ഗണിതശാസ്ത്ര വിഷയത്തിൽ കേരളത്തിൻ്റെ മഹത്തായ സംഭാവനകളെ പറ്റി സി.കെ. മൂസ്സത് 1980ൽ പ്രസിദ്ധീകരിച്ച പ്രാചീനഗണിതം മലയാളത്തിൽ എന്ന പ്രശസ്തപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നിരവധി പ്രാചീനഗണിതശാസ്ത്രഗ്രന്ഥങ്ങൾ പരിശോധിച്ചും മറ്റുമാണ് താൻ ഈ പുസ്തകം തയ്യാറാക്കിയത് എന്ന ഗ്രന്ഥകാരനായ സി.കെ. മൂസത് പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. വിജ്ഞാനകൈരളി മാസികയിൽ ഈ വിഷയം സംബന്ധിച്ച് ചില ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് എന്ന സൂചന ആമുഖത്തിൽ ഉണ്ട്. അതിനെ വികസിപ്പിച്ച് ഒരു PhD എടുക്കാം എന്ന മോഹം തനിക്ക് ഉണ്ടായെങ്കിലും ബാച്ചിലർ ബിരുദക്കാരനു PhDക്ക് രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന സർവകലാശാല നിബന്ധന മൂലം അത് നടന്നില്ല. എന്നാൽ തുടർന്ന് മദ്ധ്യകാല ഗണിതം മലയാളത്തിൽ എന്ന ഒരു പ്രബന്ധം താൻ ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു. അതൊക്കെയാണ് ഈ പുസ്തകത്തിൻ്റെ പിറവിക്ക് കാരണമായത് എന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു.
ഈ പുസ്തകത്തിലൂടെ താൻ കേരളത്തിൻ്റെ പഴയകാലഗണിതശാസ്ത്രമഹത്വത്തെ പറ്റി മനഃപായസമുണ്ണുവാനല്ല മറിച്ച് ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൻ്റെ ധൈഷണിക നിലവാരം ഉയർത്താൻ ചുണക്കുട്ടികൾ ഉണ്ടാകും എന്നാണ് തൻ്റെ പ്രതീക്ഷ എന്ന് അദ്ദേഹം പറയുന്നു. കൂടുതൽ കേരളീയ ഗണിതപ്രതിഭകൾ ഉണ്ടാകും എന്നാണ് എന്നാണ് തൻ്റെ പ്രത്യാശ എന്നും അവർക്ക് വേണ്ടിയാണ് ഈ ഗ്രന്ഥം എന്നും അദ്ദേഹം പറയുന്നു.
കണക്കതികാരം പോലെയുള്ള ചില പ്രാചീന കേരളഗണിതഗ്രന്ഥങ്ങളെ കുറിച്ചും കേരളീയർ ഉപയോഗിച്ചിരുന്ന സംഖ്യാവ്യവസ്ഥ, അക്ഷരസംഖ്യകൾ, ഭിന്നങ്ങൾ, ശബ്ദസംഖ്യകൾ, നെൽ കണക്ക്, പാക്കുകണക്ക്, പൊൻ കണക്ക്, ഭൂമിയുടെ കണക്ക്, പലിശക്കണക്ക്, മാസശമ്പളക്കണക്ക് തുടങ്ങി പലതരം കണക്കുകളെക്കുറിച്ചും എല്ലാം അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: പ്രാചീനഗണിതം മലയാളത്തിൽ
- രചന: സി.കെ. മൂസ്സത്
- പ്രസിദ്ധീകരണ വർഷം: 1980
- താളുകളുടെ എണ്ണം: 228
- അച്ചടി: Vijnanamudranam Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി