1859 – വെദൊപദെശപുസ്തകം

കേരളകത്തോലിക്ക സഭയിൽ പെട്ടവരുടെ ഉപയോഗത്തിനായി 1859ൽ അക്കാലത്തെ വാരാപ്പുഴ മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresaയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ച വെദൊപദെശപുസ്തകം എന്ന പ്രാർത്ഥനാപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കർമ്മലീത്തസന്യാസിമാർ (OCD) ആണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം രചിച്ചിരിക്കുന്നത് എന്ന സൂചന ടൈറ്റിൽ പേജിൽ കാണാം.

പുസ്തകം അച്ചടിച്ചിരിക്കുന്നത് തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ ആണ്. 1850ൽ തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ നാരായണീയം അച്ചടിക്കാൻ ഉപയോഗിച്ച ചതുരവടിവുള്ള അതേ അച്ചാണ് ഈ പുസ്തകത്തിലെ പ്രധാന ഉള്ളടക്കം അച്ചടിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിലെ ഉള്ളടക്കത്തിനും പ്രാരംഭപേജുകളിലെ ചില ഉള്ളടക്കത്തിനും, ബെഞ്ചമിൻ ബെയിലി തിരുവിതാംകൂർ സർക്കാർ പ്രസ്സിനു കൊടുത്ത ഉരുണ്ടരൂപമുള്ള മലയാളമച്ചുകൾ തന്നെ ഉപയോഗിച്ചിരിക്കുന്നു.

ബെഞ്ചമിൻ ബെയിലി നിർമ്മിച്ചു കൊടുത്ത ഉരുണ്ട അച്ചിനു പകരം, അക്കാലത്തെ താളിയോലകളിലും ചില കൈയെഴുത്തുപ്രതികളിലും കണ്ടിരുന്ന ചതുരവടിവുള്ള അക്ഷരങ്ങളോട് സമാനമായ അച്ച് ഉപയോഗിച്ചിരിക്കുന്നത് ഒരു പക്ഷെ കൈയെഴുത്തിനോട് അടുത്തു നിൽക്കാനോ, ബെഞ്ചമിൻ ബെയിലി മലയാളലിപി ഉരുട്ടിയത് ഇഷ്ടപ്പെടാതിരുന്നവരുടെ എതിർപ്പ് മറികടക്കാനോ വേണ്ടിയാവാം.

ലിപിയുടെ കാര്യത്തിൽ അക്കാലത്തെ ഭൂരിപക്ഷ ഉപയോഗം പോലെ ഈ പുസ്തകത്തിലും ചന്ദ്രക്കലയോ ഏ/ഓ കാരങ്ങളോ അവയുടെ ഉപലിപികളോ ഇല്ല.

1859ൽ മാന്നാനത്ത് പ്രസ്സ് ഉണ്ടായിട്ടും ഈ പുസ്തകം  തിരുവിതാംകൂർ സർക്കാർ പ്രസ്സിൽ അച്ചടിച്ചതിനാൽ ഇത് കേരള ലത്തീൻ  കത്തോലിക്കരുടെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ചു എന്നതിനാൽ ആവാം.

പുസ്തകത്തിൻ്റെ തുടക്കത്തിൽ വാരാപ്പള്ളി മെത്രാൻ ആയിരുന്ന Bernardino Baccinelli of St. Teresa എഴുതിയ സുദീർഘമായ ആമുഖം കാണാം. ഇതിൽ അദ്ദേഹം കേരളക്രിസ്ത്യാനികൾക്ക് പ്രാർത്ഥനാപുസ്തകങ്ങൾ ഇല്ലാത്തതിനെ പറ്റിയും ആ കുറവ് തീർക്കാനുള്ള ഒരു ശ്രമം ആണ് ഈ പുസ്തകം എന്നും പറയുന്നു. അതിനു ശേഷം വിവിധ അവസരങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനകളും മറ്റും കാണാം. പ്രാർത്ഥനകൾക്ക് ശേഷം അവസാനം ഉള്ളടക്കപ്പട്ടിക കൊടുത്തിരിക്കുന്നു. തുടർന്ന് ശുദ്ധിപത്രവും.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1859 - വെദൊപദെശപുസ്തകം
1859 – വെദൊപദെശപുസ്തകം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വെദൊപദെശപുസ്തകം
  • പ്രസിദ്ധീകരണ വർഷം: 1859
  • അച്ചടി: The Government Press, Trivandrum
  • താളുകളുടെ എണ്ണം: 362
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *