1952 – ബി വി ബുക്ക് ഡിപ്പോ വിലവിവരപ്പട്ടിക

1952- ൽ ബി വി ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച കാറ്റലോഗിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മലയാള പുസ്തക പ്രസാധന ചരിത്രത്തിൽ പ്രധാന നാഴികക്കല്ലായിരുന്നു 1903-ൽ കളക്കുന്നത്ത് രാമൻ മേനോൻ സ്ഥാപിച്ച ബി വി ബുക്ക് ഡിപ്പൊ എന്ന പേരിൽ അറിയപ്പെട്ട ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ എന്ന സംരംഭം. തിരുവനന്തപുരത്ത് വെച്ച് സുഹൃത്തായ നന്ത്യാർ വീട്ടിൽ പരമേശ്വരൻ പിള്ള എഴുതിയ ഒരു ചെറിയ പുസ്തകം ആണ് മേനോൻ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. അത് ആ വർഷം തന്നെ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വർഷങ്ങളിൽ എ ആർ രാജരാജവർമ്മ, കേരളവർമ്മ വലിയ കോയിത്തമ്പുരാൻ എന്നിവരുമായി ചേർന്ന് ഭാഷയും സാഹിത്യവും അഭിവൃദ്ധിപ്പെടുത്തുന്നതിനായി ധാരാളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

1891-ൽ സി വി രാമൻ പിള്ള തൻ്റെ കൃതിയായ മാർത്താണ്ഡവർമ്മ പ്രസിദ്ധീകരിച്ചെങ്കിലും കാര്യമായ വായനയും വില്പനയും ഉണ്ടായില്ല. 1911-ൽ മാർത്താണ്ഡവർമ്മയുടെ പരിഷ്കരിച്ച പതിപ്പ് ബി വി ബുക്ക് ഇറക്കുകയും വില്പനയുടെ ചരിത്രത്തിൽ റെക്കൊർഡ് സൃഷ്ടിക്കുകയും ചെയ്തു. നൂറ്റാണ്ടിനെ മറികടന്ന കൃതി അങ്ങനെ അന്നു തന്നെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. കേരള പാണിനീയം, ശബ്ദശോധിനി, മധ്യമവ്യാകരണം,  ഭാഷാഭൂഷണം, വൃത്തമഞ്ജരി,സാഹിത്യസാഹ്യം, ഭാഷാ നൈഷധം ചമ്പു, നാരായണീയം, ഉണ്ണുനീലി സന്ദേശം എന്നിങ്ങനെ ഒട്ടനവധി സാഹിത്യ വ്യാകരണ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ബി വി ബുക്ക് ഡിപ്പൊ ആണ്.

എത്ര നല്ല ഗ്രന്ഥങ്ങൾ എഴുതിയാലും അന്നത്തെ കാലത്ത് പ്രതിഫലം ലഭിച്ചിരുന്നില്ല. എഴുത്തുകാർക്ക് ആദ്യമായി പ്രതിഫലം നൽകിയത് ബി വി ബുക്ക് ഡിപ്പൊ ആണ്. പ്രസാധന രംഗം വിപുലമായതോടെ കമലാലയം എന്ന പേരിൽ സ്വന്തമായി ഒരു അച്ചുകൂടവും രാമൻ മേനോൻ പ്രവർത്തനമാരംഭിച്ചു. സാഹിത്യ- സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ വൈവിധ്യമായ വിഷയങ്ങളിൽ വിമർശനാത്മകമായി ഇടപെടുന്നതിനായി 1918-ൽ സമദർശി എന്ന പേരിൽ ഒരു വാരികയും അദ്ദേഹം തുടങ്ങി.

കാറ്റലോഗിലെ ചില പുസ്തകങ്ങളിൽ ഒന്നാം തരം രണ്ടാം തരം എന്ന് കാണാം. ഇങ്ങനെ തരം തിരിച്ചിരിക്കുന്നത് പേജിൻ്റെ ക്വാളിറ്റി അനുസരിച്ചാണോ എന്ന് നിശ്ചയമില്ല

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബി വി ബുക്ക് ഡിപ്പോ വിലവിവരപ്പട്ടിക
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: ബി വി ബുക്ക് ഡിപ്പോ ആൻ്റ് പ്രിൻ്റിങ് വർക്സ്
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *