Release notes

2,924 release notes

Permalink

1960 ൽ പ്രസിദ്ധീകരിച്ച, കുപ്രിയാനോസ് മെത്രാപ്പോലീത്ത, മാർ ഈശോയവ് കതോലിക്ക പാത്രിയർക്കീസ്, മാർ ഇസ്രായേൽ എന്നിവരാൽ രചിക്കപ്പെട്ട കാറോയാ,ഹെവുപ്പദ് യാക്കന, മ്ശമ്ശാനാ കശീശാ എന്നീ പട്ടങ്ങൾ നൽകുന്നതിൽ പാലിക്കേണ്ട ക്രമങ്ങളും നിയമങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗരസ്ത്യ സുറിയാനി  പാരമ്പര്യമുള്ള മലങ്കര സഭയുടെ മേലധികാരികൾ മേൽ വിവരിച്ച പദവികളിലേക്ക് ഉയർത്തപ്പെടുന്ന അവസരങ്ങളിൽ ധരിക്കേണ്ട വസ്ത്രങ്ങൾ, ആരാധനാക്രമം, ആരാധാനാ സാമഗ്രികൾ, പ്രാർത്ഥനകൾ എന്നിവയെകുറിച്ചുള്ള വിവരണങ്ങളാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1964 ൽ എറണാകുളത്തു വെച്ചു നടന്ന കേരള ഗവണ്മെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ്റെ 27 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ Kerala Government Medical Officers' Association - Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള അന്നത്തെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, വകുപ്പു ഡയറക്ടർ എന്നിവരുടെ സന്ദേശങ്ങൾ, സംഘടനാ വാർത്തകൾ, അംഗങ്ങളുടെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോകൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1977ൽ കരുനാഗപള്ളി ഗവണ്മെൻ്റ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച യുഗചൈതന്യം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വെള്ളത്തുള്ളി: വസ്തുവും വീക്ഷണവും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വെള്ളത്തുള്ളിയെ കുറിച്ച് കവികളുടെ ഭാവനയിലും, ശാസ്ത്രജ്ഞന്മാരുടെ വീക്ഷണകോണിലും വരുന്ന ആശയങ്ങളെ പരിശോധിക്കുകയാണ് ലേഖകൻ. മഹാകവി കുമാരനാശാൻ, ഉള്ളൂർ എന്നിവരുടെ വെള്ളത്തെ ആധാരമാക്കിയ കാവ്യശകലങ്ങളും, ശാസ്ത്രകാരന്മാർ വെള്ളത്തെ രസതന്ത്രപരമായി എങ്ങിനെ സമീപിക്കുന്നുവെന്ന കാര്യങ്ങളും വിശദീകരിക്കുന്നു സി. കെ മൂസ്സത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

കേരളത്തിലെ പ്രമുഖ മിഷൻ മാസികയായ പ്രേഷിത കേരളത്തിൻ്റെ രജതജൂബിലിയോടനുബന്ധിച്ച് 1972 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ച പ്രേഷിത കേരളം രജതജൂബിലി സ്പെഷൽ എന്ന പ്രത്യേക പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക വാർത്താവിനിമയ മാധ്യമങ്ങളിലൂടെ മിഷൻ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സഖറിയാസച്ചൻ തുടങ്ങിവെച്ച മിഷൻ പ്രസിദ്ധീകരണമാണ് പ്രേഷിത കേരളം. രജത ജൂബിലി പ്രത്യേക പതിപ്പിൽ സഭാ നേതാക്കളുടെ ആശംസകൾ, പ്രേഷിത പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, സാഹിത്യ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1990 ൽ സി. കെ. മൂസ്സത് രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച കവികുലഗുരു പി. വി. കൃഷ്ണവാരിയർ എന്ന ജീവചരിത്ര ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവി, സഹൃദയൻ, കാവ്യ വിമർശകൻ, ചരിത്രഗവേഷകൻ, പത്രപ്രവർത്തകൻ, പുസ്തക പ്രസാധകൻ എന്നീ നിലകളിൽ പ്രശസ്തനായ കവികുല ഗുരു പി.വി.കൃഷ്ണവാര്യർ കേരളത്തിലെ ആദ്യകാല ശാസ്ത്രമാസികയായ ധന്വന്തരി വൈദ്യമാസിക, ധനശാസ്ത്ര മാസികയായ ലക്ഷ്മീ വിലാസം എന്നിവയുടെ പത്രാധിപരായിരുന്നു . ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ മലയാള സാഹിത്യത്തിലുണ്ടായ എല്ലാ പ്രവണതകളുടെയും കേന്ദ്രമായി പ്രവർത്തിച്ച സാഹിത്യകാരനായിരുന്നു അദ്ദേഹം. ഈ ബൃഹത്ഗ്രന്ഥത്തിൽ കൃഷ്ണവാരിയരുടെ വ്യക്തിജീവിതത്തെക്കാളുപരി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് ആ കാലഘട്ടത്തിൽ മലയാള സാഹിത്യത്തിലുണ്ടായിട്ടുള്ള സംഭവങ്ങളെ കുറിച്ചും അതിൻ്റെ പശ്ചാത്തലത്തെ കുറിച്ചുമാണ് എന്ന് ആമുഖപ്രസ്താവനയിൽ കവി അക്കിത്തം സാക്ഷ്യപ്പെടുത്തുന്നു.

പന്തളം കേരളവർമ്മയുടെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും              1904 നവംബർ 16 ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള മാസികയായ കവനകൗമുദി ഒരു വർഷത്തിനു ശേഷം വള്ളത്തോൾ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ,കുറ്റിപ്പുറം എന്നിവരുടെ മേൽനോട്ടത്തിൽ നാലു വർഷത്തോളം മാത്രമെ  തുടരാൻ സാധിച്ചുള്ളൂ. പിന്നീട്  ഇരുപത്തൊന്നു വർഷക്കാലം  കൃഷ്ണവാരിയർ കോട്ടക്കൽ നിന്ന്   പ്രസിദ്ധീകരിക്കുകയുണ്ടായി. മുഖപ്രസംഗം, പരസ്യങ്ങൾ, കത്തുകൾ, അറിയിപ്പുകൾ തുടങ്ങി ഉള്ളടക്കം പൂർണ്ണമായും പദ്യരൂപത്തിലായിരുന്നു എന്നതായിരുന്നു ഈ മാസികയുടെ പ്രത്യേകത. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി. എസ്. വാരിയർ കൃഷ്ണവാരിയരുടെ ജ്യേഷ്ഠ സഹോദരനാണ്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

2010 ൽ ഇറങ്ങിയ കേരള ജസ്യുറ്റ് ആനുകാലികത്തിൽ സ്കറിയ സക്കറിയ എഴുതിയ പുരോഹിത ജീവിതം സത്യാന്വേഷണ പരീക്ഷണമാകണം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് പങ്കുവെക്കുന്നത്.

