1960കളുടെ അവസാനവും 1970കളിലുമായി പ്രസിദ്ധീകരിക്കപ്പെട്ട മലയാളസിനിമാപാട്ടുപുസ്തകങ്ങളുടെ ശേഖരം, ഇരിങ്ങാലക്കുടയിലുള്ള വി.ആർ. സുകുമാരൻ ഡിജിറ്റൈസേഷനായി ലഭ്യമാക്കിയതിലെ 74 സിനിമാ പാട്ടു പുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക് – 74 പാട്ടു പുസ്തകങ്ങൾ
1960കളിലും 1970കളിലും ഒക്കെ ഓരോ മലയാള സിനിമ ഇറങ്ങുമ്പോഴും അതിലെ പാട്ടുകളും സിനിമയുടെ കഥാസാരവും അടങ്ങുന്ന സിനിമാപാട്ടുപുസ്തകങ്ങൾ പൊതുസമൂഹത്തിൽ ജനപ്രിയമായ പ്രസിദ്ധീകരണം ആയിരുന്നു. പിൽക്കാലത്ത് കഥാസാരം ഒഴിവാക്കി വിവിധ സിനിമകളിലെ പാട്ടുകൾ ചേർത്തുള്ള സിനിമാപാട്ടുപുസ്തകങ്ങളായി അതിൻ്റെ രൂപം മാറി. ഇത്തരം മലയാളസിനിമാ പ്രസിദ്ധികരണങ്ങൾ വാങ്ങുകയും, അത് സൂക്ഷിച്ചു വെക്കുകയും അത് ഇടയ്ക്ക് പരിശോധിക്കുകയും ഒക്കെ ചെയ്യുന്നത് പലരുടെയും ഹോബി ആയിരുന്നു. ഒന്നൊന്നര പതിറ്റാണ്ടു മുൻപു വരെ ഇത്തരം പാട്ടുപുസ്തകങ്ങൾ ജനപ്രിയമായിരുന്നു. ഇപ്പോൾ അത്തരം സമാന്തര പ്രസിദ്ധീകരണങ്ങളുടെ അച്ചടിയും പ്രചരണവും ഏകദേശം അവസാനിച്ചിരിക്കുന്നു.
ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ റോഡിൽ വെളുത്തേടത്തുപ്പറമ്പിൽ വി.ആർ. സുകുമാരൻ ശ്രദ്ധേയനാകുന്നത് മുൻകാല മലയാളസിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങി എന്നതു കൊണ്ടു മാത്രമല്ല, അത് നശിച്ചു പോകാതെ സൂക്ഷിച്ചു വെക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതിൽ കൂടാണ്. കഴിഞ്ഞ അൻപതുവർഷത്തിൽ അധികമായി അനശ്വരഗാനങ്ങൾ അടങ്ങിയ അഞ്ഞൂറോളം പാട്ടുപുസ്തകങ്ങൾ അദ്ദേഹം നിധി പോലെ കാത്തുസൂക്ഷിച്ചു. സാഹിത്യത്തിലും സംഗീതത്തിലും ആഴമായ അഭിനിവേശം ഉണ്ടായിരുന്ന സുകുമാരൻ കുട്ടിക്കാലം മുതൽ പാട്ടുപുസ്തകങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു. സ്ക്കൂൾ കാലഘട്ടത്തിൽ ബുധനാഴ്ചകളിൽ നടത്തിവന്നിരുന്ന സാഹിത്യസമാജം പരിപാടിയിൽ പാട്ടുകൾ പാടുവാൻ വേണ്ടിയാണ് അദ്ദേഹം പാട്ടുപുസ്തകങ്ങൾ വാങ്ങി തുടങ്ങിയത്. ടെലിവിഷൻ, ഇൻ്റർനെറ്റ് സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പാട്ടാസ്വദിക്കാൻ അന്നത്തെ പ്രാദേശികകച്ചവടക്കാർക്കിടയിൽ നിന്നാണ് ഈ പുസ്തകങ്ങൾ അദ്ദേഹം വാങ്ങിരുന്നത്. പതിമൂന്നാം വയസിൽ തുടങ്ങിയ സമാഹരണം ഒരു ശീലമായി,കല്ലേറ്റുംകരയിൽ ജോലി കിട്ടുന്നതുവരെ അതു തുടർന്നു. പത്താം ക്ലാസിനു ശേഷം കൂത്തുപറമ്പിലുള്ള പ്ലാസ്റ്റിക് കളിക്കോപ്പ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത്, ആഴ്ചയിലൊരിക്കൽ എറണാകുളത്തേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്ന സമയത്തും അതാത് ആഴ്ച്ചകളിലിറങ്ങുന്ന മലയാള സിനിമാപാട്ടുപുസ്തകങ്ങൾ അദ്ദേഹം വാങ്ങിക്കൂട്ടി. സിനിമാപ്പാട്ടുപുസ്തകങ്ങൾക്കു പുറമെ ഇപ്പോൾ പ്രസിദ്ധീകരണം നിർത്തിയ മറ്റു പല പുസ്തകങ്ങളും അദ്ദേഹത്തിൻ്റെ ശേഖരത്തിൽ നമുക്കു കാണാൻ സാധിക്കും. മലയാള സിനിമാഗാനങ്ങളെ കുറിച്ച് ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, സംഗീത പ്രേമികൾക്കും ഒരു പോലെ പ്രയോജനപ്രദമാകും അദ്ദേഹത്തിൻ്റെ പുസ്തകശേഖരം എന്നു നിസ്സംശയം പറയാം.
വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകളും വീഡിയോ ലിങ്കുകളും ചുവടെ ചേർക്കുന്നു.
വാർത്ത 1
വാർത്ത 2
https://www.mathrubhumi.com/videos/news-in-videos/malayalam-song-books-collection-1.10505299
വി.ആർ. സുകുമാരൻ്റെ ഈ അപൂർവ്വ ശേഖരത്തെ പറ്റി വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച ഗ്രന്ഥപ്പുരയുടെ സ്നേഹിതർ അദ്ദേഹത്തെ അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കാമോ എന്ന അഭ്യർത്ഥനയുമായി സമീപിച്ചു. അദ്ദേഹം സന്തോഷത്തോടെ അതിനു സമ്മതിച്ചു. അതിനു നേതൃത്വം നൽകിയത് ഗ്രന്ഥപ്പുരയുടെ സ്നേഹിതനും, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സർക്കാർ കോളേജിലെ അദ്ധ്യാപകനുമായ ഡോ. സി.വി. സുധീർ
ആണ്. ശേഖരം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ വി.ആർ. സുകുമാരനോടും അതിനു സഹായിച്ച ഡോ. സുധീർ സി.വി. യോടുമുള്ള നന്ദി അറിയിക്കട്ടെ.
മിക്കവാറും ഒക്കെ 1970കളിലെ സിനിമാപ്പാട്ടുപുസ്തകങ്ങൾ ആണിത്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്തു പങ്കുവെക്കുന്ന ഈ ആദ്യ പങ്കിൽ 74 മലയാളസിനിമാപ്പാട്ടു പുസ്തകങ്ങൾ ആണുള്ളത്. ഇത് ഗ്രന്ഥപ്പുരയുടെ ബാംഗ്ലൂരിൽ ധർമ്മാരാം കോളേജിൽ പ്രവർത്തിക്കുന്ന സെൻ്ററിൽ നിന്നാണ് ഡിജിറ്റൈസ് ചെയ്തത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വി.ആർ. സുകുമാരൻ്റെ മലയാള സിനിമ പാട്ടുപുസ്തക ശേഖരം -ആദ്യ പങ്ക് – 74 പാട്ടു പുസ്തകങ്ങൾ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
ഞാൻ ഇതുപോലെ പഴയ ഗ്രന്ഥങ്ങൾ ചിലത് ശേഖരിച്ചിട്ടുണ്ട്. അവയും ഇനി ഗ്രന്ഥപ്പുരയ്ക്കായി മറ്റു ഗ്രന്ഥങ്ങളും സ്കാൻ ചെയ്ത് സംരക്ഷണത്തിനു സഹായിക്കാൻ താത്പര്യമുണ്ട്. മുമ്പ് ഗ്രന്ഥപ്പുരയെ സഹായിക്കണമെന്നുണ്ടായിരുന്നു. സമയമീല്ലാത്ത പ്രശ്നമായിരുന്നു. മുമ്പ് വിക്കിപീഡിയയിൽ 2000ത്തിനടുത്ത് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കാര്യനിർവ്വാഹകനായിരുന്നു. 5000 പുസ്തകങ്ങളുള്ള ഒരു ഗൃഹവായനശാല സ്വന്തമായുണ്ട്. ഇപ്പോൾ അധ്യാപകനായി വിരമിച്ച ആളാണ്. ആവശ്യത്തിന് സമയമുണ്ട്. സ്കാൻ ചെയ്തു ഇ പുസ്തകമാക്കേണ്ടുന്ന രീതി അറിയിക്കുമല്ലോ?