അദ്ധ്യാപകൻ, ശാസ്ത്രഎഴുത്തുകാരൻ, പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടർ തുടങ്ങി വ്യത്യസ്തമേഖലകളിൽ പ്രശസ്തനായിരുന്നു പ്രൊഫസർ സി.കെ. മൂസത്.
സി.കെ. മൂസതിൻ്റെ രചനകളും അദ്ദേഹത്തിൻ്റെ സ്വകാര്യശേഖരത്തിലുള്ള മറ്റു പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി 2023 ഫെബ്രുവരി 15നു ബാംഗ്ലൂരിൽ ലളിതമായ ഒരു ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു. സി.കെ. മൂസതിൻ്റെ മകൻ ഉദയകുമാർ ചടങ്ങിൽ സംബന്ധിക്കുകയും ഡിജിറ്റൈസേഷൻ പദ്ധതി തുടങ്ങുന്നതിൻ്റെ പ്രതീകമായി സി.കെ. മൂസതിൻ്റെ രാമകഥ മലയാളത്തിൽ, സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഫൌണ്ടേഷൻ പ്രതിനിധിക്ക് കൈമാറി.
ജീവിതരേഖ
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിലെ ചണ്ണഴി ഇല്ലത്ത് 1921ൽ ജനിച്ച അദ്ദേഹം കോട്ടയ്ക്കൽ രാജാസ് ഹൈസ്ക്കൂൾ, തൃശ്ശിനാപ്പള്ളി സെൻ്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിലായി തൻ്റെ വിദ്യാഭ്യാസം പൂർത്തിയാക്കി.
1941ൽ തൃശ്ശൂർ വിലങ്ങൻ ശ്രീരാമകൃഷ്ണാ വിദ്യാമന്ദിർ ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം തുടങ്ങിയ അദ്ദേഹം 1942-1945 വരെ ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഫിസിക്സ് പ്രൊഫസറായി പ്രവർത്തിച്ചു. 1947 ൽ തൻ്റെ 2 സഹോദരന്മാരോടൊപ്പം പാലക്കാട് എം.ബി. ട്യൂട്ടോറിയൽ കോളേജ് തുടങ്ങി, 20 വർഷം അതിൽ പ്രവർത്തിച്ചു. 1966 ൽ ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ഫിസിക്സ് അദ്ധ്യാപകനായും 1967-1968 നെന്മാറ എൻ എസ് എസ് കോളേജിൻ്റെ പ്രഥമ പ്രിൻസിപ്പാളായും സേവനമനുഷ്ഠിച്ചു.
1968ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി. 1969 – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻ്റ് ഡയറക്ടർ ആയി. തുടർന്ന് വ്യത്യസ്തനിലകളിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ച അദ്ദേഹം 1980ൽ അവിടെ നിന്നു വിരമിച്ചു.
ഔദ്യോഗിക ജീവിതത്തിലുടനീളം സാഹിത്യ പഠനഗവേഷണങ്ങൾ തുടർന്നു. നിരവധി പുസ്തകങ്ങളും, വിവിധ വിഷയങ്ങളിലുള്ള നൂറുക്കണക്കിനു ലേഖനങ്ങളും വിവിധ ഇടങ്ങളിൽ പ്രസിദ്ധീകരിച്ചു.
പാലക്കാട് MB Tutorial College നടത്തിയിരുന്ന കാലത്ത് മലയാളി എന്ന പേരിൽ ഒരു മാസികയും സമദർശി എന്ന അച്ചടിശാലയും നടത്തി.
ഔദ്യോഗിക ജീവിതത്തിലുടനീളം പൗരാണികഗ്രന്ഥങ്ങളുടെ ശേഖരണത്തിലും അവയിൽ പലതും പുനഃപ്രസിദ്ധീകരിക്കുന്നതിലും ശ്രദ്ധിച്ചു. ഇത്തരം പൗരാണികഗ്രന്ഥങ്ങൾ അടങ്ങുന്ന വിപുലമായ ഒരു സ്വകാര്യ ലൈബ്രറി അദ്ദേഹത്തിനുണ്ടായിരുന്നു.
- കണക്കതികാരം (പ്രാചീനഗണിതഗ്രന്ഥം)
- ഫ്രോണ്മയരുടെ പ്രകൃതിശാസ്ത്രം (മലയാളത്തിലെ ആദ്യത്തെ ഫിസിക്സ് ഗ്രന്ഥം)
- ഭൃംഗസന്ദേശം (മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം)
- കൃഷ്ണൻ പണ്ടാലയുടെ രസതന്ത്രഗ്രന്ഥം
- കേരളപാണിനീയം ആദ്യപതിപ്പ്
തുടങ്ങി നിരവധി പ്രധാനഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റെ ശേഖരത്തിൽ ഉണ്ടായിരുന്നു
സി.കെ. മൂസത് രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളിലും മറ്റുമായി എഴുതിയ നൂറുകണക്കിനു ലേഖനങ്ങളും, അദ്ദേഹത്തിൻ്റെ സ്വകാര്യലൈബ്രറിയിലെ പുസ്തകങ്ങളും അടക്കം എല്ലാതര രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും സി.കെ. മൂസതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രധാന പദ്ധതി ആണ് സി.കെ. മൂസതിൻ്റെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)
Excellent initiative! This will go a long way to make available quality literary works of yesteryears to present generation as both reference and reading materials. Congratulations to Shiju Kailasnath Jiso team in Indic Digital Archive Foundation and their backstage technicians.
Uday
Good initiative.. great contributors like these two brothers has to be remembered by future generations knowing them from them and through them 👏
Great initiative…. congratulations to the team. The very effective way of carry forwarding the great literature into next generations and once it digitalized, it will be saved for ever.. Proud moment for Uday sir and be the proud son…