ഈശോ സഭാ വൈദികർക്ക് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും, ശക്തി ക്ഷയിച്ചവർക്ക് ശക്തി പകരാനും, സാധുക്കൾക്ക് നീതി ലഭ്യമാക്കാനും, മനസ്സകന്നു കഴിയുന്നവരെ അടുപ്പിക്കാനുള്ള അനുരഞ്ജനത്തിൻ്റെ പ്രയോക്താക്കളാകാനും കഴിയണമെന്ന്  ലേഖനം ഉദ്ബോധിപ്പിക്കുന്നു. യേശുവിൻ്റെ വചങ്ങളിലും കർമ്മങ്ങളിലും പ്രകടമായ പ്രസാദാത്മകതയുടെ വക്താക്കളും, പ്രയോക്താക്കളുമാകണം പുരോഹിതർ എന്നും, സ്നേഹത്തിൻ്റെ പ്രമാണമാണ് ക്രൈസ്തവ പ്രമാണമെന്ന് തെളിച്ചുകാട്ടാൻ അവർ ചിന്തയും, വാക്കും, കർമ്മവും വിനിയോഗിക്കണമെന്നും ലേഖകൻ ഓർമ്മപ്പെടുത്തുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1974 നവംബർ മാസത്തിലെ ഗ്രന്ഥാലോകം മാസികയിൽ സി. കെ. മൂസ്സത് എഴുതിയ ശാസ്ത്രഗ്രന്ഥങ്ങൾ; തെറ്റും തിരുത്തും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്രഗ്രന്ഥങ്ങൾ മാതൃഭാഷയിൽ നിർമ്മിക്കപ്പെടേണ്ടതുണ്ടോ എന്ന അന്വേഷണമാണ് ലേഖന വിഷയം. കോട്ടയത്തെ ഭാഷാപോഷിണിയും തൃശൂരിലെ വിദ്യാവിനോദിനിയും പരസ്പരം യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച അവസരത്തിൽ സി. അച്ചുതമേനോൻ എഴുതിയ ഭാഷാപരിഷ്കാരം എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ലേഖനം തുടങ്ങുന്നത്. ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രചരിക്കുമ്പോൾ ഭാഷയുടെ അഴകും, ഒഴുക്കും ശുദ്ധിയും നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കുന്നു ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

നിക്കോളാസ് വൈസ് മാൻ രചിച്ച് മയ്യനാട്ട് ഏ ജോൺ പരിഭാഷപ്പെടുത്തി 1948ൽ പ്രസിദ്ധീകരിച്ച ഫബിയോളാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1802 - 1865) കർദ്ദിനാൾ നിക്കോളാസ് പാട്രിക് വൈസ് മാൻ എന്ന പ്രശസ്ത വൈദികനാണ് മൂലഗ്രന്ഥത്തിൻ്റെ കർത്താവ്. റോമിലെ സപ്പിയൻസ് സർവ്വകലാശാലയിൽ ഹിബ്രു,കൽദേയ സുറിയാനി ഭാഷകൾ പഠിപ്പിച്ചിരുന്ന പ്രൊഫസ്സറും, തത്വശാസ്ത്രവിശാരദനും, സാഹിത്യ രസികനും, വാഗ്മിയും ആയിരുന്നു അദ്ദേഹം. ക്രി:പി: മൂന്നാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ റോമായിൽ നടന്ന ചില സംഭവങ്ങളാണ് കൃതിയുടെ ഉള്ളടക്കം. റോമൻ ചക്രവർത്തിമാരിൽ നിന്നും കത്തോലിക്ക സഭക്ക് ഉണ്ടായിക്കോണ്ടിരുന്ന പീഢനങ്ങളുടെ കാലഘട്ടത്തിൽ എഴുതപ്പെട്ട ഈ ആഖ്യായികയിൽ ആദിമ കൃസ്ത്യാനികളുടെ ആചാരങ്ങൾ, ജീവിത സമ്പ്രദായങ്ങൾ, മനോവികാരങ്ങൾ, വിചാരഗതികൾ എന്നിവ പ്രതിപാദ്യവിഷയമായിട്ടുണ്ട്. മതപീഠനം ഒരു വിഷയമാകുന്ന പുസ്തകത്തിലെ നായികയാണ് ഫബിയോളാ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

