1938 – ൽ പ്രസിദ്ധീകരിച്ച, ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ ഹയറാർക്കി സുവർണ്ണ ജൂബിലി സുവനീറായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണ് ഇത്. ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച ഈ ഗ്രന്ഥത്തിൽ കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികളുടെ ചരിത്രമാണ് വിവരിക്കുന്നത്. മലബാറിലെ തദ്ദേശീയ ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിലെ ഒരു പ്രധാന വിടവ് നികത്തുന്നതാണ് ലത്തീൻ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബ്രദർ ലിയോപോൾഡിൻ്റെ ഈ ഗ്രന്ഥം.
അഭിപ്രായ ഭിന്നതകളും സാമൂഹികമായ അന്തരങ്ങളും സമുദായ തർക്കങ്ങളും കാരണം മലബാറിലെ പുരാതന ക്രിസ്ത്യൻ സഭയുടെ തുടർച്ചയെയും ചരിത്രപരമായ പ്രാധാന്യത്തെയും ശരിയായി വിലയിരുത്തുന്നതിന് ദീർഘകാലമായി തടസ്സം നേരിട്ടിരുന്നു. അപ്രകാരമുള്ള പരിമിതികൾക്ക് ഒരു പരിഹാരമാണ് ഈ പുസ്തകം. ക്രിസ്ത്വബ്ധം പതിമൂന്നും പതിനാലും ശതകങ്ങളിൽ കേരളത്തിൽ ലത്തീൻ പള്ളികളും ലത്തീൻ രൂപതയും ഉണ്ടായിരുന്നതായി രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് ലത്തീൻ റീത്തിന് ഇവിടെ പ്രതിഷ്ഠയും പ്രചാരവും ലഭിക്കുന്നത്.
പോർച്ചുഗീസുകാരുടെ വരവിന് മുൻപുള്ള ക്രിസ്ത്യാനികളുടെ സ്ഥിതിയും പോർച്ചുഗീസുകാരുമായി ഐക്യം സ്ഥാപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും വിശദമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. പൂർവ്വ ക്രൈസ്തവർ ലത്തീൻ രീതി സ്വീകരിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെടുന്നു. വാണിജ്യ ബന്ധങ്ങളും ആചാരങ്ങളും നടപടികളും എല്ലാം ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം ലത്തീൻ റീത്തിൻ്റെ അപചയത്തിനുള്ള കാരണങ്ങളും ചരിത്രകാരന്മാരുടെ തെറ്റിദ്ധാരണകളും വ്യാഖ്യാനങ്ങളും അബദ്ധപ്രസ്താവനകളും ഉൾപ്പെടെ വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ
- പ്രസിദ്ധീകരണ വർഷം: 1938
- അച്ചടി: ചെറുപുഷ്പമുദ്രാലയം, മഞ്ഞുമ്മെൽ
- താളുകളുടെ എണ്ണം: 447
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
