വർഷത്തിനു ശേഷമുള്ള പതിപ്പ് കിട്ടാൻ കാരണമായത് സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിലൂടെ ആണ്. ഇനി മുൻപോട്ട് പോകുമ്പോൾ ഈ പുസ്തകത്തിൻ്റെ പ്രധാനപ്പെട്ട പഴയ പതിപ്പുകൾ ലഭ്യമാകും എന്ന് പ്രത്യാശിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കേരളപാണിനീയം (ശതാബ്ദിപ്പതിപ്പ്)
- രചന: ഏ.ആർ. രാജരാജവർമ്മ/സ്കറിയ സ്ക്കറിയ
- പ്രസിദ്ധീകരണ വർഷം: 1996
- താളുകളുടെ എണ്ണം: 382
- അച്ചടി: D.C. Printers, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി