1988 – കളിവിളക്ക് – വി. വിജയൻ

വി. വിജയൻ സമ്പാദനവും സംവിധാനവും നിർവ്വഹിച്ച തിരഞ്ഞെടുത്ത 30 ആട്ടക്കഥകളുടെ സമാഹാരമായ കളിവിളക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1988 ൽ ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഇരയിമ്മൻ തമ്പി, ഉണ്ണായി വാര്യർ, കാർത്തിക തിരുനാൾ മഹാരാജാവ്, ഇരട്ടക്കുളങ്ങര വാര്യർ, വയസ്കര മൂസ്സത് തുടങ്ങിയരുടെ പ്രമുഖരചനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ പുസ്തകത്തിൻ്റെ സമ്പാദകനായ പ്രൊഫ. വി. വിജയൻ (1926 ഒക്ടോബർ – 1992 സെപ്റ്റംബർ). 1947ൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച്,  മടപ്പള്ളി ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

സംസ്‌കൃതപാണ്ഡിത്യവും കലാപാരമ്പര്യവുമുള്ള കുടുംബത്തിൽ ജനിച്ചതിനാൽ ചെറുപ്പത്തിൽത്തന്നെ കേരളീയകലകളിൽ, പ്രത്യേകിച്ച് കഥകളിയിൽ അതീവ താല്പര്യം കാണിച്ചു. കടത്തനാട് രാമുണ്ണിനായരുടെയും ശങ്കരൻനായരുടെയും ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുകയും അതിൻ്റെ സാങ്കേതികവശങ്ങളിൽ നിപുണത നേടുകയും ചെയ്തു.

1957ൽ ‘മണികണ്ഠവിജയം’ ആട്ടക്കഥ രചിച്ചു. രാമായണ-മഹാഭാരത കഥകൾ നിറഞ്ഞുനിന്ന ആട്ടക്കഥാ സാഹിത്യത്തിൽ വേറിട്ട ഒരു പരീക്ഷണമായിരുന്നു അയ്യപ്പൻ്റെ കഥയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ഈ കഥകളി. കലാപ്രേമികൾ ആവേശപൂർവ്വം സ്വീകരിച്ച് അനവധി വേദികൾ കയ്യടക്കിയ ‘മണികണ്ഠവിജയം’ 1963 മുതൽ 1965 വരെ മൂന്ന് വർഷം തുടർച്ചയായി പമ്പയിലും ശബരിമല സന്നിധാനത്തിലും അവതരിപ്പിച്ച് അനുവാചകപ്രശംസ നേടി. ഈ ഉദ്യമത്തിനുള്ള അംഗീകാരമായി തിരുവിതാംകൂർ ദേവസേവനം ബോർഡും അയ്യപ്പസേവാസംഘവും ഇദ്ദേഹത്തെ ‘സുവർണ്ണമുദ്ര’കൾ നൽകി ആദരിച്ചു.

ടാഗോർകൃതിയെ ആസ്പദമാക്കി 1961ൽ ‘കർണ്ണനും കുന്തിയും’ എന്ന ആട്ടക്കഥ രചിച്ച് പാലക്കാട് നടന്ന ടാഗോർ ശതാബ്ദി ആഘോഷത്തിൽ അവതരിപ്പിക്കുകയും പിന്നീട് കൽക്കത്തയിലെ ‘വിശ്വഭാരതി’ക്ക് സമർപ്പിക്കുകയും ചെയ്തു. 1964ൽ അയ്യപ്പചരിതത്തെ ആസ്പദമാക്കി ‘പ്രീതിവൈഭവം’ എന്ന ആട്ടക്കഥ രചിക്കുകയും ശബരിമല സന്നിധാനത്ത് അവതരിപ്പിക്കുകയും ചെയ്തു. 1967ൽ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ‘ലക്ഷ്മണോപദേശം’ മുതൽക്ക് ‘ജടായു സദ്ഗതി’ വരെയുള്ള ഭാഗം എഴുത്തച്ഛൻ്റെ ശീലുകൾ മാറ്റാതെ കഥകളിക്കനുയോജ്യമായ ആട്ടക്കഥയായി ചിട്ടപ്പെടുത്തി. കുമാരനാശാൻ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിൻ്റെ ‘വീണപൂവ്’ കഥകളിയായി അവതരിപ്പിക്കുകയും കീർത്തിമുദ്ര നേടുകയും ചെയ്തു.

