1979 ൽ പ്രസിദ്ധീകരിച്ച ഇ. മാധവൻ രചിച്ച സ്വതന്ത്ര സമുദായം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
തിരുവിതാംകൂറും കൊച്ചിയും ഹിന്ദു രാജാക്കന്മാരും മലബാർ ബ്രിട്ടീഷ് കാരും സ്വേച്ഛാഭരണം നടത്തിയിരുന്ന 1934 ൽ ആയിരുന്നു ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പുസ്തകത്തിൻ്റെ ആശയങ്ങൾ ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായതിനാൽ തിരുവിതാംകൂർ ഭരണകൂടം പുസ്തകങ്ങൾ കണ്ടുകെട്ടുകയും, കൊച്ചി ബ്രിട്ടീഷ് ഭരണകൂടങ്ങൾ പുസ്തകത്തിനു് നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. കേരളത്തിൽ ആശയപരമായ വിപ്ലവമുന്നേറ്റത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയ പുസ്തകങ്ങളിലൊന്നാണ് സ്വതന്ത്രസമുദായം.
ചിന്തകനും, എഴുത്തുകാരനും, എസ്. എൻ. ഡി. പി യോഗം, സഹോദര സംഘം, യുക്തിവാദം, തീയ്യ യുവജനസംഘം, നിവർത്തനം എന്നീ പുരോഗമന പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു പുസ്തകരചയിതാവായ ഇ. മാധവൻ. സ്വതന്ത്രസമുദായം എന്നതു കൊണ്ട് രചയിതാവ് വിഭാവനം ചെയ്തത് ഈഴവ സമുദായത്തെയാണ്. ഈഴവർ ഹിന്ദുക്കളല്ലെന്നും, ഹിന്ദു മതത്തിൽ നിന്നും ദ്രോഹവും അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഈഴവർ യാതൊരു മതവുമായും ബന്ധമില്ലാതെ സ്വതന്ത്രരായി ജീവിക്കണമെന്ന പ്രമേയമാണ് ഗ്രന്ഥകർത്താവ് പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നത്. അതോടൊപ്പം തന്നെ ഹിന്ദുമതത്തിൻ്റെ പോരായ്മകളും, പൊരുത്തക്കേടുകളും, ഹിന്ദു വിശ്വാസങ്ങളിലെ ദൈവങ്ങൾ, ആരാധനാലയങ്ങൾ, ബ്രാഹ്മണമേധാവിത്വം എന്നിവയിലെ പൊള്ളത്തരങ്ങളും തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: സ്വതന്ത്ര സമുദായം
- രചന: E. Madhavan
- പ്രസിദ്ധീകരണ വർഷം: 1979
- താളുകളുടെ എണ്ണം: 258
- അച്ചടി: Kumari Printing Works, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി