1936-ൽ കെ. പത്മനാഭക്കുറുപ്പ് പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഭഗവത് ദൂത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1936- ഭഗവത് ദൂത്- കുഞ്ചൻ നമ്പ്യാർ
കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളത്തിലെ പ്രമുഖ ഭാഷാ കവിയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹീക വിമർശനമാണ് അദ്ദേഹത്തിൻ്റെ രചനയുടെ മുഖമുദ്ര .കുഞ്ചൻ നമ്പ്യാരുടെ ആദ്യകാല കൃതികളിൽ ഒന്നാണ് ഭഗവത് ദൂത്. പതിന്നാലു ഭിന്ന വ്യത്തങ്ങളിൽ എഴുതിയിരിക്കുന്ന ഈ കൃതി മഹാഭാരത കഥയെ ഇതിവ്യത്തമായി സ്വീകരിച്ചിട്ടുള്ള ഒരു തുള്ളൽകൃതിയാണ്. പണ്ഡിതരെയും പാമരരേയും ഒരു പോലെ രസിപ്പിക്കുക, സാഹിത്യത്തിലൂടെ നിശിതമായ പരിഹാസമുപയോഗിച്ചു സമുദായിക പരിഷ്കാരം നിർവഹിക്കുക എന്ന ഉദ്ദേശ്യമാണ് കവി എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. നമ്പ്യാരുടെ തുള്ളൽ കാവ്യങ്ങളിൽ കാണുന്ന ഭാഷാ ശൈലി ജന്മസിദ്ധമായ അദ്ദേഹത്തിൻ്റെ കഴിവാണ്. മലയാള സാഹിത്യത്തിലെ അനശ്വരപ്രസ്ഥാനത്തിൻ്റെ മാർഗ്ഗദർശിയായ നമ്പ്യാർ പൂർവഗാമികളായ കവിവര്യന്മാരുടെ ചുവടുകളെ അനുസരിക്കാതെ സ്വന്തം മാർഗത്തിലൂടെ ഉന്നതസ്ഥാനം നേടിയ വ്യക്തിയാണ്. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികളിൽ പ്രകടമാകുന്നു. ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി കുരുക്ഷേത്ര യുദ്ധത്തിന് മുൻപായി കൗരവരുടെ രാജ്യസദസ്സിൽ ദൂതിനു പോകുന്ന ഭാഗം ലളിതവും ഹാസ്യരസം ചേർത്തും അവതരിപ്പിച്ചിരിക്കുന്നു. ദൂതിനെ പ്രധാനമാക്കി വിസ്തരിച്ചിരിക്കുകയാൽ സനൽകുമാരോപദേശം, ബലഭദ്രവാക്യം, വിദുരോപദേശം എന്നിങ്ങനെ പല ഭാഗങ്ങളും വെട്ടി ചുരുക്കിയുട്ടുണ്ട്. കെ. പത്മനാഭക്കുറുപ്പാണ് ഇതിൻ്റെ പ്രസാധകൻ . വിദ്യാർത്ഥികൾക്കുവേണ്ടി ഏഴുവൃത്തങ്ങൾ മാത്രമേ ഈ പ്രസാധനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു.
കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഭഗവത് ദൂത്
- രചയിതാവ് : കുഞ്ചൻ നമ്പ്യാർ
- പ്രസിദ്ധീകരണ വർഷം: 1936
- താളുകളുടെ എണ്ണം: 84
- അച്ചടി: ശ്രിരാമവിലാസം പ്രസ്സ് ,കൊല്ലം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി