ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ / ഗ്രന്ഥപ്പുര വെബ് പോർട്ടൽ ഉൽഘാടന റിപ്പോർട്ട്

ആമുഖം

ഇന്ത്യൻ ഭാഷകളുമായി ബന്ധപ്പെട്ട പുരാരേഖകളുടെ ഡിജിറ്റൽ ശേഖരം നിർമ്മിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിച്ച ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻന്റെയും (https://indicarchive.org/) കേരള ഡിജിറ്റൽ രേഖകളുടെ വെബ് പോർട്ടലായ ഗ്രന്ഥപ്പുരയുടെയും, www. gpura.org  ന്റെയും ഉദ്‌ഘാടനം 30.10.2022 ഞായറാഴ്ച ഉച്ചക്ക്  2.30 ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിലെ ജൂനിയർ കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്നു . 

ഗ്രന്ഥപ്പുര – നാൾവഴി

 ഷിജു അലക്സ്  ഗ്രന്ഥപ്പുര പദ്ധതിയുടെ കഴിഞ്ഞ 12 വർഷത്തെ നാൾവഴി വിശദീകരിച്ചു. ഒരു ഹോബി എന്ന നിലയിൽ  തുടങ്ങിയ പരിപാടി ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ആയി എങ്ങനെ മാറി എന്ന് ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ ഷിജു അവതരിപ്പിച്ചു.

 

Watch Video Here

അദ്ധ്യക്ഷപ്രസംഗം

ഉൽഘാടന പരിപാടിയിൽ, മലയാളം റിസർച്ച് ജേർണൽ ചീഫ് എഡിറ്റർ. ഡോ. ബാബു ചെറിയാൻ  അദ്ധ്യക്ഷനായി. അദ്ധ്യക്ഷ പ്രസംഗത്തിൽ പുരാരേഖകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. ബാബു ചെറിയാൻ സംസാരിച്ചു. നൂറു പുതിയ പുസ്തങ്ങൾ പ്രസിദ്ധീകരിക്കുന്നതിനേക്കാൾ പുണ്യം ഒരു പുസ്തകം സംരക്ഷിക്കുന്നതിനാണെന്നും കേരളത്തിലെ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് വ്യക്തികളിൽ ആരും തന്നെ ചെയ്യാത്ത സംഭാവനകളാണ് ഷിജു അലക്സ് ഡിജിറ്റൈസേഷൻ   പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നതെന്നും  അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിന്റെയും മലയാളത്തിന്റെയും ഭാവി നിർണ്ണയിക്കുന്നതിൽ ഇന്ന് തുടക്കം കുറിക്കുന്ന ഈ സംരംഭങ്ങൾക്ക് നിർണ്ണായകമായ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Watch Video Here

ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉൽഘാടനം

 

ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ ഡോക്ടർ ഫാദർ ജോസ്. സി. സി.  ഫൌണ്ടേഷൻ ഉദ്‌ഘാടനം ചെയ്തു. അന്വേഷിക്കുന്നതിനനുസൃതമായി  പുതിയ കണ്ണികൾ ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ശൃംഖലയാണ് അറിവ്. അത് തേടിയുള്ള യാത്രകൾ പ്രകൃതിയെയും, മണ്ണിനെയും, മനുഷ്യനെയും, സസ്യജീവി വർഗ്ഗത്തെയും, ഭാഷയെയും സംസ്കാരത്തെയുമെല്ലാം ദീപ്തമാക്കികൊണ്ടിരിക്കും. ഷിജുവും ജിസ്സോയും കൈലാഷും  ഫൌണ്ടേഷൻ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത് ഈ മഹത്തായ സേവനമാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ പുതിയ യുഗത്തിൽ അറിവുകളുടെ കലവറയായി ലോകം മാറിക്കൊണ്ടിരിക്കുമ്പോൾ സൈബർ സ്പേസിന്റെ വിശാലാകാശത്തിനു കീഴിൽ വിജ്ഞാനത്തിന്റെയും വിനിമയത്തിന്റെയും വിസ്മയം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.  അതിനു സാഹചര്യം ഒരുക്കുന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൌണ്ടേഷൻ പ്രവർത്തകരെ അദ്ദേഹം മുക്തകണ്ഠം അഭിനന്ദിച്ചു . ഇൻഡിക്  ഡിജിറ്റൽ ആർക്കൈവ്  ഫൌണ്ടേഷൻ എന്ന അറിവിന്റെ  പൊതു  സഞ്ചയം തുറന്നിടുക വഴി എടുത്തോളൂ പഠിച്ചോളൂ പങ്കുവെച്ചോളൂ എന്ന മഹത്തായ ജീവിത ദർശനമാണ് ഇവർ നമ്മൾക്ക് കാണിച്ചു തരുന്നതെന്ന്  ഉദ്‌ഘാടന പ്രസംഗത്തിൽ  അദ്ദേഹം ഓർമ്മിപ്പിച്ചു. 

Watch Video Here

ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയെ കുറിച്ചുള്ള അറിയിപ്പ്

ഫൗണ്ടേഷന്റെ ആദ്യത്തെ പദ്ധതി ആയ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി ഡിജിറ്റൈസെഷൻ പദ്ധതി ഉൽഘാടനത്തിൻ്റെ ഭാഗമായി അനൗൺസ് ചെയ്തു. CMI സഭയുടെ മേജർ സെമിനാരി ആയ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ പഠിക്കുന്ന അച്ചന്മാർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രെഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി. ഈ ലൈബ്രറിയിലെ അൻപതിനായിരത്തോളം പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അമൂല്യ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയുടെ സമ്മതപത്രം ഷിജു അലക്സിന് നൽകികൊണ്ട്  ഡിജിറ്റൈസേഷൻ പദ്ധതി ബാംഗ്ലൂർ ധർമ്മാരാം കോളേജ്    ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഷിജുവിനു കൈമാറുകയും ചെയ്തു. 

Watch Video Here

ഗ്രന്ഥപ്പുര വെബ് പോർട്ടൽ ഉൽഘാടനം

പുസ്തക ചരിത്രകാരനും സാഹിത്യ നിരൂപകനുമായ ഡോ. പി. കെ. രാജശേഖരൻ കേരളരേഖകളുടെ ഡിജിറ്റൽ പതിപ്പുകൾ ഹോസ് ചെയ്യുന്ന വെബ് പോർട്ടൽ ആയ  “ഗ്രന്ഥപ്പുര” യുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.  

ആദ്യത്തെ മലയാളപുസ്തകം അച്ചടിച്ചിട്ട് 250 വർഷം ആയതിൻ്റെയും, കേരളത്തിൽ മലയാളം അച്ചടി ആരംഭിച്ച് 200 വർഷങ്ങൾ ആകുന്നതിൻ്റെയും വാർഷികത്തിൽ നമ്മൾ ആയിരിക്കുമ്പോൾ മലയാളപുസ്തക ചരിത്രത്തിലെ മൂന്നാം വിപ്ലവത്തിൻ്റെ ചരിത്രനിമിഷത്തിലാണ് നമ്മൾ എത്തി നിൽക്കുന്നതെന്ന് ഡോ. പി. കെ. രാജശേഖരൻ ആമുഖമായി പ്രസ്താവിച്ചു. ഷിജു അലക്സിനും ജിസ്സോ ജോസിനും കൈലാഷ് നാഥിനും ഇത്  ചെറിയ ചുവടുവെപ്പുകൾ ആയിരിക്കാം. എന്നാൽ മലയാളിയെ സംബന്ധിച്ച് ഇത് വലിയ ഒരു കുതിച്ചു ചാട്ടം ആണ്. ഒരു വലിയ ഡിജിറ്റൽ ക്വാണ്ടം ലീപിലേക്കാണ് ഇവിടെ നമ്മൾ മലയാളികൾ ഒത്തുചേരുന്നത്.

ജോലിക്കു വേണ്ടി സ്വദേശത്ത് നിന്ന് അകന്ന് മറ്റൊരു ഇന്ത്യൻ നഗരത്തിൽ എത്തിപ്പെട്ട ഏതാനും ചെറുപ്പക്കാർ, ഒരു ലാഭേച്ഛയും കൂടാതെ മലയാളിയുടെ ഭാവി ജീവിതത്തിനു വേണ്ടി കേരളത്തിൻ്റെ പുരാസഞ്ചയമത്രയും, നമ്മുടെ ഭൂതകാലത്തെ മുഴുവൻ ഭാവിയിലേക്ക് ആർക്കൈവ് ചെയ്യുന്ന, ഭാവിയിലേക്ക് രേഖപ്പെടുത്തി വെക്കുന്ന പദ്ധതിക്കു തുടക്കം കുറിക്കുന്ന അസാധാരണമായൊരു ചരിത്രനിമിഷത്തിനു സാക്ഷിയാകാൻ കഴിഞ്ഞതിൽ എനിക്ക്  അങ്ങേയറ്റം സന്തോഷമുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു.     

