കേരളത്തിൽ വേരുകളുള്ള Carmelite Sisters of St. Teresa (CSST) സന്ന്യാസിനി സമൂഹം നേതൃത്വം നൽകുന്ന ബാംഗ്ലൂരിലെ പ്രശസ്ത കോളേജായ മൗണ്ട് കാർമ്മൽ കോളേജ് ആർക്കൈവ്സിലെ ചില പ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള ധാരണാപത്രത്തിൽ 2023 ഒക്ടോബർ 18നു ബാംഗ്ലൂർ മൗണ്ട്കാർമ്മൽ കോളേജിൽ വെച്ച് കോളേജ് അധികാരികളും, ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രതിനിധികളും ചേർന്ന് ഒപ്പ് വെച്ചു.
ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജ് ഡയറക്ടർ സിസ്റ്റർ ആൽബിന, മൗണ്ട് കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോർജ്ജ് ലേഖ, അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സുജിൻ ബാബു ഫൗണ്ടേഷൻ പ്രതിനിധികളായ ജിസ്സോ ജോസ്, ഷിജു അലക്സ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിടുന്ന ചടങ്ങിൽ സംബന്ധിച്ചു.
1944ൽ തൃശൂരിൽ കാർമ്മൽ കോളേജ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനം 1948ൽ ബാംഗ്ലൂരിലേക്ക് മൗണ്ട് കാർമ്മൽ കോളേജ് എന്ന പേരിൽ മാറ്റി സ്ഥാപിച്ചു. ഇന്ന് ഇന്ത്യയിലെ എണ്ണപ്പെട്ട മികച്ച കോളേജുകളിൽ ഒന്നാണ് ഓട്ടോണോമസ് പദവിയുള്ള ബാംഗ്ലൂരിലെ മൗണ്ട് കാർമ്മൽ കോളേജ്. നിലവിൽ ഈ കോളേജിൽ പ്രീഡിഗ്രി/ ഡിഗ്രി തലത്തിൽ വനിതകൾ മാത്രമേ ഉള്ളൂ എങ്കിലും പിജി തലത്തിൽ കോ-എഡ് ആയി മാറിയിട്ടുണ്ട്. അടുത്ത വർഷം യൂണിവേഴ്സിറ്റി പദവി ലഭിക്കുമ്പോൾ പുർണ്ണമായി ഒരു കോ-എഡ് കോളേജ് ആയി മാറാനുള്ള ഒരുക്കത്തിലുമാണ് മൗണ്ട് കാർമ്മൽ കോളേജ്.
മൗണ്ട് കാർമ്മൽ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് HOD യും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. സുജിൻ ബാബു ആണ് ഈ പദ്ധതി പ്രാവർത്തികമാകുവാൻ മുൻകൈ എടുത്തത്. ഡോ. സുജിൻ ബാബുവിനു തന്നെ ആണ് ഇപ്പോൾ കാർമ്മൽ ആർക്കൈവ്സിൻ്റെ ചുമതല.
മൗണ്ട് കാർമ്മൽ കോളേജുമായി ബന്ധമുള്ളതും CSST സന്ന്യാസിനി സമൂഹവുമായി ബന്ധമുള്ളതുമായ ചില സുപ്രധാനരേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം പ്രഖ്യാപിക്കുന്ന നാലാമത്തെ പ്രധാന ഡിജിറ്റൈസേഷൻ പദ്ധതി ആണ് മൗണ്ട് കാർമ്മൽ കോളേജിലെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും, സി.കെ. മൂസതിൻ്റെ രചനകൾ ഡ്ജിറ്റൈസ് ചെയ്യുന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ആ പദ്ധതികളിൽ നിന്നുള്ള നിരവധി രേഖകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിൽ വന്നു കഴിഞ്ഞു.)