1929-ൽ പ്രസിദ്ധീകരിച്ച, കാട്ടായിൽ ഉണ്ണിനായര് എഴുതിയ ശീലാവതീ ചരിതം മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
പുരാണങ്ങളിൽ പ്രസിദ്ധയായ കഥാപാത്രമാണ് ശീലാവതി. കുഷ്ഠരോഗിയും മുൻകോപിയുമായ ഭർത്താവിനെ ശുശ്രൂഷിച്ച് പതിവ്രതാരത്നം എന്ന പേരു നേടിയെടുത്തിരുന്നു അവർ. ശീലാവതിയുടെ സഹനവും പതിഭക്തിയും കണ്ട് മനസ്സലിഞ്ഞ് അണിമാണ്ഡവ്യൻ എന്ന മുനി സൂര്യോദയത്തിനു മുൻപ് അവളെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭർത്താവ് മരിച്ചുപോകുമെന്ന് ശപിച്ചപ്പോൾ സൂര്യനെ തടഞ്ഞു നിർത്തി ഭർത്താവിൻ്റെ ജീവൻ രക്ഷിച്ച് തൻ്റെ പാതിവ്രത്യഭക്തി തെളിയിച്ച സ്ത്രീരത്നമായാണ് പുരാണങ്ങൾ ശീലാവതിയെ കൊണ്ടാടുന്നത്.
അത്രിമഹർഷിയുടെ മകനായ ഉഗ്രശ്രവസ്സാണ് ശീലാവതിയുടെ ഭർത്താവ്. കഥാഗതിക്കായി കുഞ്ചൻ നമ്പ്യാരുടെ ശീലാവതിചരിതം തുള്ളലിലെ ഇതിവൃത്തഘടനയെയാണ് കാട്ടായിൽ ഉണ്ണിനായർ പിന്തുടരുന്നത്. ‘കുഞ്ചനാൽപ്പണ്ടെഴുതിയ ചെറുതാം ഗദ്യമീപദ്യകാവ്യം’ എന്ന കടപ്പാട് കൃതിയുടെ അവസാനം കൊടുത്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ കഥ പറഞ്ഞ രീതിയിൽ ഉഗ്രശ്രവസ്സ് എന്ന മുനിയുടെ പേര് മണിപ്രവാളകാവ്യത്തിൽ ഉഗ്രതപസ്സായി മാറ്റിയിരിക്കുന്നു. യഥാക്രമം 68,44,72,36 എന്നിങ്ങനെ ശ്ലോകസംഖ്യയുള്ള നാലു സർഗങ്ങളാണ് ശീലാവതിചരിതം മണിപ്രവാളകാവ്യത്തിലുള്ളത്. നിശ്ചയവും ബുദ്ധിയുടെ അചഞ്ചലത്വവും ഭർത്താവിലുള്ള ദൃഡഭക്തിയും ശുഭകാര്യങ്ങളിലുള്ള നിഷ്കർഷയും ഉള്ള ആളുകൾക്ക് ആദ്യം ആപത്തുകൾ വന്നാലും എല്ലാം മാറി ജീവിതം മംഗളകരമായിത്തീരും എന്ന ശുഭപ്രതീക്ഷയാണ് ശീലാവതിയുടെ കഥയിലൂടെ കവി ആളുകൾക്ക് പകർന്നു നൽകുന്നത്
മദ്രാസ് പാഠപുസ്തകക്കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകം മൂല്യവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി എലിമെൻ്ററി സ്കൂളിലെ കുട്ടികൾക്ക് പാഠപുസ്തകമായി പഠിക്കാൻ ശുപാർശ ചെയ്യപ്പെട്ടതാണ്. അതിനുള്ള സാക്ഷ്യങ്ങളാണ് ഗ്രന്ഥത്തിൻ്റെ തുടക്കത്തിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകളും അവതാരിക എഴുതിയ കടത്തനാട്ട് എ. കെ ശങ്കരവർമ്മ തമ്പുരാൻ്റെ നിരീഷണങ്ങളും
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശീലാവതീ ചരിതം
- പ്രസിദ്ധീകരണ വർഷം: 1929
- അച്ചടി: Ramakrishna Printing Works
- താളുകളുടെ എണ്ണം: 64
- സ്കാൻ ലഭ്യമായ ഇടം: കണ്ണി