എക്കാലത്തും മനുഷ്യനെയും ലോകത്തെയും മാറ്റിയ ആശയങ്ങൾ സൂക്ഷിക്കപ്പെട്ട ഏറ്റവും ദുർബ്ബലമായ വസ്തുവാണ് പുസ്തകങ്ങളെന്നും അവ സംരക്ഷിക്കപ്പെടണമെങ്കിൽ ഡിജിറ്റൽ ആർക്കിവിങ് മാത്രമാണ്  അതിനുള്ള ഏക ഉപാധിയെന്നും അദ്ദേഹം പറഞ്ഞു. ലോകം സ്മൃതി നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഓർമ്മകളുടെ ആർക്കൈവിങ് കൂടിയാണ് ഫൌണ്ടേഷൻ നടപ്പിലാക്കുന്നത്. അത് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. കേരളത്തിന്റെയും മലയാളത്തിന്റെയും പുരാരേഖ സഞ്ചയങ്ങൾ ഭാവി തലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുന്ന ഷിജുവിന്റെയും കൂട്ടുകാരുടെയും ഉദ്യമം അങ്ങേയറ്റം ശ്ലാഘനീയമാണ്. 

https://gpura.org/ എന്ന ഗ്രന്ഥപ്പുര വെബ് പോർട്ടൽ ലോക മലയാളത്തിനായി  അദ്ദേഹം  തുറന്നു കൊടുത്തു

Watch  Video here

ഡിജിറ്റൽ മാധ്യമങ്ങളുടെ ആർക്കൈവിങ് പ്രശ്നങ്ങളും സാധ്യതകളും

മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് എഡിറ്റോറിയൽ അഡ്വൈസറുമായ എം. ജി. രാധാകൃഷ്ണൻ  “ഡിജിറ്റൽ മാധ്യമങ്ങളുടെ ആർക്കൈവിങ് പ്രശ്നങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ഒരു സാങ്കേതിക വിദ്യയിൽ നിന്നും മറ്റൊന്നിലേക്ക് മാറുമ്പോൾ ഒരുപാടു സാധ്യതകൾ നമ്മൾക്ക് മുൻപിലുണ്ടാക്കും. അതോടൊപ്പം തന്നെ കുറച്ചു നഷ്ടങ്ങളും സഹിക്കേണ്ടതായി വരും. അച്ചടി പുസ്തകങ്ങളിൽ നിന്നും ഓൺലൈൻ വായനയിലേക്ക് മാറുമ്പോൾ നൈസർഗ്ഗിക വായനാ സുഖം നഷ്ടപ്പെടുന്നുണ്ട്. അപ്രകാരം ഡിജിറ്റൽ സാങ്കേതിക വിദ്യ ഇരുതല മൂർച്ചയുള്ള വാളു പോലെയാണ്. ടെലിവിഷൻ മാധ്യമ രംഗത്തെ ആർക്കൈവിങ് പ്രതീക്ഷക്ക് വക നൽകാത്തതാണ്. കേരള ചരിത്രത്തെയും മലയാളത്തെയും  രേഖപ്പെടുത്തുന്ന ദൃശ്യ ശേഖരം വളരെ വളരെ കുറവാണ്. സാങ്കേതിക വിദ്യയുടെ അതിവേഗത  പഴയ തലമുറക്ക് ഉൾക്കൊള്ളാൻ പറ്റാത്ത കാരണം വിലപ്പെട്ട പല വിവര ശേഖരങ്ങളും നമ്മൾക്ക് നഷ്ടമായിപ്പോയിട്ടുണ്ട്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആകുമെന്ന് കരുതിയിരുന്ന സാങ്കേതികവിദ്യയുടെ ഫലാനുഭവങ്ങൾ  പിന്നീട് കോർപറേറ്റുകളുടെ നീരാളിപ്പിടുത്തത്തിൽ ആകുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. Watch Video Here

 

ഡോ. സ്കറിയ സക്കറിയ അനുസ്മരണം 

മാതൃഭൂമി സബ് എഡിറ്ററും ഡോക്ടർ സ്കറിയ സക്കറിയയുടെ ഗവേഷണങ്ങളുമായി സഹകരിച്ചു കൊണ്ട് ഇരുപത്തഞ്ചു വർഷക്കാലം പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള  സി. പി. ബിജു. ഭാഷാ പണ്ഡിതൻ യശശ്ശരീരനായ ഡോക്ടർ സ്കറിയ സക്കറിയയെ അനുസ്മരിച്ചു സംസാരിച്ചു.  

അദ്ദേഹത്തിന്റെ കൃതികളിൽ മിക്കതും ആമുഖ പഠനങ്ങളോ അനുബന്ധ പഠനങ്ങളോ ആണ്. ഗുണ്ടർട്ടിന്റെ നൂറ്റി അൻപതാം ജന്മവാർഷികവുമായി ബന്ധപ്പെട്ട ജർമ്മനിയിൽ നടന്ന ഒരു മഹാസമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ശേഖരത്തിൽ നിന്നും കേരളവുമായി ബന്ധപ്പെട്ട തലശ്ശേരി രേഖകൾ, അഞ്ചടി ആനപ്പാട്ട്, പഴശ്ശി രേഖകൾ തുടങ്ങി പയ്യന്നൂർ പാട്ടുകൾ ഉൾപ്പടെ പല കൃതികളും കണ്ടെടുത്തത്.  അതെല്ലാം തന്നെ പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മനുഷ്യ ജീവിതത്തിൽ നിന്നും അറിവ് ഉൾക്കൊള്ളണമെന്നും ആ അറിവാണ് യഥാർത്ഥ അറിവെന്നും അദ്ദേഹം ഓർമ്മപ്പെടുത്താറുള്ള കാര്യം ബിജു പരാമർശിച്ചു. 

Watch Video here

ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ കുറിച്ചുള്ള അറിയിപ്പ്

നാഷണൽ സ്കൂൾ ഓഫ് ലോ അസ്സോസിയേറ്റ് പ്രൊഫെസ്സറും ഡോക്ടർ സ്കറിയ സക്കറിയയുടെ മകനുമായ ഡോക്ടർ അരുൾ സ്കറിയ പിതാവിന്റെ പുസ്തകങ്ങൾ  ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റി അറിയിച്ചു. 

ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ  ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ്  ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ വിദ്യാർത്ഥികളും സഹപ്രവർത്തകരും കുടുംബാങ്ങങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്.  അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ്  ഫൗണ്ടേഷൻ വഴിയായി   ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി അരുൾ വെളിപ്പെടുത്തിയത്,  

Watch Video here

ഫൗണ്ടേഷൻ്റെ വിഷൻ – ജിസോ ജോസ്

ഫൗണ്ടേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് സ്ഥാപക പ്രവർത്തകനായ ജിസ്സോ ജോസ് വിവരിച്ചു. കൂടുതൽ ഡിജിറ്റൈസ്സേഷൻ കേന്ദ്രങ്ങൾ, മൊബൈൽ യൂണിറ്റുകൾ ഉൾപ്പെടെ തുടങ്ങാൻ പരിപാടി ഉണ്ടെന്നും ബെംഗളൂരുവിലെയും കർണ്ണാടകത്തിലെയും ഡിജിറ്റെസേഷനു  ശേഷം മറ്റ് നഗരങ്ങളിലേക്കും കേരളത്തിലേക്കും പ്രവർത്തനങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.പുസ്തങ്ങൾ മാത്രമല്ല താളിയോലകൾ, ഓഡിയോ, വീഡിയോ, ഫോട്ടോകൾ അങ്ങനെ  എല്ലാ തരത്തിലുള്ള രേഖകളും ഡിജിറ്റെസേഷനിൽ ഉൾപ്പെടുത്തുമെന്നും അറിയിച്ചു. യൂണിവേഴ്സിറ്റികളും  മറ്റ് ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ പദ്ധതികളും വിദ്യാർഥി ഇൻ്റേൺഷിപ്പ് പരിപാടികളും ഉണ്ടാവുമെന്നും അദ്ദേഹം  അറിയിച്ചു. 

Watch Video here

ഹൈക്കെയുടേയും ഓഫിറയുടെയും വീഡിയോ സന്ദേശങ്ങൾ

ഗുണ്ടർട്ട് ലെഗസി എന്ന പദ്ധതിയിലൂടെ ജൻമ്മനിയിലെ ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിലെ ഗുണ്ടർട്ട് ശേഖരം  ഡിജിറ്റൈസ് ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ച ട്യൂബിങ്ങൻ യൂണിവേഴ്സിറ്റി  ഇൻഡോളജി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ  ഡോക്ടർ .ഹൈക്കെ ഒബെർലിൻ വീഡിയോ സന്ദേശത്തിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു. ഗുണ്ടർട്ട് ലെഗസി പദ്ധതിയുമായി ബന്ധപ്പെട്ട്  2012 മുതൽ ഷിജു അലക്സിനെ വ്യക്തിപരമായി അറിയാമെന്നും ഈ പദ്ധതി പൂർണ്ണമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്‌തുത്യർഹമാണെന്നും സന്ദേശത്തിൽ ഹൈക്കെ പറഞ്ഞു. പദ്ധതി വിജയപ്രദമായി നടപ്പിലാക്കാൻ കുറച്ചധികം വർഷങ്ങൾ എടുത്തു. ഷിജു അലക്സും സഹപ്രവർത്തകരും പത്തൊൻപതാം നൂറ്റാണ്ടിലെ ഗുണ്ടർട്ട് രേഖകൾ വായിക്കുന്നതിലും അന്ന് ഉപയോഗിച്ചിരുന്ന ഭാഷാ ചിഹ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്കാൻ ചെയ്ത രേഖകൾ പൊതു സഞ്ചയത്തിൽ വിന്യസിക്കുന്നതിലും നേരിട്ട പ്രായോഗിക ബുദ്ധിമുട്ടുകളും ഹൈക്കെ  എടുത്തു പറയുകയുണ്ടായി.  Watch Video here

