2014-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ മാർക്സിസം ചരിത്രം വിജ്ഞാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വിദ്യാർത്ഥിയായിരുന്ന കാലത്ത് പി ഗോവിന്ദപ്പിള്ള എഴുതിയ ലേഖനമുൾപ്പടെയുള്ള അപ്രകാശിത രചനകളുടെ സമാഹാരമാണ്, മാർക്സിസം, ചരിത്രം, വിജ്ഞാനം. മൂന്നു ഭാഗങ്ങളിലായി 29 ലേഖനങ്ങളും അനുബന്ധത്തിൽ, വിദ്യാർത്ഥിയായിരുന്ന കാലത്ത് കൈയെഴുത്തു മാസികയിൽ അദ്ദേഹമെഴുതിയ ഒരു കുറിപ്പുമാണ് ഇതിലുള്ളത്. മാർക്സിസം എന്ന ആദ്യഭാഗത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചരിത്ര പശ്ചാത്തലവും ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസവും മാർക്സ്- ഹെഗൽ എന്നിവരുടെ ആശയലോകത്തിന്റെ താരതമ്യവും ചെഗുവേരയുടെ മാർക്സിസ്റ്റു സങ്കല്പവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മാർക്സിസത്തിൻ്റെ ഭാവിയും ഗ്രന്ഥകർത്താവ് വിശകലനവിധേയമാക്കുന്നു.
ബ്ലാക് പാന്തർ പ്രസ്ഥാനത്തിന്റെയും മെയ് ദിനാഘോഷത്തിന്റെയും ഒക്ടോബർ വിപ്ലവത്തിന്റെയും ഇന്ത്യാചരിത്രരചനയുടെയും മറ്റും ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന ലേഖനങ്ങളാണ് ചരിത്രമെന്ന ഭാഗത്തുള്ളത്. തെലുങ്കാനയുടെ സമരചരിത്രത്തെയും വേലുത്തമ്പിദളവയെന്ന ചരിത്രവ്യക്തിത്വത്തെ രൂപപ്പെടുത്തിയ കാലത്തെയും കുറിച്ചുള്ള പി ജിയുടെ നിരീക്ഷണങ്ങൾ ഈ ഭാഗത്തെ പ്രത്യേകതയാണ്. ദെരിദ, അസിമോവ്, ഡാർവിൻ, ജോസഫ് നീഡാം, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുടെ വൈജ്ഞാനിക സംഭാവനകളെ മാർക്സിസ്റ്റു പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുകയാണ് വിജ്ഞാനം എന്ന ഭാഗത്ത്.
പി ഗോവിന്ദപ്പിള്ളയുടെ ധൈഷണികമായ വികാസത്തിന്റെ വിവിധഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ലേഖനങ്ങളെല്ലാം എന്ന പ്രാധാന്യം ഈ സമാഹാരത്തിനുണ്ട്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർക്സിസം ചരിത്രം വിജ്ഞാനം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 2014
- അച്ചടി: Akshara Offset, Thiruvananthapuram
- താളുകളുടെ എണ്ണം: 236
- സ്കാൻ ലഭ്യമായ ഇടം: കണ്ണി