1942-ൽ പ്രസിദ്ധീകരിച്ച, എം.ഒ. അവരാ എഴുതിയ വിശ്വപ്രേമം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്തകവിയായ എം. ഒ. അവരാ അവർകളുടെ വിശ്വപ്രേമ’ത്തിൻ്റെ ഇതിവൃത്തം, ബൈബിളിലെ സുപ്രശസ്തമായ “തിരുവത്താഴ”മാകുന്നു. മഞ്ജരി പോലെ വിവിധ വൃത്തങ്ങളെ ആശ്രയിച്ചു കൊണ്ട് ലോകാചാര്യനായ യേശുക്രിസ്തുവിൻ്റെ ചരിതം പ്രതിപാദിക്കുന്നു. സഹൃദയന്മാരേയും സന്മാർഗ്ഗനിരതന്മാരേയും വിശേഷമായി ക്രിസ്തുമത ഭക്തന്മാരേയും അത്യന്തം രസിപ്പിക്കുന്നതും, ഉത്തമവും ആയ ഒരു ഖണ്ഡകാവ്യമാണ് ഈ പുസ്തകം.
സന്മാർഗതത്ത്വങ്ങൾ, ആശയരമ്യത, അലങ്കാരബോധം എന്നിവ കൊണ്ടു അധികം ഹൃദയാവജ്ജകങ്ങളായ പല ഭാഗങ്ങളും ഈ കാവ്യത്തിൽ ഉണ്ടു്. “അതുനാളേശുവും സ്വശിഷ്യവഗ്ഗവും” എന്നു തുടങ്ങുന്നതുമുതൽ ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടേയും സമാഗമത്തേയും, വിശ്വഗുരുവിൻ്റെ ഉപദേശങ്ങളേയും പ്രതിപാദിക്കുന്നതുമായ ഭാഗം അവയിൽ പ്രഥമഗണനീയമാകുന്നു. ക്രിസ്തു ശിഷ്യന്മാക്കു ചെയ്യുന്ന തത്ത്വോപദേശത്തെ ഈ പ്രകൃതത്തിൽ കവി, ഗംഭീരമായും സരസമായും വിവരിച്ചിരിക്കുന്നു. കവിയുടെ അന്യാദൃശമായ ഈശ്വരഭക്തി വിശ്വപ്രേമത്തിൽ തെളിഞ്ഞു വിളയാടുന്നുണ്ട്. ക്രിസ്തുവിനെക്കുറിച്ചു പ്രതിപാദിക്കുന്ന സന്ദർഭങ്ങൾ വരുമ്പോഴാണ് കവിയുടെ ഭക്തിതീവ്രത അനിയന്ത്രിതമായവിധം പ്രകടമാകുന്നത്. മതഭക്തന്മാർക്ക് വിശേഷേണ ‘വിശ്വപ്രേമം’ ആനന്ദജനകമായിരിക്കും. പുസ്തകത്തിലെ പല സന്ദഭങ്ങളിലും പ്രേമത്തിൻ്റെ മാഹാത്മ്യത്തെ ഗാനം ചെയ്യുന്നതുകൊണ്ട് ‘വിശ്വപ്രേമം’ അന്വത്ഥനാമകമായ ഒരു കൃതിയാണെന്ന് പറയാവുന്നതാണ്. “പ്രേമമേ ബലം, കാരുണ്യമേ ഗുണം, ത്യാഗമേ ജയം, താഴ്ചയേ ഭൂഷണം.” എന്നു കവി ആവിഷ്കരിക്കുന്ന തത്വത്തെ പ്രസ്തുത കാവ്യം നിമ്മലമായ ഒരു ദർപ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു. അപഥസഞ്ചാരികളെ ആസ്തികതയിലേക്കു നയിക്കുവാൻ പര്യാപ്തമായ ഭാഷാകൃതികളുടെ ഇടയിൽ ഇതിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട് നിസ്സംശയം പറയാം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: വിശ്വപ്രേമം
- പ്രസിദ്ധീകരണ വർഷം: 1942
- രചന: എം.ഒ. അവരാ
- താളുകളുടെ എണ്ണം: 62
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
