1924 – ൽ ശ്രീമൂലം മലയാളം സീരീസ് പുസ്തകങ്ങളുടെ ഭാഗമായി രണ്ടാമതായി പ്രസിദ്ധപ്പെടുത്തിയ ശതമുഖ രാമായണം കിളിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാ കവി ചക്രവർത്തിയായ തുഞ്ചത്ത് എഴുത്തച്ഛൻ്റെ കൃതിയായി “ശതമുഖരാമായണം കിളിപ്പാട്ട്” എന്നൊരു ഗ്രന്ഥമുണ്ടെന്ന് ഗോവിന്ദപ്പിള്ളയുടെ ‘ഭാഷാചരിത്ര’ത്തിലൂടെയും മറ്റും ഭാഷാപ്രേമികൾ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗ്രന്ഥം ഇതുവരെ സമ്പൂർണ്ണമായി അച്ചടിക്കപ്പെട്ടതായി അറിവില്ല. ഇതിൻ്റെ മൂന്നാം പാദത്തിൽ നിന്നുള്ള ഒരു ഭാഗം ‘പദ്യമഞ്ജരി’യിൽ ഉൾപ്പെടുത്തിയിരുന്നു, ആ ഭാഗം മാത്രമേ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ളു. ഗ്രന്ഥകർത്താവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
“സീതാവിജയം” എന്ന പേരിൽ അറിയപ്പെടുന്ന ഈ കൃതി ആദ്യന്തം വായിക്കുന്ന സഹൃദയർക്ക്, ഇത് സാക്ഷാൽ എഴുത്തച്ഛൻ്റെ തന്നെ രചനയാണെന്ന കാര്യത്തിൽ സംശയമുണ്ടാകില്ല. അധ്യാത്മരാമായണം കിളിപ്പാട്ടും ഈ ഗ്രന്ഥവും തമ്മിലുള്ള സാദൃശ്യം അത്രമേൽ വ്യക്തമാണ്. അധ്യാത്മരാമായണം രചിച്ച് അധികകാലം കഴിയുന്നതിനു മുൻപ് തന്നെ ഈ ലഘുകൃതിയും നിർമ്മിക്കപ്പെട്ടതാണെന്ന് അനുമാനിക്കുന്നു. പ്രധാന ഇതിവൃത്തം സീതാദേവി ശതമുഖ രാവണനെ (നൂറു തലയുള്ള രാവണൻ) വധിക്കുന്നതാണ്. രാമന് പത്തു തലയുള്ള രാവണനെ മാത്രമേ വധിക്കാൻ കഴിഞ്ഞുള്ളൂ എന്നും, എന്നാൽ അതിനേക്കാൾ ശക്തനായ നൂറു തലയുള്ള രാവണനെ വധിക്കാൻ സീത ഭദ്രകാളി രൂപം ധരിച്ച് യുദ്ധം ചെയ്യുന്നു എന്നും ഇതിൽ വിവരിക്കുന്നു. ഇത് വാല്മീകി രാമായണത്തിലോ അദ്ധ്യാത്മ രാമായണത്തിലോ കാണുന്ന കഥയല്ല. മറിച്ച് അത്ഭുത രാമായണം ശാക്തേയ പാരമ്പര്യങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള കഥയാണ്. ഗ്രന്ഥത്തിൽ കാണുന്ന “ഉന്നതമുള്ള വൻ”, “മഹൽകാലകേയന്മാർ” ,”അവാങ് മനോഗോചരം” തുടങ്ങിയ വ്യാകരണപരമായി പൂർണ്ണതയില്ലാത്ത പ്രയോഗങ്ങൾ, തനിമയുള്ള ഭാഷാശൈലിയെ നിലനിർത്താൻ കവി ബോധപൂർവ്വം ഉപയോഗിച്ചതാണെന്ന് കരുതുന്നു. കാളിദാസനെപ്പോലുള്ള മഹാകവികളുടെ രചനകളിലും ഇത്തരം സവിശേഷ പ്രയോഗങ്ങൾ കാണാറുണ്ട്.
ഈ പുസ്തകത്തിൻ്റെ പ്രസിദ്ധീകരണത്തിനായി പണ്ഡിതൻ വടക്കുംകൂർ രാജരാജവർമ്മ വഴി ശങ്കരൻ നമ്പൂതിരിയുടെ പക്കൽ നിന്ന് ലഭിച്ച ഒരു താളിയോല ഗ്രന്ഥവും, കൊട്ടാരം ഗ്രന്ഥപ്പുരയിൽ നിന്ന് ലഭിച്ച മറ്റൊന്നും പരിശോധിക്കുകയുണ്ടായി. രണ്ട് പ്രതികളിലും പാഠഭേദങ്ങളും അബദ്ധങ്ങളും ഉണ്ടായിരുന്നതിനാൽ, അവ സൂക്ഷ്മമായി ഒത്തുനോക്കി ശുദ്ധമെന്ന് ബോധ്യപ്പെട്ട പാഠമാണ് ശ്രീമൂലം മലയാളം സീരീസ് പുസ്തകങ്ങളുടെ ഭാഗമായി ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശതമുഖ രാമായണം കിളിപ്പാട്ട്
- എഡിറ്റർ : എസ്. പരമേശ്വരയ്യർ
- പ്രസിദ്ധീകരണ വർഷം: 1924
- അച്ചടി: The Superintendent, Government Press, Trivandrum
- താളുകളുടെ എണ്ണം: 40
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
