അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടുവായ മലയാണ്മനിഘണ്ടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. സി.എം.എസ് മിഷനറി ആയ റവറൻ്റ് റിച്ചാർഡ് കോളിൻസ് ആണ് ഇതിൻ്റെ രചയിതാവ്
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ യിൽ നിന്നുള്ള ഡിജിറ്റൽ സ്കാൻ ആണിത്..
അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു ആണിത്. ഇതിനു മുൻപ് വന്ന അച്ചടിച്ച 2 നിഘണ്ടുക്കൾ ബെഞ്ചമിൻ ബെയിലിയുടെ മലയാളംഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് മലയാളം നിഘണ്ടും ആണ്. ഈ ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു രചിക്കുന്ന സമയത്ത് റവ. റിച്ചാർഡ് കോളിൻസ് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൾ ആയിരുന്നു (Principal of the C.M.S. Syrian College എന്നാണ് ടൈറ്റിൽ പേജിൽ കാണുന്നത്). പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ Compiled under the direction of Richard Collins എന്നു കാണുന്നതിനാൽ റവ. റിച്ചാർഡ് കോളിൻസിനെ ഈ നിഘണ്ടു നിർമ്മാണത്തിന് ചിലർ സഹായിച്ചിരുന്നു എന്ന് അനുമാനിക്കാം. ആമുഖത്തിൽ നിന്ന് ഇത് രാമൻ വാരിയർ, സുബ്രഹ്മണ്യൻ പോറ്റി എന്നിവർ ആയിരുന്നെന്ന് മനസ്സിലാക്കാം.
പുസ്തകത്തിൻ്റെ ആമുഖത്തിൽ സംവൃതോകാരത്തെ പറ്റി റിച്ചാർഡ് കോളിൻസ് ചർച്ച ചെയ്യുന്നുണ്ട്. നിഘണ്ടുവിൽ ഉകാരം ആണ് സംവൃതോകാരത്തിനായി ഉപയോഗിക്കുന്നത്, ബെഞ്ചമിൻ ബെയിലി നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി അക്കാലത്തെ മറ്റു സി.എം.എസ് പുസ്തകങ്ങൾ പോലെ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിരിക്കുന്നു.
കോളിൻസിൻ്റെ ഈ നിഘണ്ടുവിനു ശേഷം അടുത്ത മലയാളം – മലയാളം നിഘണ്ടുവിനായി ശബ്ദതാരാവലി വരെ കാക്കേണ്ടി വന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്ടോപ്പോ/ഡെസ്ക്ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
- പേര്: മലയാണ്മനിഘണ്ടു/A Dictionary of The Malayalim Language
- രചയിതാവ്: റവറൻ്റ് റിച്ചാർഡ് കോളിൻസ്
- പ്രസിദ്ധീകരണ വർഷം: 1867
- താളുകളുടെ എണ്ണം: 668
- അച്ചടി: C.M.S Press, Kottayam
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി