1925-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻനമ്പൂതിരി എഴുതിയ സ്തവമഞ്ജരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൊടുങ്ങല്ലൂർ കളരിയിലെ പച്ചമലയാളപ്രസ്ഥാനത്തിൻ്റെ പ്രസിദ്ധരായ കവികളായിരുന്നു നടുവം കവികൾ എന്നറിയപ്പെട്ടിരുന്ന നടുവത്ത് അച്ഛൻ നമ്പൂതിരിയും നടുവത്ത് മഹൻ നമ്പൂതിരിയും. നാരായണൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര്. കവിത്വസിദ്ധിയും കാര്യപ്രാപ്തിയും കാരണം കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, ഒറവങ്കര, ഉള്ളൂർ, വള്ളത്തോൾ, കുണ്ടൂർ നാരായണ മേനോൻ, കാത്തുള്ളി അച്യുതമേനോൻ തുടങ്ങി അന്നത്തെ പ്രസിദ്ധരായ കവികളെല്ലാം നടുവത്ത് മഹൻ്റെ പ്രിയചങ്ങാതിമാരായിരുന്നു
1911 (കൊല്ലവർഷം 1086) നടുവത്ത് മഹന് എല്ലാം കൊണ്ടും ദുരിതമയമായ വർഷമായിരുന്നു. വസൂരിയും പുറത്തൊരു കുരുവും വന്നുപെട്ട ദീനാവസ്ഥയിൽ രചിച്ച രണ്ടു കാവ്യങ്ങളിലൊന്നാണ് സ്തവമഞ്ജരി എന്ന് ജീവചരിത്രമെഴുതിയ ഡി. പത്മനാഭനുണ്ണി വ്യക്തമാക്കുന്നു. രോഗശാന്തിക്കായി സ്തോത്രകൃതികളും ക്ഷമാപണങ്ങളും എഴുതുന്നത് അക്കാലത്തെ പതിവായിരുന്നു. കൃഷ്ണസ്തവങ്ങൾ, ദേവീസ്തവങ്ങൾ, ദീനാക്രന്ദനസ്തവങ്ങൾ, സ്വപ്നസ്തവം, ഉപദേശസ്തവം എന്നിങ്ങനെ അഞ്ചു സ്തവങ്ങളാണ് പുസ്തകത്തിലുള്ളത്. എഴുതിയ കാലത്തിൻ്റെ സ്വഭാവമനുസരിച്ച് സംസ്കൃതപദബദ്ധമാണ് കാവ്യങ്ങളെങ്കിലും മലയാളവാക്കുകൾ കൂടുതൽ ഉപയോഗിച്ച് കവിതകെട്ടാൻ നടുവത്ത് മഹൻ ശ്രമിച്ചിട്ടുണ്ട്. വിദ്വാന്മാരല്ലാത്ത സാധാരണക്കാർക്കും എളുപ്പം മനസ്സിലാവുക എന്ന ഉദ്ദേശ്യമാണ് അതിനു പിന്നിൽ
നടുവത്ത് അച്ഛൻ നമ്പൂതിരിക്ക് കാലിലുണ്ടായ വൃണം മാറിക്കിട്ടുവാൻ എഴുതിയ ദൈവസ്തുതികളാണ് സ്തവമഞ്ജരിയുടെ ആദ്യഭാഗത്ത്. അവ ഫലം കണ്ടതിനാൽ തനിക്ക് രോഗമുണ്ടായപ്പോഴും മഹൻ നമ്പൂതിരി കീർത്തനങ്ങളെ അവലംബിച്ചു. ദീനാക്രന്ദനസ്തവങ്ങളുടെ തുടക്കത്തിൽ അച്ഛൻ്റെ അസുഖത്തിൻ്റെ അവസ്ഥയെ വർണ്ണിക്കുന്നു. അതിനു ശേഷം മഹൻ നമ്പൂതിരിയുടെ പുറത്തു വന്ന കുരു മൂലം കഷ്ടപ്പെടുന്നതും അതിനു നിവൃത്തി ഉണ്ടാക്കണമെന്നും പറയുന്നതാണ്. അസുഖം ഭേദമാക്കുവാൻ വേണ്ടി ദൈവങ്ങളെ വിളിച്ചപേക്ഷിച്ചതിനു പ്രയോജനമുണ്ടായെന്ന് അവതാരിക എഴുതിയ സി. കുഞ്ഞിരാമമേനോൻ എഴുതുന്നു. ഉപദേശസ്തവം, മാതൃകാജീവിതം നയിക്കുവാനുള്ള സദാചാരപരമായ ഉപദേശമാണ്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: സ്തവമഞ്ജരി
- രചന: നടുവത്ത് മഹൻനമ്പൂതിരി
- പ്രസിദ്ധീകരണ വർഷം: 1925
- താളുകളുടെ എണ്ണം: 96
- അച്ചടി: Mangalodayam Press, Thrissur
- സ്കാൻ ലഭ്യമായ ഇടം: കണ്ണി