1920-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയും വിവർത്തകയും വിദുഷിയുമായിരുന്നു തരവത്ത് അമ്മാളുവമ്മ. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ എന്നിവയുടെ ആശയം സംഗ്രഹിച്ച് ശങ്കരാചാര്യർ സംസ്കൃതത്തിൽ രചിച്ച കൃതിയാണ് ‘സർവവേദാന്തസിദ്ധാന്ത സാരസംഗ്രഹം’. മറ്റു വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ച് അദ്വൈതമതസിദ്ധാന്തത്തെ സ്ഥാപിക്കുക എന്നതാണ് രചനയുടെ ലക്ഷ്യം. ലൗകികജീവിതത്തിൽ മുഴുകിയവർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ലളിത സുന്ദരമായ ഭാഷയിൽ ശങ്കരാചാര്യർ രചിച്ചതാണ് ഈ കൃതിയെന്ന് മുഖവുരയിൽ വിവർത്തക വ്യക്തമാക്കുന്നു. ശങ്കരാചാര്യരുടെ ഭാഷയുടെ സൗന്ദര്യം എടുത്തു കാണിക്കാനായി അദ്ദേഹത്തിൻ്റെ ശ്ലോകങ്ങൾ സംസ്കൃതത്തിൽത്തന്നെയാണ് നൽകിയിരിക്കുന്നത്. ഗുരുശിഷ്യസംവാദരൂപത്തിലാണ് പുസ്തകത്തിൻ്റെ ഘടന. സങ്കീർണ്ണമായ ആധ്യാത്മികാശയങ്ങൾ ലളിതമായ ഉദാഹരണങ്ങൾ വഴി ബോധ്യപ്പെടുത്തി ഗുരു ശിഷ്യനെ ചരിതാർത്ഥനാക്കുന്നു. ഗുരുപദേശം ലഭിച്ച്, അറിയേണ്ടതെല്ലാം അറിഞ്ഞ ശിഷ്യൻ സംശയരഹിതനായി ഗുരുവിനെ നമസ്കരിച്ച് യാത്രയാവുകയും ഗുരു ആനന്ദസമുദ്രത്തിൽ ആമഗ്നനായിരിക്കുകയും ചെയ്യുന്നിടത്താണ് പുസ്തകം അവസാനിക്കുന്നത്
വേദാന്തവിശാരദനായ കല്പാത്തി ലക്ഷ്മണശാസ്ത്രികൾ പരിശോധിച്ച് പിഴതീർത്തതാണ് പരിഭാഷയെന്ന് ഗ്രന്ഥകർത്രി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം
- പ്രസിദ്ധീകരണ വർഷം: 1920
- അച്ചടി: കേരളകല്പദ്രുമം അച്ചുകൂടം
- താളുകളുടെ എണ്ണം: 136
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
