2006-ൽ പി ഗോവിന്ദപ്പിള്ള രചിച്ച മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ആദ്യം ട്രേഡ് യൂണിയൻ പ്രവർത്തകനും പിന്നീട് ഓർതഡോക്സ് സഭയിൽ വൈദികനും ആ സഭയുടെ ഡെൽഹി മെത്രാനും ആയ പൗലൂസ് മാർ ഗ്രിഗോറിയോസിന് (ചുവപ്പ് മെത്രാൻ എന്ന് അറിയപ്പെട്ടിരുന്നു) മാർക്സിസത്തോടുണ്ടായിരുന്ന പ്രകടമായ ആഭിമുഖ്യം പഠനവിധേയമാക്കുന്ന പുസ്തകമാണിത്. മാർക്സിസ്റ്റ് സൈദ്ധാന്തികനായ ഗ്രന്ഥകാരന് അദ്ദേഹവുമായി സുഹൃദ് ബന്ധവും ഉണ്ടായിരുന്നു. പുസ്തകത്തിൻ്റെ ഭാഗം 1-ൽ 7 അധ്യായങ്ങളിലായി ഗ്രിഗോറിയോസിൻ്റെ ജീവചരിത്രം സംഗ്രഹിക്കുന്നു. ഭാഗം 2, 3 എന്നിവയിൽ ക്രൈസ്തവ തിയോളജിയുടെ ആന്തരിക വിഭാഗമായ പൗരസ്ത്യ ഓർതഡോക്സ് ദൈവശാസ്ത്രം ഗ്രന്ഥകാരൻ വിശദമായി ചർച്ചയാക്കുന്നത് (അധ്യായം 8 മുതൽ 22 വരെ) മറ്റ് പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അനുമാനിക്കാം. ഭാഗം 4-ൽ (ശാസ്ത്രം മാർക്സിസം) ഗ്രിഗോറിയോസും മാർക്സിസ്റ്റ് ചിന്തയും തമ്മിൽ ഏറെക്കുറെ യോജിക്കുന്നതായി സ്ഥാപിക്കുന്നു. അവസാന കാലഘട്ടത്തിൽ, മതനിരപേക്ഷത അഭികാമ്യമെന്ന മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊള്ളുന്ന “വിശ്വമാനവികത”ക്കു വേണ്ടി ഗ്രിഗോറിയോസ് വാദിച്ചതിൻ്റെയും, അതിനോട് വിയോജിച്ചുകൊണ്ട് പി ഗോവിന്ദപ്പിള്ള, ഇ എം എസ് എന്നിവർ പ്രതികരിച്ചതിൻ്റെയും സംവാദ അവതരണം അവസാന 5 അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർ ഗ്രിഗോറിയോസിൻ്റെ മതവും മാർക്സിസവും
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2006
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 260
- സ്കാൻ ലഭ്യമായ ഇടം: കണ്ണി