ഭാരതീയ ഭാഷയിലെ ആദ്യ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന 1852 ൽ പുറത്തു വന്ന ബംഗാളി നോവലിൻ്റെ തർജ്ജമയായ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കാതറൈൻ ഹന്ന മുല്ലൻസ് എന്ന മദാമ്മയാണ് മൂല കൃതിയായ ഫുൽമണി ഒ കരുണാർ ബിബരൻ എന്നു പേരായ ബംഗാളി നോവലിൻ്റെ രചയിതാവ്. 1858ൽ പ്രശസ്ത വൈയാകരണനും, യൂറോപ്യൻ മിഷനറിയുമായിരുന്ന റവ: ജോസഫ് പീറ്റ് ആണ് മലയാള തർജ്ജമ നിർവ്വഹിച്ചിട്ടുള്ളത്. ലഭ്യമായ തെളിവുകൾ വെച്ച് ഈ പുസ്തകത്തിലാണ് മലയാള ഭാഷ ആദ്യമായി നോവൽ എന്ന സാഹിത്യരൂപത്തിന് മാധ്യമമായത് എന്നു പറയപ്പെടുന്നു. 1986 ൽ പശ്ചിമ ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിൽ നിന്നും ഡോ. സ്കറിയ സക്കറിയ ഈ കൃതിയുടെ പകർപ്പ് കണ്ടെടുത്തു. 1988ൽ അദ്ദേഹം മലയാള മനോരമയിൽ അക്ഷരങ്ങളും അക്ഷരങ്ങളും എന്ന പംക്തിയിൽ എഴുതിയ ലേഖനങ്ങളിലൂടെ ഈ പുസ്തകം സജീവ ചർച്ചകൾക്ക് വിധേയമാകുകയുണ്ടായി. സ്കറിയ സക്കറിയയാണ് പുസ്തകത്തിൻ്റെ സമ്പാദനനം നിർവ്വഹിച്ചിട്ടുള്ളതും ആമുഖവും തയ്യാറാക്കിയിരിക്കുന്നതും.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
-
- പേര്: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ
- രചന: കാതറൈൻ ഹന്ന മുല്ലൻസ്
- പ്രസിദ്ധീകരണ വർഷം: 1989
- താളുകളുടെ എണ്ണം: 172
- അച്ചടി: D.C.Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി