1922 – ൽ പ്രസിദ്ധീകരിച്ച, ചന്ദ്രോത്സവം എന്ന മണിപ്രവാളകൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കൊളത്തേരി ശങ്കരമേനോൻ ആണ് ഈ കൃതിയുടെ പ്രസാധനം നടത്തിയിരിക്കുന്നത്
അകൃത്രിമമായ രചനാസൗന്ദര്യവും അകലുഷമായ മനോധർമ്മപ്രവാഹവും പരമമായ രസോത്കർഷവുമാണ് അവതാരിക എഴുതിയ വടക്കുംകൂർ രാജരാജവർമ്മ ചന്ദ്രോത്സവത്തിൽ ദർശിക്കുന്നത്. ഈ കൃതിയുടെ രചയിതാവിനെപ്പറ്റി സൂചനയൊന്നും തന്നെയില്ല. എഴുത്തച്ഛൻ, മേൽപ്പത്തൂർ നാരായണ ഭട്ടതിരി, പുനം നമ്പൂതിരി ഇങ്ങനെ പലരിൽ കർത്തൃത്വം കല്പിച്ചുകൊടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ശൃംഗാരകവിതകൾ രചിക്കുന്നതിൽ അഗ്രഗണ്യനായ ചേലപ്പറമ്പു നമ്പൂതിരിയായിരിക്കാം ഇതെഴുതിയതെന്ന് അവതാരികാകാരൻ സംശയിക്കുന്നുണ്ട്
കടത്തനാട്ടു പോർളാതിരി ഉദയവർമ്മരാജാവ് ആനുകാലികം മുഖേന പ്രസിദ്ധീകരിച്ചതാണ് ചന്ദ്രോത്സവം. മേനകയും ചന്ദ്രനുമായുള്ള സമാഗമം ഒഴിവാക്കാൻ, മേനകയുടെ രൂപത്തിൽ വന്നു ചതിച്ചതിനാൽ, ചന്ദ്രൻ്റെ ശാപം കൊണ്ടു ഭൂമിയിൽ മനുഷ്യസ്ത്രീയായി ജനിച്ച ചന്ദ്രികയുടെ കഥയാണ് ‘ചന്ദ്രോത്സവം’ പറയുന്നത്. ഭൂമിയിൽ ചിറ്റിലപ്പള്ളിയെന്ന സ്ഥലത്ത് കുട്ടികളില്ലാതെ വിഷമിച്ചിരുന്ന അതിസുന്ദരിയായ സ്ത്രീയുടെ മകളായി ചന്ദ്രിക ജനിക്കുന്നു. മേദിനീ വെണ്ണിലാവ് എന്നാണ് ഭൂമിയിലെ പേര്. ശാപമോക്ഷം ലഭിക്കുന്നതിനായി മേദിനീവെണ്ണിലാവ് ചന്ദ്രോത്സവം ആഘോഷിക്കുന്നതാണ് കൃതിയിൽ പ്രതിപാദിക്കുന്നത്. ചന്ദ്രോത്സവത്തെപ്പറ്റിയുള്ള വിശദമായ വിവരം ഇതിൽ കാണാം. ചെങ്ങന്നൂർ, മൂഴിക്കുളം, ഐരാണിക്കുളം, കോഴിക്കോട്, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളെപ്പറ്റിയും ശങ്കരൻ, പുനം, രാഘവൻ എന്നീ കവികളെപ്പറ്റിയും പരാമർശം ഉള്ളതിനാൽ ചരിത്രപരമായ പ്രാധാന്യവും ചന്ദ്രോത്സവത്തിനുണ്ട്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ചന്ദ്രോത്സവം
- പ്രസിദ്ധീകരണ വർഷം: 1922
- അച്ചടി: Manomohanam Press, Kollam
- താളുകളുടെ എണ്ണം: 148
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
