1968 – നാടകപൂർണ്ണിമ-കൈനിക്കര പത്മനാഭപിള്ള

1968 – ൽ കൈനിക്കര പത്മനാഭപിള്ള  രചിച്ച നാടകപൂർണ്ണിമ എന്ന നാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1968 – നാടകപൂർണിമ -കൈനിക്കര പത്മനാഭപിള്ള

ശ്രീ കൈനിക്കര പത്മനാഭപിള്ള മലയാളത്തിലെ പ്രമുഖ നാടകകൃത്തും, രാഷ്ട്രീയ ചിന്തകനും, പത്രാധിപരുമായിരുന്നു. മലയാളസാഹിത്യവേദിക്ക് അഭിമാനിക്കാവുന്ന സാഹിത്യ സൃഷ്ടികൾ സംഭാവന ചെയ്ത അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട അഞ്ചു നാടകങ്ങളുടെ ഒരു സമാഹാരമാണ് നാടകപൂർണ്ണിമ. എടുത്തുപറയത്തക്ക ചരിത്ര നാടകങ്ങൾ നമുക്കില്ലാതിരുന്നകാലത്തു കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി പ്രമേയഗൗരവവും, പ്രതിപാദനസൗകുമാര്യവും ഒത്തിണങ്ങിയ വേലുത്തമ്പിദളവ എന്ന പ്രഥമ കൃതി ഇന്നാട്ടിലെ നാടകപ്രേമികളെ വിസ്മയഭരിതരാക്കി. ജനനവും മരണവും, അവ രണ്ടിനുമിടയ്ക്കുള്ള ജീവിതമെന്ന സ്വപ്നവും നിസ്സാരങ്ങളാക്കിമാറ്റുന്ന നിത്യസ്നേഹത്തിൻറെ ദശനമാണു കാൽവരിയിലെ കല്പപാദപമെന്ന നാടകമഹാകാവ്യം നമുക്ക് നൽകുന്നത്. സ്വാതിതിരുനാൾ രാമവർമ്മയുടെ ജീവിതത്തെയും ഭരണത്തെയും ആസ്പദമാക്കിയാണ് ചരിത്ര നാടകമായ സ്വാതിതിരുനാൾ  രചിച്ചിരിക്കുന്നത്. സ്വാതിതിരുനാളിൻ്റെ ഭരണകാലഘട്ടത്തിലെ രാഷ്ട്രീയവും സാമൂഹികവുമായ സംഭവങ്ങൾ, ബ്രിട്ടീഷ് പ്രസിഡൻ്റ് മായുണ്ടായിരുന്ന ബന്ധം, അദ്ദേഹത്തിൻ്റെ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും ദുരിതങ്ങളും എന്നിവയെല്ലാം നാടകത്തിൽ വിഷയമാകുന്നു. ഒരു ചരിത്ര പുരുഷൻ്റെ ജീവിതത്തെ നാടകീയമായി അവതരിപ്പിക്കുമ്പോൾ, ചരിത്രത്തോടുള്ള കൈനിക്കരയുടെ സൂക്ഷ്മമായ സമീപനം ഈ നാടകത്തിൽ കാണാൻ കഴിയും. ഭരണാധികാരി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും സ്വാതിതിരുനാൾ നേരിട്ട വെല്ലുവിളികളും ആന്തരിക സംഘർഷങ്ങളും ഈ നാടകം വൈകാരിക തീവ്രതയോടെ അവതരിപ്പിക്കുന്നു. ഹൃദയം കവർന്ന സ്ത്രീയെ ജീവിതപങ്കാളിയാക്കുവാൻ കഴിയാതെ സാമൂഹിക വ്യവസ്ഥിതിയുടെ ശക്തമായ സമ്മർദത്തിന് വിധേയനായി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വരുന്ന സേതുനാഥനും, ഭർത്താവിൻ്റെ മനസ്സിൽ സ്ഥാനമില്ല എന്നറിഞ്ഞു കാമുകൻ്റെ സാമീപ്യത്തിൽ സുഖം കണ്ടത്താൻ ശ്രെമിക്കുന്ന സരോജവും, സ്വകാമുകൻ്റെ ജീവിത്തിൽ വിലങ്ങുതടിയാകരുതെന്നു കരുതി ഒളിച്ചോടിപ്പോയെങ്കിലും വിധിയുടെ കരങ്ങളാൽവീണ്ടും അയാളുടെ മുമ്പിലേക്കുതന്നെ ആനയിക്കപ്പെടുന്ന കമലവും അഗ്നിപഞ്ജരമെന്ന നാടകത്തിലൂടെ കാണിച്ചു തരുന്നു. ഏക രക്ഷാവായ പിതാവിനാൽ ഉപേക്ഷിക്കപ്പെട്ടു ചെറുപ്രായത്തിൽ പ്രതികൂല പരിതസ്ഥിയോടു പടവെട്ടി തൻ്റെ ജീവിതത്തിൽ ധനം സമ്പാദിച്ചു അതിലധികം അപവാദവും നേരിട്ട് സമുദായ മധ്യത്തിൽ കൂസലില്ലാതെ ജീവിച്ചു പിന്നീട് തൻ്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ജീവിതത്തിനു തിരശീലയിടാൻ തീരുമാനിക്കുന്ന മാലതിയാണ് യവനിക എന്ന നാടകത്തിൽ കാണുവാൻ സാധിക്കുന്നത്. വിവാഹ ശേഷം മറ്റൊരു പുരുഷനോട് സ്നേഹംതോന്നുകയും സ്വയം സമർപ്പിക്കുകയും ചെയ്യുന്നത്തിനു, സാമൂഹിക ചുറ്റുപാടുകളും പാരമ്പര്യങ്ങളും തെറ്റ് എന്ന് കരുതിപ്പോന്ന ഒരു തെറ്റിന്, മനുഷ്യത്വത്തിൻ്റെ വിധിമണ്ഡപത്തിൽ നിന്ന് മാപ്പു നൽകുകയാണ് വിധിമണ്ഡപം എന്ന നാടകത്തിൽ. നാടകകലയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനം, നാടകങ്ങളുടെ ഘടന, അവതരണരീതികൾ, നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രാധാന്യം, നാടകം സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്നിവയെല്ലാം ഈ പുസ്തകത്തിൻ്റെ അവതാരികയിൽ ചർച്ചചെയ്യുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. )

  • പേര്:നാടകപൂർണ്ണിമ
  • രചയിതാവ്:കൈനിക്കര പത്മനാഭപിള്ള
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 524
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *