1951 ൽ പ്രസിദ്ധീകരിച്ച മാറല്ലേശുപാന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

റോമായിൽ രാജകുലത്തിൽപ്പെട്ട മസുമ്യാനോസ് എന്ന ധനവാന് വളരെക്കാലം കാത്തിരുന്ന്, ഏറെ നേർച്ചകൾ നടത്തി ഉണ്ടായ മകനായിരുന്നു അല്ലേശ്. ലൗകിക കാര്യങ്ങളിൽ തീരെ താല്പര്യമില്ലാത്തവനായി അവൻ വളർന്നു. യൗവനത്തിൽ മാതാപിതാക്കളും ബന്ധുജനങ്ങളും ചേർന്ന് അല്ലേശിനെ വിവാഹം കഴിപ്പിച്ചു. എന്നാൽ വിവാഹദിവസം രാത്രി തന്നെ ബുദ്ധനായിത്തീർന്ന സിദ്ധാർത്ഥനെപ്പോലെ വീടുവിട്ട് ഇറങ്ങി. ശേഷകാലം ഭിക്ഷ തെണ്ടി ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചു. ഒടുവിൽ അല്ലേശിനെ വിശുദ്ധനായി ലോകം തിരിച്ചറിഞ്ഞു. ഇതാണ് മാറല്ലേശുപാനയുടെ ഇതിവൃത്തം.
നാലു പാദങ്ങളിലായി പാന എന്ന രചനാരീതിയിൽ എഴുതിയിട്ടുള്ളതാണ് ഈ കൃതി. അലോഷ്യസ് എന്ന പേരിൻ്റെ തത്ഭവമായ ‘അല്ലേശ്’, വിശുദ്ധൻ എന്നർത്ഥം വരുന്ന ‘മാർ’ അല്ലേശിൻ്റെ ചരിത്രം പറയുന്ന പാന എന്നീ വാക്കുകൾ യോജിപ്പിച്ചാണ് മാറല്ലേശുപാന എന്ന വാക്കുണ്ടായത്. അല്ലേശിൻ്റെ ചരിത്രം പ്രമേയമായി പാനയും ചവിട്ടുനാടകവും ഉണ്ടായിട്ടുണ്ട്.
ഒരു തരം പാട്ടാണ് പാന. പൂന്താനത്തിൻ്റെ ജ്ഞാനപ്പാന, അർണോസിൻ്റെ പുത്തൻപാന (കൂതാശപ്പാന) എന്നിവ ഈ കാവ്യശാഖയിലെ പ്രസിദ്ധകൃതികളാണ്. പുത്തൻ പാന ക്രൈസ്തവവീടുകളിൽ പാരായണത്തിനുപയോഗിച്ചിരുന്ന കൃതിയാണ്. അതുപോലെ പാരായണത്തിന് ഉപയോഗിച്ചിരുന്ന മറ്റൊരു പാനയാണ് മാറല്ലേശുപാന. കേരളത്തിൽ പ്രചാരമുണ്ടായിരുന്ന മാറല്ലേശുപാനയുടെയും മാറല്ലേശുചരിതം ചവിട്ടുനാടകത്തിൻ്റെയും ഇതിവൃത്തങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. പ്രൊഫസർ ബാബു ചെറിയാൻ ആണ് ഈ പുസ്തകത്തെക്കുറിച്ചുള്ള വിശദമായ കുറിപ്പു നൽകിയത്
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാറല്ലേശുപാന
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 18
- പ്രസാധകർ: S.T. Reddiar and Sons
- അച്ചടി: Vidyabhivardhini Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി