1943 ൽ പ്രസിദ്ധീകരിച്ച, Records in Oriental Languages – Cochin State – Book 01 എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യൻ ഹിസ്റ്റോറിക്കൽ റെക്കോർഡ്സ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം തയ്യാറാക്കപ്പെട്ട പൌരസ്ത്യഭാഷകളിലുള്ള രേഖകൾ എന്ന പരമ്പരയിലെ പെരുമ്പടപ്പ് സ്വരൂപം ഗ്രന്ഥവരിയിലെ കൊച്ചി രാജ്യം പുസ്തകം 1 എന്ന കൊച്ചി രാജാക്കന്മാരുടെ കാലാനുക്രമ ചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ രാജവംശം രുമക്കത്തായം അനുസരിച്ചാണ് രാജഭരണം നടത്തിയിരുന്നത്. പുരുഷാംഗങ്ങൾ വയസ്സുമൂപ്പനുസരിച്ച് സിംഹാസനാരോഹണം ചെയ്തിരുന്നു. തമ്പുരാട്ടിമാർക്ക് രാജഭരണത്തിൽ യാതൊരു പങ്കും ഇല്ലായിരുന്നു. 1663 നു ശേഷം ജനിച്ചിട്ടുള്ള ഈ രാജവംശത്തിലെ പുരുഷാംഗങ്ങൾക്ക് രാമൻ, കേരളൻ, രവി എന്നീ പേരുകൾ മാത്രമാണ് നൽകപ്പെട്ടു കാണുന്നത്. അതിനാൽ ഒരേ പേരുള്ള രണ്ടോ അതിലധികമോ രാജാക്കന്മാരെ തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണ്. കൊച്ചി രാജാക്കന്മാരുടെ പൂർണ്ണമായ ഒരു കാലാനുക്രമ ചരിത്രം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് പെരുമാക്കന്മാരുടെ രാജ്യം എന്ന തൻ്റെ കൃതിയിൽ ഡോക്ടർ എഫ്. ഡേ എന്ന ആളാണ്. സെൻ്റ്രൽ റിക്കാർഡ് ആപ്പീസിൽ സൂക്ഷിച്ചിട്ടുള്ളതും, അന്നു ദിവാനായിരുന്ന തോട്ടക്കാട്ട് ശങ്കുണ്ണിമേനോൻ ഡോക്ടർ റേക്ക് നോക്കാൻ കൊടുത്തതുമായ ഒരു ഓലയിൽ എഴുതിയിട്ടുള്ള കലിദിനവാക്യങ്ങളിൽ കണക്കാക്കിയെടുത്തിട്ടുള്ള കുറെ തിയ്യതികളെ ആധാരമാക്കിയാണ് അത് രചിക്കപ്പെട്ടിട്ടുള്ളത്. പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലങ്ങളിൽ നാടുവാണിരുന്ന രാജാക്കന്മാരുടെയും ആധുനിക കാലത്തെ രാജാക്കന്മാരുടെയും ഒരു ചരിത്ര സംക്ഷേപവും, മൂന്നു വംശവിവരപ്പട്ടികകളും വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: Records in Oriental Languages – Cochin State – Book 01
- പ്രസിദ്ധീകരണ വർഷം: 1943
- താളുകളുടെ എണ്ണം: 86
- അച്ചടി: Government Press, Cochin
- സ്കാൻ ലഭ്യമായ ഇടം: കണ്ണി