1968-ൽ പ്രസിദ്ധീകരിച്ച, തെങ്കൈലനാഥോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
കൊച്ചി മലയാളഭാഷാപരിഷ്കരണക്കമ്മിറ്റി ശ്രീരാമഗ്രന്ഥാവലി സീരീസിൽ 38-മതായി പുറത്തിറക്കിയ ചമ്പൂ പ്രബന്ധമാണ് തെങ്കൈലനാഥോദയം. സംസ്കൃതവും മലയാളവും ഇടകലർത്തിയെഴുതുന്ന മണിപ്രവാളശൈലിയിലാണ് ഇതിൻ്റെ രചന. ചാക്യാന്മാർ കൂത്തു പറയുന്നതിന് ചമ്പൂകാവ്യങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഒരു വാദമുണ്ട്. പ്രബന്ധം പറയാൻ ഉപയോഗിച്ചിരുന്നതു കൊണ്ടാവണം ചമ്പൂപ്രബന്ധം എന്ന് പറഞ്ഞു വരുന്നത്. തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയുടെ വർണ്ണനയാണ് ഇതിലെ വിഷയം. കൈലൈ എന്ന് പ്രാചീനമലയാളത്തിൽ കൈലാസത്തിനു പര്യായമുണ്ട്. കൈലാസവാസിയായ ശിവൻ താമസിക്കുന്ന ഇടമായതുകൊണ്ട് തെക്കൻ കൈലാസമെന്ന അർത്ഥത്തിലാണ് തെങ്കൈല എന്ന പ്രയോഗം.
ശ്രീനീലകണ്ഠകവിയാണ് ഈ കൃതി രചിച്ചത്. കൃതിയുടെ രചനാകാലത്തെപ്പറ്റിയുള്ള സൂചന മാത്രമേ പുസ്തകത്തിലുള്ളൂ. 1591 മുതൽ 1615 വരെ ഭരിച്ചിരുന്ന വീരകേരളവർമ്മത്തമ്പുരാൻ്റെ ആശ്രിതനായിരുന്നു കവി. സാമൂതിരിയുമായുള്ള യുദ്ധത്തിനു പോവുകയായിരുന്ന രാജാവ് ശിവരാത്രിദിവസം ത്രിശ്ശിവപേരൂർ ക്ഷേത്രം സന്ദർശിക്കുകയും അവിടെ സന്നിഹിതനായിരുന്ന ശ്രീ നീലകണ്ഠകവിയോട് തെങ്കൈലനാഥൻ്റെ പ്രതിഷ്ഠയെ വർണ്ണിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമാണ് ഈ ചമ്പൂകാവ്യം. 16-17 നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിൻ്റെ ചലനചിത്രം ഈ മണിപ്രവാളചമ്പുവിലെ വർണ്ണനകളിൽ നിന്നും ലഭിക്കുന്നതുകൊണ്ട് ഇതിൻ്റെ ചരിത്രപ്രാധാന്യം സ്പഷ്ടമാണ്. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ കൃതിക്ക് വിശദമായ അവതാരിക എഴുതിയിട്ടുള്ളത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: തെങ്കൈലനാഥോദയം
- പ്രസിദ്ധീകരണ വർഷം: 1968
- അച്ചടി: The Prabuddhakeralam Press, Thrissur
- താളുകളുടെ എണ്ണം: 138
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
