സീറോ-മലബാർ സഭയിലെ പുരോഹിതനും, CMI (TOCD) സന്ന്യാസ സമൂഹാംഗവും പണ്ഡിതനും ആയിരുന്ന പ്ലാസിഡച്ചൻ (ഫാദർ പ്ലാസിഡ് പൊടിപാറ) പ്രസിദ്ധീകരിച്ച കൂനൻ കുരിശിനുമുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൂനൻ കുരിശുസത്യം എന്ന പേരിൽ പ്രശസ്തമായ ചരിത്രസംഭവത്തിനു മുൻപുള്ള കേരളക്രൈസ്തവസഭയുടെ സ്വഭാവം വിശകലനം ചെയ്യുക ആണ് ഈ പുസ്തകത്തിൽ പ്ലാസിഡച്ചൻ പ്രധാനമായും ചെയ്യുന്നത്. കത്തോലിക്ക വീക്ഷണകോണിൽ നിന്ന് എഴുതിയ ഈ പുസ്തകത്തിൽ തൻ്റെ വാദത്തെ സാധൂകരിക്കുന്ന ധാരാളം തെളിവുകളും അദ്ദേഹം പങ്കുവെക്കുന്നു. കൂനൻ കുരിശുസത്യത്തിനു മുൻപുള്ള ചരിത്രമാണ് പുസ്തകത്തിൻ്റെ പ്രധാനപ്രതിപാദ്യ വിഷയം എങ്കിലും, കൂനൻ കുരിശുസത്യത്തെ കുറിച്ചും അതിനു ശെഷമുള്ള ചില സംഭവങ്ങളും പ്ലാസിഡച്ചൻ പുസ്തകത്തിൻ്റെ അവസാനം കൈകാര്യം ചെയ്യുന്നുണ്ട്. തൃശൂർ രൂപതയുടെ നവജീവിക എന്ന മാസികയിൽ ലേഖനപരമ്പര ആയി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകത്തിൻ്റെ മൂലരൂപം. അത് വിപുലപ്പെടുത്തിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ദൈവശാസ്ത്രജ്ഞൻ, ആരാധനക്രമ പണ്ഡിതൻ, വാഗ്മി, പ്രൊഫസർ, എക്യുമെനിസ്റ്റ്, ഗ്രന്ഥകാരൻ, സുറിയാനി ഭാഷാ പണ്ഡിതൻ എനിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനായിരുന്നു ഫാദർ പ്ലാസിഡ് പൊടിപാറ. ലത്തീൻ വൽക്കരണം ഒഴിവാക്കി സീറോ-മലബാർ കത്തോലിക്കാ സഭയുടെ ആരാധനക്രമപരിഷ്കരിക്കാൻ അദ്ദേഹം പ്രയത്നിച്ചു. അതിനു പുറമെ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപനത്തിലും പ്രസ്തുത സഭയുടെ ആരാധനക്രമ രൂപീകരണത്തിലും അദ്ദേഹം ഗണ്യമായ പങ്ക് വഹിക്കുകയും ചെയ്തു . ഇംഗ്ലീഷ്, മലയാളം, ജർമ്മൻ, ലാറ്റിൻ എന്നിവയുൾപ്പെടെയുള്ള ഭാഷകളിൽ ഏതാണ്ട് മുപ്പത്തിയേഴോളം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. തത്ത്വശാസ്ത്രം , ദൈവശാസ്ത്രം , കാനൻ നിയമം എന്നിവയിൽ അദ്ദേഹത്തിന് ഡോക്ടറേറ്റുകൾ ഉണ്ടായിരുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
അതിനു പുറമെ ഫാദർ പ്ലാസിഡ് പൊടിപാറയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടെ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: കൂനൻ കുരിശിനുമുമ്പു്
- രചന: ഫാദർ പ്ലാസിഡ് പൊടിപാറ
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 354
- അച്ചടി: St. Joseph’s Printing House, Tiruvalla
- സ്കാൻ ലഭ്യമായ ഇടം: കണ്ണി