1928 -ൽ പ്രസിദ്ധീകരിച്ച കോനാട്ടു മാത്തൻ സുറിയാനിയിൽ നിന്നും പരിഭാഷപ്പെടുത്തിയ മാർ ഗ്രീഗോറിയോസിൻ്റെ ദർശനം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എടേസ്സയിലെ സന്യാസിയായ ഗ്രിഗറിയുടെ ആത്മീയ ദർശനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദിക ട്രസ്റ്റിയും മലങ്കര മല്പാനും ആയിരുന്ന കോനാട്ട് കോര മാത്തൻ മല്പാൻ സുറിയാനിയിൽ നിന്നും തർജമ ചെയ്തതാണ് ഈ ഗ്രന്ഥം.
അപ്പോക്രിഫാ പുസ്തകമായ പൗലോസിന്റെ വെളിപാടുകളുടെ മാതൃകയിൽ, ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലോ എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ രചിക്കപ്പെട്ട “സെറാഫിക് ഗ്രിഗറിയുടെ വെളിപാടുകൾ” എന്ന കൃതി പിന്നീട് അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മൂലഗ്രന്ഥം പിന്നീടെപ്പോഴോ നഷ്ടപ്പെടുകയും 1689-ൽ മോർ ഇയോവാനീസ് ഹിദായത്തള്ള അറബിയിൽ നിന്നും ഇതിനെ തിരികെ സുറിയാനിയിലേക്ക് തർജ്ജമപ്പെടുത്തുകയും ചെയ്തു. കോനാട്ട് കോര മാത്തൻ മല്പാൻ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവനിക്ഷേപം മാസികയിൽ ഈ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു.
എടേസ്സയിലെ സന്യാസിയായിരുന്ന ഗ്രിഗറിയുടെ (ഗ്രിഗോറിയോസ്) സ്വപ്നങ്ങളിൽ 21 ദിവസം തുടർച്ചയായി ഒരു കാവൽമാലാഖ പ്രത്യക്ഷപ്പെടുകയും വിവിധ ദർശനങ്ങൾ അഥവാ വെളിപാടുകൾ നൽകുകയും ചെയ്യുന്നതാണ് ഇതിലെ ഇതിവൃത്തം. സ്വർഗീയ കാഴ്ചകളും, നരകശിക്ഷകളും, ആത്മാക്കളുടെ ന്യായവിധികളും, വിശുദ്ധന്മാരുടെ ആരാധനാക്രമവും മറ്റും ഈ സ്വപ്നങ്ങളിൽ പ്രതിപാദിക്കുന്നു.
ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്. പുസ്തകത്തെ പറ്റിയുള്ള കുറിപ്പ് തയ്യാറാക്കി തന്നത് ഗ്രന്ഥപ്പുരയുടെ സുഹൃത്തായ ജിബി ജേക്കബ്ബ് ആണ്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: മാർ ഗ്രീഗോറിയോസിൻ്റെ ദർശനം
- പ്രസിദ്ധീകരണ വർഷം: 1928
- താളുകളുടെ എണ്ണം: 56
- അച്ചടി: ARP Press, Kunnamkulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി