Release notes

2,924 release notes

1930-ൽ പ്രസിദ്ധീകരിച്ച മുദ്രാരാക്ഷസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വിശാഖദത്തൻ സംസ്കൃതത്തിലെഴുതിയ നാടകത്തിൻ്റെ മലയാളവിവർത്തനമാണ് ഈ കൃതി. കണ്ണമ്പുഴ എസ്. കൃഷ്ണവാരിയർ ആണ് വിവർത്തകൻ. നാടകകർത്താവിൻ്റെ ജീവിതകാലത്തെക്കുറിച്ച് കൂടുതൽ അറിയില്ലെങ്കിലും നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ നാടകം രചിച്ചതെന്ന് കരുതപ്പെടുന്നു. പുരാണങ്ങളെയോ വെറും കല്പിത കഥകളെയോ ആധാരമാക്കിയല്ല ഈ നാടകം രചിച്ചിരിക്കുന്നത്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യൻ്റെയും അദ്ദേഹത്തിൻ്റെ മന്ത്രിയായ ചാണക്യൻ്റെയും കഥകളെ അടിസ്ഥാനമാക്കിയാണ് ഇതിൻ്റെ ഇതിവൃത്തം തയ്യാറാക്കിയിട്ടുള്ളത്. ചന്ദ്രഗുപ്തൻ, ചാണക്യൻ, രാക്ഷസൻ എന്നിവരാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ. മറ്റു സംസ്കൃത നാടകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ശൃംഗാര രസത്തിന് പ്രാധാന്യമില്ല. അഭിനയ പ്രാധാന്യത്തിലും രാഷ്ട്രീയ തന്ത്രങ്ങളുടെ ആവിഷ്കാരത്തിലും മുദ്രാരാക്ഷസം ശാകുന്തളം, ഉത്തരരാമചരിതം തുടങ്ങിയ നാടകങ്ങളേക്കാൾ മികച്ചുനിൽക്കുന്നുവെന്ന് അവതാരികയിൽ ആർ. നാരായണപ്പണിക്കർ പ്രസ്താവിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930-ൽ പ്രസിദ്ധീകരിച്ച, കെ. സാംബശിവ ശാസ്ത്രി എഡിറ്റ് ചെയ്ത രണ്ടു ഭാഷാചമ്പുക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഗജേന്ദ്രമോക്ഷം, രാവണവിജയം എന്നീ രണ്ടു ഭാഷാചമ്പുക്കളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചമ്പുക്കളുടെയും രചയിതാവ് പ്രസിദ്ധനായ പുനം നമ്പൂതിരി ആയിരിക്കാനാണ് സാധ്യതയെന്ന് കെ. സാംബശിവ ശാസ്ത്രി മുഖവുരയിൽ അഭിപ്രായപ്പെടുന്നു. പുനത്തിൻ്റേതെന്ന് ഉറപ്പുള്ള ശ്ലോകങ്ങളിലെ സമാനമായ പദപ്രയോഗങ്ങൾ ഈ കൃതികളിലും കാണപ്പെടുന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സരസമായ സാഹിത്യശൈലിയും പദപ്രയോഗങ്ങളിലെ മനോഹാരിതയും ഈ കൃതികളുടെ പ്രത്യേകതയാണ്.

ശ്രീമൂലം ഗ്രന്ഥാവലി സീരീസിൽ ഇരുപത്തിഅഞ്ചാമത്തെ പുസ്തകമായാണ് രണ്ടു ഭാഷാചമ്പുക്കൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1911-ൽ പ്രസിദ്ധീകരിച്ച, കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ പറങ്ങോടീപരിണയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലെന്നു പ്രശസ്തമായ ഇന്ദുലേഖയുടെ പ്രചാരം അതുപോലെയുള്ള ഒരുപാട് നോവൽരചനകൾക്ക് വഴിയൊരുക്കി. പലതും വെറും അനുകരണമായിരുന്നതിനാൽ അവയെ കളിയാക്കിക്കൊണ്ട് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ എഴുതിയ ആക്ഷേപഹാസ്യനോവലാണ് പറങ്ങോടീ പരിണയം. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്നു വിളിക്കുന്ന കൃതി കൂടിയാണ് ഈ നോവൽ. മലയാള നോവലിൻ്റെ തുടക്കകാലത്തിറങ്ങിയ സ്ത്രീ നാമത്തിലുള്ള നോവലുകളെ കളിയാക്കിക്കൊണ്ടാണ് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോൻ ഈ നോവലെഴുതുന്നത്. എങ്കിലും ഇന്ദുലേഖയെയാണ് കൂടുതൽ കളിയാക്കുന്നതെന്ന് അവതാരികയിൽ നിന്നും മനസ്സിലാക്കാം. മനസ്സിൽ ആദ്യത്തെ നോവൽ കർത്താവാകണമെന്ന് ആഗ്രഹിച്ചു പോയതിനാൽ താനാണ് ആദ്യത്തെ നോവൽ രചയിതാവ് , "ആദിമലയാളഭാഷാനോവൽകർത്താവ്" എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ആകെ പന്ത്രണ്ട് അധ്യായങ്ങളാണ് നോവലിലുള്ളത്. അക്കാലത്തെ നോവലുകളുടെ ഉള്ളടക്കത്തെയും രചനാരീതിയെയും കളിയാക്കുന്ന മട്ടിലാണ് നോവലിൻ്റെ രചനയും. അധ്യായങ്ങൾക്ക് പേരു നൽകിയിട്ടുള്ളതും അത് പൊലെ തന്നെ. കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും, ചെണ്ട കൊട്ടിയത്, മരുമകൻ വക്കീലായതും മകൾ തിരണ്ടതും, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം എന്നിങ്ങനെയാണ് അധ്യായങ്ങളൂടെ പേരുകൾ. പത്താം അധ്യായത്തിന് ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അധ്യായം എന്ന പേരു നൽകിയിരിക്കുന്നത്, ഇന്ദുലേഖയിലെ പ്രസിദ്ധമായ പതിനെട്ടാം അധ്യായത്തെ കളിയാക്കിക്കൊണ്ടാണ്. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതി എന്നീ പുസ്തകങ്ങളെല്ലാം വായിച്ചാൽ മാത്രമേ ഈ പുസ്തകത്തിലെ ഫലിതം മനസ്സിലാവുകയുള്ളൂ എന്ന് മുഖവുരയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായർ എഴുതിയിരിക്കുന്നു

അനുബന്ധമായി വിദ്യാവിനോദിനിയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ "ആഖ്യായിക അല്ലെങ്കിൽ നോവൽ" എന്ന ലേഖനവും അതേ ആനുകാലികത്തിൽ വന്ന "ഒരു എടപ്രഭുവിൻ്റെ ദിനസരി" എന്ന കുറിപ്പും ചേർത്തിട്ടുണ്ട്. ആഖ്യായികയെപ്പറ്റി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ എഴുതിയ ലേഖനമാണ് ഈ നോവലെഴുതാൻ മാർഗദർശകമായതെന്ന് അവതാരികയിൽ രാമൻകുട്ടി മേനോൻ എഴുതിയിരിക്കുന്നു

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1906-ൽ പ്രസിദ്ധീകരിച്ച, രാമായണം പാന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചമ്പുകാവ്യങ്ങളും മഹാകാവ്യങ്ങളും പോലെ പഴയകാലത്ത് രചന നിർവഹിച്ചിരുന്ന സാഹിത്യഗണമാണ് പാനപ്പാട്ടുകൾ. പുത്തൻ പാന, ജ്ഞാനപ്പാന തുടങ്ങി ഈ വിഭാഗത്തിൽ മലയാളത്തിൽ എണ്ണപ്പെട്ട കൃതികൾ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് രാമായണം പാന. കൊല്ലവർഷം 981 മുതൽ 984 വരെ കൊച്ചിരാജ്യത്തിലെ രാജാവായിരുന്ന രാമവർമ്മ രാമായണത്തിലെ സുന്ദരകാണ്ഡത്തെ അവലംബിച്ചെഴുതിയ സുന്ദരകാണ്ഡം പാനയും വലിയ ഇക്കു അമ്മ തമ്പുരാൻ എന്നറിയപ്പെടുന്ന സുഭദ്ര തമ്പുരാട്ടി എഴുതിയ യുദ്ധകാണ്ഡം പാനയും ചേർത്തു പ്രസിദ്ധീകരിച്ചതാണ് ഈ രാമായണം പാന. വായുസംബന്ധമായ രോഗത്താൽ കഷ്ടപ്പെട്ടിരുന്ന രാമവർമ്മ വായുപുത്രനായ ഹനുമാൻ്റെ പ്രസാദം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാണ് ഹനുമാൻ മുഖ്യ കഥാപാത്രമായി വരുന്ന സുന്ദരകാണ്ഡം പാനപ്പാട്ടാക്കി മാറ്റി എഴുതിയത്. ഗ്രന്ഥരചന കൊണ്ട് അദ്ദേഹത്തിൻ്റെ അസുഖം ഭേദമായി എന്നാണ് ഐതിഹ്യം. ഇന്ന് പ്രസിദ്ധരല്ലാത്ത ഈ രണ്ട് എഴുത്തുകാരെപ്പറ്റിയും അവരുടെ രചനകളെപ്പറ്റിയും വിശദമായി പ്രസ്താവനയിൽ മാണിക്കത്ത് ശങ്കരമേനോൻ എഴുതിയിട്ടുണ്ട്.

വരികൾ തിരിക്കാതെ പഴയരീതിയിലാണ് പാന അച്ചടിച്ചിട്ടുള്ളത്. അച്ചടിപ്പിഴവുകൾക്ക് അവസാനം ശുദ്ധിപത്രവും കൊടുത്തിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 – ൽ പ്രസിദ്ധീകരിച്ച, ഇസ്ലാം ബാലബോധിനി അഥവാ നമസ്കാരക്രമം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുട്ടികളുടെ മതപഠനം ലക്ഷ്യമാക്കി രചിക്കപ്പെട്ട പുസ്തകമാണിത്. ഇസ്ലാം മതത്തിലെ വിശ്വാസങ്ങളെയും വിശ്വാസ ലംഘനങ്ങളെയും കുറിച്ച് വളരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ലളിതമായ ഭാഷയിൽ ചോദ്യോത്തര രൂപത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഇതിൽ വന്നു പോകുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 – ൽ പ്രസിദ്ധീകരിച്ച, സ്വാമി വിവേകാനന്ദൻ രചിച്ച ചിക്കാഗോ പ്രസംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1893 ൽ ചിക്കാഗോയിൽ വച്ച് നടന്ന സർവ്വരാഷ്ട്രമത മഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പല ദേശങ്ങളിൽ നിന്നും വന്ന അനേകം ആത്മീയ ചിന്തകന്മാർക്കിടയിൽ ഭാരതത്തെ പ്രതിനിധീകരിച്ചത് മുപ്പതുകാരനായ സ്വാമി വിവേകാനന്ദൻ ആയിരുന്നു. സ്വാഗത പ്രസംഗത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഹിന്ദു ധർമ്മത്തെ കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിച്ചു. ചില വിയോജനക്കുറിപ്പുകളും മതത്തിന് നൽകേണ്ട സ്ഥാനവും അദ്ദേഹം ആ പ്രസംഗത്തിൽ വിശദമാക്കി. ബുദ്ധമതത്തിൻ്റെ പ്രസക്തിയും ആ പ്രസംഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു. തുടർന്ന് സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1945-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവനകൗമുദി ആനുകാലികത്തിൽ നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ഓട്ടൻ തുള്ളൽ കൃതിയാണ് ഈ പുസ്തകം. മഹാവിഷ്ണുവിൻ്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ്റെ നാടുവാഴ്ചയെ പറ്റി പ്രതിപാദിക്കുന്നതാണ് തുള്ളൽ കൃതിയുടെ പ്രതിപാദ്യവിഷയം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1944-ൽ പ്രസിദ്ധീകരിച്ച, നാലപ്പാട്ട് നാരായണമേനോൻ എഴുതിയ ദൈവഗതി എന്ന ഓട്ടൻ തുള്ളൽ പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ടിൻഡൽ എന്ന ശാസ്ത്ര പണ്ഡിതൻ്റെ "ബെൽഫാസ്റ്റ് അഡ്രസ്സ്" എന്ന ശാസ്ത്രീയ പ്രസംഗത്തിൻ്റെ മലയാള തർജ്ജമയാണ് ഈ കൃതി. പ്രകൃതിശാസ്ത്രം, ജീവശാസ്ത്രം എന്നീ രണ്ടു പ്രധാന വകുപ്പുകളിൽ യൂറോപ്പിൽ ഉണ്ടായിട്ടുള്ള വിമർശനങ്ങളെയാണ് ടിൻഡൽ തൻ്റെ പ്രസംഗത്തിന് മുഖ്യമായി വിഷയീകരിച്ചിട്ടുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1939-ൽ പ്രസിദ്ധീകരിച്ച, സാഹിത്യഭൂഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വെണ്മണി പി. വി. ചാക്കോ, വിദ്വാൻ എം. ഒ. അവരാ എന്നിവർ ചേർന്ന് സമാഹരിച്ച ഗ്രന്ഥമാണ് 'സാഹിത്യഭൂഷണം'. രസാത്മകമായ കാവ്യകൃതികൾ വായിക്കാനുള്ള സൗകര്യം എല്ലാവർക്കും ലഭിക്കാത്തതിനാൽ അവയുടെ മാധുര്യത്തെ യുവജനങ്ങൾക്കു പരിചയപ്പെടുത്തുകയും അതുവഴി അവരിൽ നല്ല മനോഭാവം വളർത്തുകയുമാണ് പുസ്തകത്തിൻ്റെ ഉദ്ദേശം. പൂർവ്വ-ഉത്തര ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിൽ ആദ്യഭാഗത്ത് ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ഉണ്ണായി വാര്യർ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കൊച്ചുണ്ണി തമ്പുരാൻ, കട്ടക്കയം ചെറിയാൻ മാപ്പിള, കുമാരനാശാൻ എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ കാവ്യരചനാതന്ത്രങ്ങളും ചുരുക്കി വിവരിക്കുന്നു. എട്ട് ലേഖനങ്ങളാണ് ഈ ഭാഗത്തുള്ളത്.

ഉത്തര ഭാഗത്ത് മേൽപ്പറഞ്ഞ കവികൾക്ക് പുറമേ ഉള്ളൂർ, വള്ളത്തോൾ, കുറ്റിപ്പുറത്തു കേശവൻ നായർ, കെ.വി സൈമൺ, ജി. ശങ്കരക്കുറുപ്പ്. കെ.എം മാത്തൻ തരകൻ എന്നിവരുടെ രചനകളേയും ഉൾപ്പെടുത്തിയിരിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി എല്ലാ കാവ്യഭാഗങ്ങൾക്കും ആമുഖക്കുറിപ്പും നൽകിയിട്ടുണ്ട്. സാഹിത്യപഞ്ചാനനൻ പി.കെ നാരായണപ്പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എ.