1971-ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള എഡിറ്റ് ചെയ്ത പ്രാചീനമലയാള ഗദ്യമാതൃകകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1971 – പ്രാചീനമലയാള ഗദ്യമാതൃകകൾ
മലയാളസാഹിത്യപരമ്പര്യത്തെക്കുറിച്ചുള്ള അന്വേഷണം പ്രധാനമായും നടന്നിരുന്നത് കാവ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. വൈദേശിക സമ്പർക്കം മൂലമാണ് ഗദ്യവ്യവഹാരങ്ങൾ വികസിച്ചുവന്നതെന്ന വിശ്വാസം പ്രബലമായിരുന്നു. പിൽക്കാലത്ത് കണ്ടെടുക്കപ്പെട്ട ബ്രഹ്മാണ്ഡപുരാണം ഗദ്യം, ഭാഷാ കൗടലീയം പോലെയുള്ള ഗദ്യമാതൃകകൾ പതിനാലാം നൂറ്റാണ്ടു മുതൽതന്നെ പ്രാചീനമായ ഗദ്യശൈലി മലയാളഭാഷയ്ക്കു സ്വന്തമായിരുന്നു എന്ന കാര്യം ഉറപ്പിക്കുന്നുണ്ട്. മലയാള ഗദ്യത്തെ സംബന്ധിച്ച വിലപ്പെട്ട മറ്റൊരു രേഖയാണ് 1599-ൽ ഉദയം പേരൂരിൽ വെച്ചു നടന്ന സൂനഹദോസിലെ(സിനഡ്) കാനോനകൾ. ആദ്യം പറഞ്ഞ പുസ്തകങ്ങൾ വിവർത്തന സ്വഭാവമുള്ളവയാണെങ്കിൽ കാനോനകൾ പ്രാമാണികരേഖയെന്ന നിലയ്ക്കും അന്നത്തെ ഗദ്യവ്യവഹാര മാതൃകകൾ എന്ന നിലയ്ക്കും സ്വതന്ത്രമായി നിൽക്കാൻ കഴിവുള്ളവയാണ്.
ശാസനങ്ങളിൽ നിന്നും നീട്ടെഴുത്തുകളിൽ നിന്നും വ്യത്യസ്തമായി കഥാഖ്യാനത്തിനും സംഭവവിവരണത്തിനും ഉതകുന്ന ഗദ്യശൈലി പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്നു എന്നും ഗദ്യകൃതികൾ അക്കാലയളവിൽ രചിക്കപ്പെട്ടിരുന്നു എന്നതിനുമുള്ള തെളിവാണ് പ്രാചീനമലയാള ഗദ്യമാതൃകകൾ എന്ന പുസ്തകം. കാലസൂചനയില്ലാത്തതിനാൽ ഇവയുടെ രചനാകാലം കൃത്യമായി മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിലും ഏതാണ്ട് നാന്നൂറു വർഷം പഴക്കം ഡോ. പി.കെ. നാരായണപിള്ള കല്പിക്കുന്നുണ്ട്. 1950-ൽ തിരുവിതാംകൂർ സർവകലാശാലയിലെ മാനുസ്ക്രിപ്റ്റ് ലൈബ്രറി പ്രസാധനം ചെയ്ത പുസ്തകത്തിൻ്റെ 1971-ൽ കേരളസർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഡോ. പി.കെ. നാരായണപിള്ള പുന:പ്രസാധനം ചെയ്ത പതിപ്പാണിത്. നളോപാഖ്യാനം, അംബരീഷോപാഖ്യാനം, ദേവീമാഹാത്മ്യം എന്നീ മൂന്ന് പുരാണകഥകളാണ് ഇതിലുള്ളത്. വിശാല തമിഴകത്തിൻ്റെ ഭാഗമായിരുന്ന മലയാള പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്ന ഭാഷയെയും തമിഴായ് വിശേഷിപ്പിച്ചിരുന്ന കാര്യം”സംക്ഷേപത്താൽ തമിഴായ്പെടുക്കപ്പെട്ടിതു” (ദേവീമാഹാത്മ്യം) എന്ന പ്രസ്താവനയിൽ വ്യക്തമാണ്. രൂപം, ഭാവം, ഭാഷ എന്നിവയ്ക്കായി തമിഴിനെ ആശ്രയിച്ചിരുന്ന മലയാളത്തിൽ സംസ്കൃതസ്വാധീനം വർദ്ധിച്ചു വരികയും തമിഴിൻ്റെ ഭാഷാപരമായ വഴക്കങ്ങളിൽ നിന്നു മുക്തമാവുകയും ചെയ്ത കാലത്തെ ഈ കൃതികൾ സാക്ഷ്യപ്പെടുത്തുന്നുവെന്ന് പി.കെ. നാരായണപിള്ള നിരീക്ഷിക്കുന്നു. അദ്ദേഹം എഴുതിയ അവതാരിക, ഈ കൃതികളുടെ ഭാഷാപരമായ പ്രത്യേകതകളെയും ഭാവബദ്ധതയെയും അലങ്കാര കല്പനകളെയും വിശദമായി അപഗ്രഥിക്കുന്നുണ്ട്. സംക്ഷേപണം, വിപുലനം തുടങ്ങിയ ആഖ്യാനപരമായ പ്രത്യേകതകൾക്കും മാതൃകയാണ് ഈ പ്രാചീന ലഘുഗദ്യാഖ്യാനങ്ങൾ. കുട്ടികൾക്കു വേണ്ടി എഴുതിയത് എന്നു തോന്നിപ്പിക്കുന്ന രീതിയിൽ ലളിതമാണ് നളോപാഖ്യാനത്തിലെ ഭാഷാരീതി. അംബരീക്ഷോപാഖ്യാനത്തിലെ വർണ്ണനകളും വേദാന്തതത്ത്വചിന്തകളും സംസ്കൃതപ്രയോഗങ്ങളും പ്രൗഢമായ ഭാഷാമാതൃകയാണ് മുന്നിൽ വയ്ക്കുന്നത്. ഇവയ്ക്കിടയിലാണ് ദേവീമാഹാത്മ്യത്തിൻ്റെ സ്ഥാനം. ചെറിയ ചില വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ ആധുനിക ഗദ്യവുമായി അടുത്തുനിൽക്കുന്ന ഭാഷണമാതൃകകളും ഈ ഗ്രന്ഥത്തിൽ കാണാം
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര് : പ്രാചീനമലയാള ഗദ്യമാതൃകകൾ
- പ്രസിദ്ധീകരണ വർഷം: 1971
- എഡിറ്റർ: പി.കെ. നാരായണപിള്ള
- താളുകളുടെ എണ്ണം: 117
- അച്ചടി: C.M. Memorial Press, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