ആട്ടക്കഥാസാഹിത്യത്തിൽ അക്കാലത്ത് പ്രചാരമുണ്ടായിരുന്ന മുപ്പതിമ്മൂന്ന് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച് ‘കളിവിളക്ക്’ എന്ന ആട്ടപ്രകാരം 1988ൽ മാതൃഭൂമി ബുക്ക്സ് പുറത്തിറക്കി.

മികച്ച പ്രാസംഗികനും വാഗ്മിയും കൂടിയായിരുന്ന ഇദ്ദേഹം സാഹിത്യ സാംസ്കാരിക വിഷയങ്ങളെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രമാസികകളിൽ എഴുതിയിട്ടുണ്ട്. കഥകളി അരങ്ങേറുന്നതിനു മുൻപേ, പ്രേക്ഷകർക്ക് മനസ്സിലാവുന്ന രീതിയിലുള്ള വിശദമായ കഥാവതരണം എന്ന രീതി തുടങ്ങിവെച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം വിവിധ വേദികളിൽ കഥകളിവേഷം കെട്ടിയാടുകയും ചെയ്തിട്ടുണ്ട്.

പാലക്കാട് കഥകളി ക്ലബ് സ്ഥാപകൻ, കലാമണ്ഡലം കഥകളി പരിഷ്കരണകമ്മിറ്റിയംഗം, കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം, ലക്കിടി കുഞ്ചൻനമ്പ്യാർ സ്മാരക സമിതി പ്രസിഡൻ്റ്,  തിരൂർ തുഞ്ചൻ സ്മാരക കമ്മിറ്റിയംഗം, പാലക്കാട് ചിന്മയാമിഷൻ സെക്രട്ടറി, വി. കെ. കൃഷ്ണമേനോൻ മെമ്മോറിയൽ എജ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചു.

പ്രൊഫ. വി. വിജയൻ്റെ കൊച്ചു മക്കളായ ഹിരൺ വേണുഗോപാലൻ, ഹിത വേണുഗോപാലൻ എന്നിവർ ആണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് സ്വതന്ത്രലൈസൻസിൽ റിലീസ് ചെയ്യുന്നതിനു മുൻകൈ എടുത്തത്. അവർക്ക് നന്ദി.

 1988 - കളിവിളക്ക് - വി. വിജയൻ
1988 – കളിവിളക്ക് – വി. വിജയൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കളിവിളക്ക്
  • രചന: വി. വിജയൻ
  • പ്രസിദ്ധീകരണ വർഷം: 1988
  • താളുകളുടെ എണ്ണം: 798
  • അച്ചടി: M.M.Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

3 thoughts on “1988 – കളിവിളക്ക് – വി. വിജയൻ”

  1. ഹിരൺ ഹിത
    മുത്തശ്ശന്
    ഇതിനേക്കാൾ മികച്ച ഒരു സമർപ്പണം വേറെയില്ല …..

    നമോവാകം👌⚘🙏

  2. ഹിരൺ,,ഹിത,
    മുത്തച്ഛന്നു് ഹിതകരമായ ഉഹാര സമർപ്പണം, 31-ാം ചരമ വാർഷികത്തിൽ!
    എനിയ്ക്കു് ആദരണീയനും ആരാദ്ധ്യനും വഴികാട്ടിയുമായ, ഗുുരുനാഥൻ!ഗുരുനാഥന്റെ (ഞങ്ങളുടെ വിജയൻ മാഷു് ടെ) പാവനസ്മരണയ്ക്കു് മുന്നിൽ, മാഷു് രചിച്ച മണികണ്ഠവിജയം ആട്ടക്കഥയുടെ ആദ്യഭാഗമായ അയ്യപ്പാവതാരത്തിന്റെ അരങ്ങേറ്റത്തിന്നു് മാഷു് ടെ വിഷ്ണുവിന്റെ കൂടെ ശിവനായി അരങ്ങത്തു് അഭിനയിയ്ക്കാനുള്ള
    അപൂർവ ഭാഗ്യം സിദ്ധിച്ച ഈ പ്രിയ ശിഷ്യന്റെ പ്രണാമം !

  3. Very lucky to get this and praying all the very best to bring out such great work which is an asset to the Kathakali art loving people

Leave a Reply

Your email address will not be published. Required fields are marked *