1936-ൽ പ്രസിദ്ധീകരിച്ച, കോനാട്ട് മാത്തൻ പരിഭാഷപ്പെടുത്തിയ പുതിയ നിയമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
പ്രോട്ടസ്റ്റൻ്റ് മിഷണറിമാരായ ബെഞ്ചമിൻ ബെയിലി, ഹെർമൻ ഗുണ്ടർട്ട് എന്നിവരാണ് ആദ്യമായി മലയാളത്തിൽ പുതിയ നിയമം (പിൽക്കാലത്ത് പഴയ നിയമവും) പരിഭാഷപ്പെടുത്തി അച്ചടിച്ച് പ്രചരിപ്പിച്ചത്. അവരുടെ പരിഭാഷകൾ ക്രോഡീകരിച്ച് 1910-ൽ പുറത്തിറക്കിയ സത്യവേദപുസ്തകം ആണ് ഏറ്റവും പ്രചാരത്തിലുള്ളത്. ഇവ എല്ലാം മൂലഭാഷകളായ ഹീബ്രൂ (പഴയ നിയമം), ഗ്രീക്ക് (പുതിയ നിയമം) പാഠങ്ങൾ അധിഷ്ഠിതമായ വിവർത്തനങ്ങളാണ്. അതിൽ നിന്നും വിഭിന്നമായി, സുറിയാനി പാഠഭേദങ്ങളും സുറിയാനി പദങ്ങളും പ്രതിഫലിപ്പിക്കുന്ന വിവർത്തനമാണിത്.
വേദപുസ്തകം അഥവാ ബൈബിളിലെ രണ്ടാം ഭാഗമായ പുതിയ നിയമത്തിൻ്റെ മൂല ഭാഷ ഗ്രീക്കാണ്. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുതിയ നിയമത്തിൻ്റെ ആദ്യ വിവർത്തനങ്ങളിൽ ഒന്നാണ് സുറിയാനി ഭാഷയിലെ പെശീത്ത വിവർത്തനം (അഞ്ചാം നൂറ്റാണ്ട്). യേശു സംസാരിച്ചിരുന്ന അരമായ ഭാഷയുടെ പിൽക്കാലത്തെ പ്രാദേശിക വകഭേദമാണ് സുറിയാനി ഭാഷ.
സുറിയാനി പാരമ്പര്യമുള്ള സഭകൾ പിന്തുടരുന്ന പെശീത്ത വിവർത്തനത്തിൽ, ക്രൈസ്തവ സഭകൾ അംഗീകരിച്ചിട്ടുള്ള 27 പുതിയ നിയമ പുസ്തകങ്ങളിൽ ചിലത് തുടക്കത്തിൽ ഉൾപ്പെട്ടിരുന്നില്ല. 2 പത്രോസ്, 2 യോഹന്നാൻ, 3 യോഹന്നാൻ, യൂദാ, വെളിപ്പാട് എന്നീ 5 പുസ്തകങ്ങൾ ഏഴാം നൂറ്റാണ്ടിലാണ് പെശീത്താ വിവർത്തനത്തിൽ ഉൾപ്പെടുത്തിയത്. പെശീത്ത പഴയ നിയമ വിവർത്തനം ഇതിനു മുമ്പേ രണ്ടാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്നിരുന്നു.
യാക്കോബായ സഭയിലെ കോറെപ്പിസ്കോപ്പയായ കോനാട്ട് മാത്തൻ (1860 – 1927) തയ്യാറാക്കിയ പെശീത്തയിൽ നിന്നുള്ള ഈ പുതിയ നിയമ വിവർത്തനത്തിൽ വെളിപ്പാട് പുസ്തകം ഒഴികെയുള്ള 26 പുസ്തകങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആ പുസ്തകം ഒഴിവാക്കിയതല്ല, വിവർത്തനം പൂർത്തിയാക്കാൻ കഴിയാതിരുന്നതാണെന്ന് അനുമാനിക്കാം. കോനാട്ട് മാത്തൻ്റെ പുത്രൻ കോനാട്ടു അബ്രഹാം കത്തനാർ (പിൽക്കാലത്ത് മല്പാൻ), ഔഗേൻ മാർ തീമോത്തേയോസ് മെത്രാപ്പോലീത്താ, എന്നിവരും മറ്റ് ചില ശിഷ്യരും കോനാട്ട് മാത്തൻ്റെ പരിഭാഷ പരിശോധിച്ച് മെച്ചപ്പെടുത്തി പ്രസിദ്ധീകരിച്ചതാണെന്ന് കാണുന്നു. സംസ്കൃത വിദ്വാൻ എ കെ പത്മനാഭപിള്ളയുടെ സേവനവും വിനിയോഗിച്ചിട്ടുണ്ട്.
പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പുതിയ നിയമം
- പരിഭാഷ: Konattu Mathen
- പ്രസിദ്ധീകരണ വർഷം: 1936
- അച്ചടി: Mar Julius Press, Pampakuda
- താളുകളുടെ എണ്ണം: 706
- സ്കാൻ ലഭ്യമായ ഇടം: കണ്ണി