വിശാലകേരളം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ പ്രപഞ്ചോത്പത്തി എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1500 കോടി വർഷങ്ങൾക്കു മുൻപ് പ്രപഞ്ചം മുഴുവൻ ഒരു ബിന്ദുവിൽ സമ്മർദ്ദിതമായി വർത്തിച്ചിരുന്ന ഘട്ടത്തിൽ വൻ ദ്രവ്യസ്ഫോടനം സംഭവിച്ചാണ് പ്രപഞ്ചോല്പത്തി ഉണ്ടായത് എന്നതാണ് ഐൻസ്റ്റൈൻ്റെ സാപേക്ഷതാസാമാന്യ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം. അങ്ങിനെ എങ്കിൽ ഈ സ്ഫോടനം എങ്ങിനെ ഉണ്ടായി, അതിനു മുൻപ് എന്തായിരുന്നു പ്രപഞ്ചത്തിൻ്റെ അവസ്ഥ ഈ അളവിൽ ദ്രവ്യമുണ്ടായതെങ്ങിനെ തുടങ്ങിയ ചില ശാസ്ത്ര സമസ്യകൾക്ക് ഉത്തരം തേടുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഗാന്ധിമാർഗ്ഗം ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ സ്മരണകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ഗാന്ധി കെ. കേളപ്പൻ്റെ വിയോഗവേളയിൽ ലേഖകന് കേളപ്പജിയുമായുണ്ടായിരുന്ന വ്യക്തിപരമായ അനുഭവങ്ങളുടെ ഓർമ്മകൾ ഉൾപ്പെടുത്തി എഴുതിയ ലേഖനമാണിത്. ലേഖകൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ അവിടെ കേളപ്പൻ വന്നതും, മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കേളപ്പൻ നിളാതീരത്ത് നിമജ്ജനം ചെയ്തതും, മൂസ്സത് സഹോദരന്മാർ നടത്തിയിരുന്ന അച്ചടിശാലയും സാഹിത്യപ്രസിദ്ധീകരണവും കേളപ്പജിയുടെ സംഘടനയായ പി. എസ്. പി ക്ക് അവരുടെ പ്രസിദ്ധീകരണമായ സമദർശി മാസികക്ക് വിട്ടുകൊടുത്ത കാര്യവും, ലേഖകൻ്റെ സഹധർമ്മിണിയെ ആശുപത്രിയിലെത്തി സന്ദർശിച്ച കാര്യവും മറ്റുള്ള കേളപ്പൻ സ്മരണകളും ആണ് ലേഖനത്തിൻ്റെ ഉള്ളടക്കം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1908ൽ പത്താം പീയൂസ്സ് മാർപാപ്പയുടെ ഗുരുപ്പട്ട സ്വർണ്ണജൂബിലി സ്മാരകമായി പി. കുര്യൻ (പള്ളിവീട്ടിൽ കുര്യൻ) പ്രസിദ്ധപ്പെടുത്തിയ മാർതോമ്മാ നസ്രാണികളുടെ സത്യവിശ്വാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര സുറിയാനി കത്തോലിക്കരുടെ ആദ്യ വികാരി ജനറലായിരുന്ന നിധിയിരിക്കൽ മാണിക്കത്തനാരുടെ നോട്ടുകളിൽ നിന്നും റെക്കാർഡുകളിൽ നിന്നും എടുത്തു പ്രസിദ്ധീകരിച്ചതാണ് ഈ കൃതിയെന്ന് ഗ്രന്ഥ കർത്താവ് ആമുഖമായി പറയുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

Permalink

ദേശീയ അവാർഡ് നേടിയ അധ്യാപകരെ പരിചയപ്പെടുത്തുന്ന ഒരു ആനുകാലിക പംക്തിയിൽ സി. കെ മൂസ്സത് എഴുതിയ ആദർശ ശീലനായ ഗോപാലമേനോൻ മാസ്റ്റർ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 മുതല്‍ 1963 വരെ പാലക്കാട് മോത്തിലാൽ മുനിസിപ്പൽ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു ഗോപാലന്‍ മേനോന്‍. മികച്ച അദ്ധ്യപനത്തിനുള്ള ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ഇന്ത്യന്‍ പ്രസിഡൻ്റിൻ്റെ കൊട്ടാരത്തിലെത്തിയ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി അല്പസമയം കഴിഞ്ഞപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും കൊട്ടാരത്തില്‍ വെച്ചുതന്നെ കുഴഞ്ഞുവീണ് മരിക്കുകയും ചെയ്തു. തൻ്റെ ജീവിതവും, സമയവും, അറിവും, കഴിവും കലാലയത്തിനുവേണ്ടി സമര്‍പ്പിച്ച് ചരിത്രത്തിലേക്ക് നടന്നുപോയ ഗോപാലമേനോന്‍ മാസ്റ്ററെ അനുസ്മരിക്കുകയാണ് ലേഖകൻ.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.