കൊല്ലം സ്വദേശിയായ കെ എം ഭാസ്കരൻ നായർ 1974-ൽ തൻ്റെ എം.എ. മലയാളം പഠനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ M. A. Malayalam Library Record എന്ന കൈയെഴുത്തു പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കൊല്ലം അയത്തിൽ പുളിയത്ത്മുക്ക് സായൂജ്യത്തിൽ കെ.എം. ഭാസ്കരൻ നായർ സബ് ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു മലയാളം ബിഎ പഠനം. ട്രഷറി വകുപ്പിൽ ജോലി കിട്ടിയതിനെത്തുടർന്ന് സായാഹ്ന കോഴ്സിൽ ചേർന്നു പൂർത്തിയാക്കി. കൊല്ലം എസ്.എൻ. കോളേജിൽ 1970 -72 കാലത്ത് എം.എ മലയാളം മൂന്നാം റാങ്കോടെ പാസായി. കാളിദാസൻ എന്നറിയപ്പെട്ടിരുന്ന പ്രൊഫ. ചന്ദ്രശേഖരൻ, കെ.പി. അപ്പൻ, എൻ.ആർ.ഗോപിനാഥപിളള, കാർട്ടൂണിസ്റ്റ് സോമനാഥൻ, എൻ. കുട്ടൻ,
ബാഹുലേയൻ തുടങ്ങിയവരായിരുന്നു അധ്യാപകർ. കേരള വർമ്മ കോളേജിലെ പ്രിൻസിപ്പലായിരുന്ന– പ്രൊഫ ഗോപാലകൃഷ്ണൻ, എഴുത്തുകാരനായ റസലുദ്ദീൻ തുടങ്ങിയവരൊക്കെ സഹപാഠികളായിരുന്നു.
കെ.എം. ഭാസ്കരൻ നായർ ദീർഘകാലം കൊല്ലം അയത്തിൽ സാഹിത്യ വിലാസിനി ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു. നിരവധി നാടക ഗാനങ്ങൾ രചിച്ചിട്ടുള്ള ഇദ്ദേഹത്തിനു് ഇരുപതു വർഷത്തിലധികം ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കായി നൽകുന്ന ലൈബ്രറി കൗൺസിൽ പുരസ്കാരവും 2022ൽ നീരാവിൽ നവോദയ ഗ്രന്ഥശാല നൽകുന്ന കല്ലട രാമചന്ദ്രൻ പരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഈ കൈയെഴുത്തു റെക്കാർഡ് പുസ്തകം പുറത്തിറക്കിയ കാലത്ത്, എം. എ മലയാളം കോഴ്സിനു പഠിക്കുന്നവർ 75 മലയാളം പുസ്തകങ്ങളുടെയും 25 ഇംഗ്ലീഷ് പുസ്തകങ്ങളുടെയും വായനാകുറിപ്പുകൾ തയ്യാറാക്കണമായിരുന്നു. അപ്രകാരം എഴുതിയിട്ടുള്ള അപൂർവ്വമായ ഒരു റെക്കോർഡാണ് ഇത്.
ഗ്രന്ഥപ്പുരയുടെ സന്നദ്ധപ്രവർത്തകനായ കണ്ണൻ ഷണ്മുഖം ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി കെ.എം. ഭാസ്കരൻ നായരുടെ അടുത്തു നിന്നു വാങ്ങി കൈമാറിയത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: M. A. Malayalam Library Record
- രചന: K. M. Bhaskaran Nair
- പ്രസിദ്ധീകരണ വർഷം: 1974
- താളുകളുടെ എണ്ണം: 284
- സ്കാൻ ലഭ്യമായ ഇടം: കണ്ണി