1930-ൽ പ്രസിദ്ധീകരിച്ച, ജി.ആർ. വെങ്കിടവരദയ്യങ്കാർ രചിച്ച കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1930 – കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ – ജി.ആർ. വെങ്കിടവരദയ്യങ്കാർ
മാർത്താണ്ഡവർമ്മ മഹാരാജാവിനു കാലങ്ങൾക്ക് മുൻപ് കന്യാകുമാരി മുതൽ ഇടവാ വരെ നിലനിന്നിരുന്ന വേണാട് രാജ്യത്തെ പത്മനാഭപുരത്തിൽ രാജധാനിയുറപ്പിച്ചു നാടുവാണിരുന്ന ചേരൻ ഉദയമാർത്താണ്ഡന്റെ കാലത്തിൽ നടന്നതായി വിചാരിക്കാവുന്ന ചില സംഭവങ്ങളെ ആധാരമാക്കി വെങ്കിടവരദയ്യങ്കാർ രചിച്ചിട്ടുള്ള ഒരു ആഖ്യായികയാണു “ഉദയമാർത്താണ്ഡൻ” എന്ന ഈ ഗ്രന്ഥം.
അഖിലകേരളാധ്വീശ്വരൻ എന്ന സ്ഥാനത്ത് വേണാട് ഭരിച്ചിരുന്ന ചേരൻ ഉദയമാർത്താണ്ഡൻ പാണ്ഡ്യരാജാവിൻ്റെ ആക്രമണം തടുത്ത് പാണ്ഡ്യ രാജ്യം കീഴടക്കി. ഇതേ സമയത്തുതന്നെ പാണ്ഡ്യ രാജാവിൻ്റെ ധീരനും ധർമിഷ്ടനുമായ പുത്രൻ പിതാവിൻ്റെ പ്രവൃത്തികളിൽ മനംമടുത്തു കാഷായ വേഷധാരിയായി നാട്ചുറ്റി വേണാടിൽ എത്തിച്ചേർന്നു. ഉദയമാർത്താണ്ഡൻ മധുരയിൽ ആയിരുന്ന സമയത്ത് ചോള രാജാവിന്റെ ആക്രമണം കടൽ വഴി വേണാടിൽ ഉണ്ടാവുകയും അതിനെ കാഷായധാരിയായ പാണ്ഡ്യ കുമാരന്റെ സാമർത്ഥ്യത്താൽ തുരത്തുകയും ചെയ്തു. ഇതിനിടെ ഉദയമാർത്താണ്ഡാൻ്റെ മകൾ കാമേശ്വരി കാഷായധാരിയുമായി പ്രണയത്തിലാവുകയും ഈ വാർത്ത മഥുരയിലായിരുന്ന ഉദയമാർത്താണ്ഡൻ്റെ ചെവിയിലെത്തുകയും ചെയ്തു. വാർത്തയറിഞ്ഞ് പാണ്ഡ്യ രാജാവായുള്ള തൻ്റെ അഭിഷേകം മാറ്റിവെച്ച് ഉദയമാർത്താണ്ഡൻ വേണാടിൽ തിരിച്ചെത്തുകയും, കാഷായ വേഷ ധാരി യഥാർത്ഥത്തിൽ പാണ്ഡ്യ രാജ കുമാരൻ ആണെന്ന് മനസിലാക്കുകയും, സന്തുഷ്ടനായ അദ്ദേഹം തന്റെ മകളെ കുമാരനു വിവാഹം കഴിച്ചു നൽകുകയും അതിനു ശേഷം പാണ്ഡ്യ രാജ്യത്തിൻ്റെ യഥാർത്ഥ അവകാശിയായ കുമാരനെ പാണ്ഡ്യ രാജാവായി അഭിഷേകം ചെയ്യുകയും ചെയ്തു. ഇതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: കേരള ചക്രവർത്തി ഉദയമാർത്താണ്ഡൻ
- രചന: ജി.ആർ. വെങ്കിടവരദയ്യങ്കാർ
- പ്രസിദ്ധീകരണ വർഷം: 1930
- അച്ചടി: M.R.V Press, Thiruvananthapuram
- താളുകളുടെ എണ്ണം:260
- സ്കാൻ ലഭ്യമായ ഇടം: കണ്ണി