1961 – ൽ പ്രസിദ്ധീകരിച്ച, പി.ജെ. തോമസ് രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിൻ്റെ അച്ചടി ചരിത്രവും ക്രൈസ്തവ സാഹിത്യത്തിൻ്റെ സ്വാധീനവും ആദ്യമായി ശാസ്ത്രീയമായി ഡോക്യുമെൻ്റ് ചെയ്ത പി.ജെ. തോമസിൻ്റെ മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുന്നത്. പി.ജെ. തോമസ് 1917-1919 കാലഘട്ടത്തിൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ, അക്കാലത്തെ സാഹിത്യചരിത്ര ഗ്രന്ഥങ്ങളിൽ ക്രൈസ്തവരുടെ (മലയാളികളുടെയും വിദേശികളുടെയും) ഗദ്യസാഹിത്യ സംഭാവനകൾ തമസ്കരിക്കപ്പെട്ടത് അദ്ദേഹം ശ്രദ്ധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ വിവിധ രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ അവിടുത്തെ ലൈബ്രറികളിൽ നിന്ന് അദ്ദേഹം അപൂർവ്വമായ മലയാളം രേഖകൾ കണ്ടെടുത്തു.
ഈ ഗവേഷണങ്ങളുടെ ഫലമായി 1935-ൽ ‘കേരളത്തിലെ ക്രിസ്തീയ സാഹിത്യം’ എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് 1961-ൽ ‘മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പേരിൽ ഇതിൻ്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി. ഉള്ളൂരിൻ്റെ സാഹിത്യചരിത്രത്തിന് ശേഷം ഏറ്റവും കൂടുതൽ റെഫറൻസുകൾക്കായി ഉപയോഗിക്കപ്പെടുന്ന ഒരു ക്ലാസിക് കൃതിയാണിത്. 1989-ൽ ഡി.സി ബുക്സ് ഇതിൻ്റെ മൂന്നാം പതിപ്പ് പുറത്തിറക്കി. മൂന്നാം പതിപ്പിൽ ഡോ. സ്കറിയ സക്കറിയ എഴുതിയ ‘ചർച്ചയും പൂരണവും’ എന്ന അനുബന്ധത്തിൽ പി.ജെ. തോമസ് വിട്ടുപോയ പല കാര്യങ്ങളും പൂരിപ്പിക്കുന്നു.
മലയാള സാഹിത്യ ചരിത്രത്തിലെ ക്രൈസ്തവ സാന്നിദ്ധ്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏറ്റവും ആധികാരികമായ ഗവേഷണ ഗ്രന്ഥങ്ങളിൽ ഒന്നാണിത്. മലയാള ഗദ്യശൈലിയുടെ രൂപീകരണത്തിൽ ബൈബിൾ വിവർത്തനങ്ങൾക്കുള്ള പങ്കും, അച്ചടി-വ്യാകരണ-നിഘണ്ടു നിർമ്മാണ രംഗങ്ങളിൽ മിഷണറിമാർ വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങളും ചരിത്രപരമായ തെളിവുകളോടെ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.
1965-ൽ അന്തരിച്ച അദ്ദേഹത്തിൻ്റെ കൃതികൾ 2026-ൽ പൊതുസഞ്ചയത്തിൽ എത്തുന്നതോടെ, ഈ ചരിത്രരേഖകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനുള്ള അവസരം ഒരുങ്ങുകയാണ്.
പി.ജെ. തോമസിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: മലയാള സാഹിത്യവും ക്രിസ്ത്യാനികളും
- രചയിതാവ്: പി.ജെ. തോമസ്
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: India Press, Kottayam
- താളുകളുടെ എണ്ണം: 298
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