ഗ്ലാസ്‌ഗോ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോക്ടർ. ഓഫിറ ഗമാലിയേൽ  വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.  കേരളത്തിന് സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യമുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, താളിയോലകളും, മറ്റു ആർട്ടിഫാക്ടുകളും നാശോന്മുഖത നേരിടുന്നുണ്ടെന്നും പറഞ്ഞു. ഇവയെ സംരക്ഷിക്കേണ്ട ചരിത്രപരമായ ദൗത്യമാണ് ഷിജു അലക്സും കൂട്ടുകാരും  ചെയ്തുകൊണ്ടിരിക്കുന്നത്. അറബി മലയാളം രെഖകളുമായി ബന്ധപ്പെട്ട രണ്ട് ഡിജിറ്റൈസേഷൻ പദ്ധതികളിൽ തനിക്കു ഷിജു അലക്സുമായി നേരിട്ടു സഹകരിക്കാൻ ഇടയായിട്ടുണ്ട്. ഈ ഡിജിറ്റൈസേഷൻ പ്രക്രിയയിൽ ഇവർ നേരിട്ട സാങ്കേതിക വെല്ലുവിളികൾ പലതാണ്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ പ്രശ്നങ്ങൾ, വെളിച്ച വിതാനം, ഇമേജ് ക്വാളിറ്റി,  ആർക്കൈവിങ്, കാറ്റലോഗിങ്, ശേഖരങ്ങൾ സ്കാനിങ്ങിനായി എത്തിക്കേണ്ട വൈഷമ്യങ്ങൾ തുടങ്ങി അനേകം പ്രശ്നങ്ങൾ പരിഹരിച്ചു വേണം ഡിജിറ്റൈസേഷൻ പൂർത്തീകരിക്കുവാനെന്നും ഓഫിറ തൻ്റെ ആശംസ സന്ദേശത്തിൽ  പരാമർശിച്ചു.  Watch Video here

ആദരിക്കൽ

കഴിഞ്ഞ 12 വർഷത്തെ കാലയളവിൽ ഡിജിറ്റൈസേഷൻ പദ്ധതികളിൽ  സ്തുത്യർഹമായ സന്നദ്ധ പ്രവർത്തനം നൽകിയ രാജേഷ് ഒടയഞ്ചാൽ, ജുനൈദ്. പി. വി, സുഗീഷ്. ജി , ടോണി ആന്റണി, റോജി പാലാ, ശ്യാം മോഹൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. Watch Video here

ആശംസാ സന്ദേശങ്ങൾ

മലയാളം മിഷൻ കർണാടക സംസ്ഥാന അധ്യക്ഷൻ കെ. ദാമോദരൻ  ആശംസകളർപ്പിച്ചു സംസാരിച്ചു.  മനോഹരമായ ഒരു നാടൻ പാട്ടും അദ്ദേഹം ആലപിച്ചു. 

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് പ്രതിനിധി ജോയ്‌സ് ജോസഫ്, ബാംഗ്ലൂർ കേരള സമാജം പ്രതിനിധി ടി. എം. ശ്രീധരൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രതിനിധി  മുരളീധരൻ, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ആൻഡ് ആര്ടിസ്റ്റ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, പുരോഗമന കലാ സാഹിത്യ സംഘം കർണാടക പ്രസിഡന്റ് സുരേഷ് കോഡൂർ, തനിമ സാംസ്‌കാരിക വേദി പ്രതിനിധി അനീസ്. സി. സി  എന്നിവരും ആശംസ പ്രസംഗങ്ങൾ നടത്തി. 

ഡോക്ടർ. മെറിൻ ജിസ്സോ പരിപാടികൾ നിയന്ത്രിച്ചു. സതീഷ് തോട്ടശ്ശേരി സ്വാഗതവും, ഷിജു അലക്സ് പദ്ധതിയുടെ ഇതുവരെയുള്ള നാൾവഴിയും, ജിസ്സോ ജോസ് നന്ദിയും പറഞ്ഞു.