1948 – മൗലികമായ മൂന്നു കാര്യങ്ങൾ – പി. മുഹമ്മദുമൈതീൻ

1948 – ൽ പ്രസിദ്ധീകരിച്ച, പി. മുഹമ്മദുമൈതീൻ രചിച്ച മൗലികമായ മൂന്നു കാര്യങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - മൗലികമായ മൂന്നു കാര്യങ്ങൾ - പി. മുഹമ്മദുമൈതീൻ
                    1948 – മൗലികമായ മൂന്നു കാര്യങ്ങൾ – പി. മുഹമ്മദുമൈതീൻ

പി. മുഹമ്മദുമൈതീൻ രചിച്ച ഈ ഗ്രന്ഥം ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിസ്ഥാന തൂണുകളെ ലളിതമായി വിവരിക്കുന്ന ഒരു കൃതിയാണ്. ഇസ്ലാമിക വിശ്വാസം പ്രകാരം ഒരു മുസ്ലിം മനസ്സിലാക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും അവരുടെ മരണാന്തരമായി അടക്കം ചെയ്യുമ്പോൾ ആദ്യമായി ദൈവം അയക്കുന്ന മലക്കുകൾ ( മാലാഖമാർ ) ചോദിക്കുന്നതുമായ വിശ്വാസപരമായ ചോദ്യങ്ങളാണ് ആരാണ് നിൻ്റെ റബ്ബ് ( ദൈവം )?, ആരാണ് നിൻ്റെ റസൂൽ ( പ്രവാചകൻ )?, ഏതാണ് നിൻ്റെ ദീൻ ( വിശ്വാസം )?. ഭൗതിക ജീവിതത്തിനപ്പുറം പാരത്രികമായ വിജയത്തിന് മൗലികമായ ഈ മൂന്ന് അറിവുകൾ അത്യന്താപേക്ഷിതമാണെന്ന് ഗ്രന്ഥകാരൻ ബോധ്യപ്പെടുത്തുന്നു.

ഈ ഗ്രന്ഥത്തിൻ്റെ പ്രധാന ആശയങ്ങളിൽ ഒന്നാമത്തേത്, വിശ്വാസത്തിനും പ്രവൃത്തിക്കും മുൻപായി അറിവ് ഉണ്ടായിരിക്കണമെന്നതാണ്.  ശരിയായ അറിവില്ലാതെ ചെയ്യുന്ന പ്രവൃത്തികൾ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വിജയികളായ മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളിൽ  ഈമാൻ (വിശ്വാസം), സൽക്കർമ്മങ്ങൾ, സത്യം ഉപദേശിക്കുക, ക്ഷമ കൈക്കൊള്ളുക എന്നിവ ഉണ്ടായിരിക്കണമെന്ന് പറയുന്നു.

ആരാണ് നിൻ്റെ റബ്ബ് ( ദൈവം )? എന്നതിന് നമ്മെ സൃഷ്ടിക്കുകയും നമുക്ക് ജീവിതവിഭവങ്ങൾ നൽകുകയും ചെയ്ത അല്ലാഹുവാണ് ഏകനായ റബ്ബ് എന്ന് ഗ്രന്ഥത്തിൽ ചൂണ്ടി കാട്ടുന്നു. മനുഷ്യൻ കേവലം മൃഗങ്ങളെപ്പോലെ തിന്നാനും കുടിക്കാനും വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവനല്ല. മറിച്ച്, ഉത്തരവാദിത്വമുള്ള ഒരു ജീവിതം നയിക്കാൻ ബാധ്യസ്ഥനാണെന്നും ആ ബോധ്യം അല്ലാഹുവിനെക്കുറിച്ചുള്ള അറിവിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു

ആരാണ് നിൻ്റെ റസൂൽ ( പ്രവാചകൻ )? എന്നതിന് മനുഷ്യർക്ക് നേർവഴി കാണിച്ചുതരാനായി അല്ലാഹു നിയോഗിച്ച ദൂതന്മാരിൽ അവസാനത്തെ ആളാണ് പ്രവാചകൻ മുഹമ്മദ് നബി. പ്രവാചകനെ അനുസരിക്കുന്നവർക്ക് സ്വർഗ്ഗവും, അദ്ദേഹത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിക്കുന്നവർക്ക് പരാജയവുമാണ് ഫലം എന്ന് ഗ്രന്ഥം ഓർമ്മിപ്പിക്കുന്നു. ഫിർഔൻ ( ഫിർഔനും യൂസുഫും എന്ന ചരിത്ര കഥ ) പ്രവാചകനെ നിഷേധിച്ചപ്പോൾ ഉണ്ടായ തകർച്ചയെ ഒരു പാഠമായി ഇതിൽ ചൂണ്ടിക്കാണിക്കുന്നു.

ഏതാണ് നിൻ്റെ ദീൻ ( വിശ്വാസം )? എന്നതിന് അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദ് നബിയെ പ്രവാചകനായും തൃപ്തിപ്പെട്ടവൻ യഥാർത്ഥ വിശ്വാസത്തിൻ്റെ രുചി അറിഞ്ഞവനാണെന്ന നബിവചനത്തോടെയാണ് പുസ്തകം ഈ ഭാഗം വിശദീകരിക്കുന്നത്. ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് വിശുദ്ധ ഖുർആനും പ്രവാചകചര്യയും (ഹദീസ്) അനുസരിച്ചായിരിക്കണം എന്നും പറയുന്നു.

അറബിയും, മലയാളവും ഭാഷകൾ  ഉൾപ്പെട്ട ഒരു ഗ്രന്ഥമാണിത്. അറബിക്ക് ഖുർആൻ വചനങ്ങളും മറ്റും ഇതിൽ കാണാം. ലളിതമായ ഭാഷയിൽ കാര്യങ്ങൾ ഇതിൽ വിശദീകരിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മൗലികമായ മൂന്നു കാര്യങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: സി.എം പ്രെസ്സ്, ഇടവ
  • താളുകളുടെ എണ്ണം: 48
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *