1924 – വിദൂഷകൻ

1924-ൽ പ്രസിദ്ധീകരിച്ച, വിദൂഷകൻ മാസിക പുസ്തകം ആറ് ലക്കം ഒന്നിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1919-ൽ കൊല്ലത്തു നിന്നാണ് വിദൂഷകൻ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത്. വിനോദവും ഫലിതങ്ങളും തമാശകളും അടങ്ങുന്ന ഹാസ്യരസപ്രധാനമായാണ് മാസിക ഇറങ്ങിയിരുന്നത്. പി.എസ്. നീലകണ്ഠപ്പിള്ള ആയിരുന്നു ആദ്യത്തെ എഡിറ്റർ. കൊല്ലത്തെ മനോമോഹനം പ്രസ്സിലാണ് ആദ്യകാലങ്ങളിൽ മാസിക അച്ചടിച്ചിരുന്നത്. പിന്നീട് കൊല്ലം പരവൂരുള്ള വിദ്യാവിലാസം പ്രസ്സിലേക്ക് മാറി. ഏകദേശം ഒന്നര പതിറ്റാണ്ടോളം മാസിക പ്രസിദ്ധീകരിച്ചതായും ഇടക്ക് രണ്ടു വർഷം ഇടവേള ഉണ്ടായിരുന്നതായും പൊതു ഇടത്തിൽ നിന്നും അറിയാൻ കഴിയുന്നു. മലയാളത്തിലെ ആദ്യത്തെ കാർട്ടൂൺ വിദൂഷകനിലാണ് അച്ചടിച്ചത്.

മറ്റ് സാഹിത്യ-സാംസ്കാരിക പ്രസിദ്ധീകരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിദൂഷകൻ ഹാസ്യത്തെ പ്രധാന ആവിഷ്കാരമാധ്യമമാക്കി. അതുവഴി സാധാരണ വായനക്കാരിലേക്കും സാമൂഹിക വിമർശനം എത്തിച്ചു. മലയാളത്തിലെ ഹാസ്യ-വ്യംഗ്യ സാഹിത്യത്തിന് ഒരു പുതിയ ദിശാബോധം നൽകുക വഴി, പിന്നീട് വന്ന നിരവധി ഹാസ്യ മാസികകൾക്കും പത്രക്കുറിപ്പുകൾക്കും വിദൂഷകൻ മാതൃകയായി. സമൂഹത്തിലെ അനാചാരങ്ങൾ, രാഷ്ട്രീയവ്യവസ്ഥയിലെ ദൗർബല്യങ്ങൾ, മതപരമായ കപടാചാരങ്ങൾ, വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ തുടങ്ങിയവയെ കഠിനമായ വിമർശനമല്ലാതെ ഹാസ്യത്തിൻ്റെ മറവിൽ അവതരിപ്പിക്കുകയായിരുന്നു ഇതിൻ്റെ പ്രത്യേകത.

ചെല്ലമ്മാൾ എഴുതിയ റെയിൽവേ ഗാർഡിൻ്റെ മാങ്ങാമോഷണം, നാട്ടിൻ്റെ നന്മ എന്ന പേരിൽ ലങ്കേശ്വരൻ എഴുതിയ ഓട്ടൻതുള്ളൽ, മഹാകവി സൂരി എഴുതിയ ശുനകസന്ദേശം മഹാകാവ്യം, കെ.ബി എഴുതിയ പ്രേമത്തിൻ്റെ അതിര് എന്ന കഥ, മഹാവാദപ്രതിവാദം എന്ന ഹാസ്യസംഭാഷണം, ഫലിതക്കുറിപ്പുകൾ അടങ്ങിയ രസികരംഗം എന്ന പംക്തി എന്നിവ ഈ ലക്കത്തിൽ വായിക്കാം

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വിദൂഷകൻ – പുസ്തകം 06 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1924
  • താളുകളുടെ എണ്ണം: 32
  • അച്ചടി: V.V. Press, Paravoor, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *