സി.വി. താരപ്പൻ എഴുതിയ ക്രിസ്തീയ സഭാ ചരിത്രം എന്ന പുസ്തകത്തിൻ്റെ 1976 ൽ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1926 ൽ ആണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ കോപ്പികളെല്ലാം വേഗം വിറ്റുതീർന്നു. സാമ്പത്തിക പ്രതിസന്ധി കാരണം രണ്ടാം പതിപ്പ് ഇറങ്ങിയത് രചയിതാവിൻ്റെ മരണശേഷം 18 വർഷം കഴിഞ്ഞ് 1976 ലാണ്. താരപ്പൻ്റെ സുഹൃത്ത് കൂടിയായ കെ.ഒ. ചേറു ആണ് രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചത്.
തൃശൂർ ജില്ലയിലെ പെങ്ങാമുക്ക് എന്ന സ്ഥലത്ത് ഒരു യാക്കോബായ കുടുംബത്തിൽ ജനിച്ച സി. വി. താരപ്പന് ദാരിദ്ര്യം മൂലം ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിച്ചില്ല. മലയാളത്തിൽ ഇറങ്ങിയ ക്രൈസ്തവസഭാചരിത്രങ്ങളിൽ ആദ്യത്തെ ഒന്നായ ക്രിസ്തീയ സഭാ ചരിത്രം1926ൽ എഴുതി. “കാഹളനാദം കേൾക്കാറായ് കുഞ്ഞാട്ടിൻ കാന്തേ” എന്ന പ്രശസ്ത ഗാനമുൾപ്പടെ മുന്നൂറോളം ഭക്തഗാനങ്ങളെഴുതിയ കവിയും, വെളിപാടിൻ്റെ വ്യാഖ്യാനം, തുടങ്ങി പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവുമായ സി.വി. താരപ്പൻ സുവിശേഷകൻ, ഗാനരചയിതാവ്, പ്രഭാഷകൻ, അപ്പോളജിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പട്ടത്വ സഭകൾക്കെതിരെയും, അതിൻ്റെ ഉപദേശങ്ങൾക്കെതിരെയും പ്രസംഗിച്ച്, ഇതര സഭകളുടെ വിരോധത്തിനു പാത്രമായ ഇദ്ദേഹം അവിവാഹിതനായി ജീവിതാവസാനം വരെ ലളിത ജീവിതം നയിച്ചു.
ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിൽ ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവസഭകളുടെ പൊതുവായ ചരിത്രം കൈകാര്യം ചെയ്യുന്നു അവസാന രണ്ട് അദ്ധ്യായങ്ങളിൽ ഇന്ത്യയിലെ ക്രൈസ്തവസഭാ ചരിത്രവും കൈകാര്യം ചെയ്യുന്നു.
എന്നാൽ ഞങ്ങൾക്ക് ഡിജിറ്റൈസേഷനായി ലഭ്യമായ പുസ്തകത്തിലെ 221 മത്തെ പേജ് തൊട്ട് 229 മത്തെ പേജ് വരെ ചില പ്രശ്നങ്ങൾ ഉണ്ട്. അതിൽ ചില പേജുകൾ ആവർത്തിക്കുകയും ചില പേജുകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അച്ചടി സമയത്തോ ബൈൻഡിങ്ങ് സമയത്തോ വന്ന പ്രശ്നമാണെന്ന് തോന്നുന്നു. ഈ പുസ്തകത്തിൻ്റെ മറ്റൊരു കോപ്പി ലഭ്യമാവുകയാണെങ്കിൽ ഈ പതിപ്പ് വീണ്ടും ഡിജിറ്റൈസ് ചെയ്യാം എന്ന് കരുതുന്നു.
തൃശൂർ ജില്ലയിൽ പഴഞ്ഞിയിലുള്ള കെ.സി. കൊച്ചുക്രു (അദ്ദേഹമാണ് ഈ ഗ്രന്ഥങ്ങൾ സൂക്ഷിച്ച് വെച്ചത്), കെ.സി. കൊച്ചുക്രുവിൻ്റെ മകൻ ബിന്നി കൊച്ചുക്രു, കുന്നംകുളത്തുള്ള ഡോ: സാജൻ സി. ജേക്കബ്, ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ഞങ്ങൾക്ക് കൈമാറിയത്. അവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ക്രിസ്തീയ സഭാ ചരിത്രം
- രചന: സി. വി. താരപ്പൻ
- പ്രസിദ്ധീകരണ വർഷം: 1976
- അച്ചടി: Immanual Press, Kunnamkulam
- താളുകളുടെ എണ്ണം: 244
- സ്കാൻ ലഭ്യമായ ഇടം: കണ്ണി