ആർ രാജരാജവർമ്മയുടെ ഭാഷാഭൂഷണത്തിൻ്റെ തുടർച്ചയായി 1928-ൽ പ്രസിദ്ധീകരിച്ച കുട്ടിക്കൃഷ്ണമാരാരുടെ പ്രസിദ്ധകൃതിയായ 'സാഹിത്യഭൂഷണ'വുമായി പേരിൻ്റെ കാര്യത്തിൽ ഈ കൃതിക്ക് സാമ്യമുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച വിജ്ഞാനദീപിക - മൂന്നാം ഭാഗം എന്ന  പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിജ്ഞാനദീപിക എന്ന ഗ്രന്ഥപരമ്പരയുടെ മൂന്നാമത്തെ അങ്കമായാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പതിന്നാല് ഉപന്യാസങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഒന്നാമത്തേത് മാതൃഭൂമിയുടെ ഒരു വിശേഷാൽ പ്രതിയിലും രണ്ടാമത്തേത് മലയാള മനോരമയിലും  മൂന്നാമത്തേത് കൈരളിയിലും നാലാമത്തേത് രണ്ടാമത്തെ സാഹിത്യപരിഷത്ത് സമ്മേളനത്തിൻ്റെ റിപ്പോർട്ടിലും ആറാമത്തേത് ഭാഷാപോഷിണിയിലും പതിനൊന്നാമത്തേതും പന്ത്രണ്ടാമത്തേതും സഹൃദയയിലും ബാക്കിയുള്ള ആറെണ്ണം സാഹിത്യപരിഷത്ത്രൈമാസികയിലും ഓരോ അവസരത്തിൽ പ്രകാശനം ചെയ്തിട്ടുള്ളതാണ്. അവയെ സമാഹരിച്ച് ആവശ്യമുള്ള ഭേദം വരുത്തി പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്  ഗ്രന്ഥകർത്താവായ ഉള്ളൂർ എസ്. പരമേശ്വരയ്യർ.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912-ൽ പ്രസിദ്ധീകരിച്ച, പി. പി രാമയ്യർ എഴുതിയ സാഹിത്യസാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിൽ മലയാള ഭാഷയിൽ പ്രബന്ധം എഴുതുന്നതിനെ കുറിച്ചുള്ള വിവരണവും, 100 വിഷയങ്ങളുടെ സംഗതിക്കുറിപ്പുകളും അടങ്ങിയിരിക്കുന്നു. ഒരു വിഷയത്തെക്കുറിച്ച് പ്രബന്ധം എഴുതാൻ ആവശ്യമായ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യമെന്ന് ഗ്രന്ഥകർത്താവ് സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, സി.കെ. വാസുദേവശർമ്മ വ്യാഖ്യാതാവായ മുഹൂർത്തപദവി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ ജ്യോതിഷത്തിലെ മുഹൂർത്തനിർണ്ണയത്തിന് ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന ഗ്രന്ഥമാണ് മുഹൂർത്തപദവി. മുഹൂർത്തം കുറിക്കുമ്പോൾ ഒഴിവാക്കേണ്ട ഉൽക്ക, ഉപരാഗം, ഗണ്ഡാന്തം, വിഷ്ടി തുടങ്ങി ഇരുപതോളം നിത്യദോഷങ്ങളെക്കുറിച്ച് ഈ വ്യാഖ്യാനത്തിൽ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കൂടാതെ പുംസവനം, നാമകരണം, ചോറൂണ്, വിദ്യാരംഭം, ഉപനയനം തുടങ്ങി മനുഷ്യജീവിതത്തിലെ പ്രധാന ചടങ്ങുകൾക്കെല്ലാം അനുയോജ്യമായ സമയക്രമം ഇതിൽ നൽകിയിട്ടുണ്ട്. ഗൃഹാരംഭം, വിവാഹം, കൃഷിയുമായി ബന്ധപ്പെട്ട വിതയ്ക്കൽ, വിളവെടുപ്പ് തുടങ്ങിയ ലൗകിക കർമ്മങ്ങൾക്കുള്ള ശുഭസമയങ്ങളും ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു.  ചുരുക്കത്തിൽ, മുഹൂർത്തങ്ങളിലെ സങ്കീർണ്ണമായ സംശയങ്ങൾ ദൂരീകരിക്കാൻ ജ്യോതിഷികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സമഗ്രമായ ഒരു വഴികാട്ടിയാണിത്.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.