Release notes

2,924 release notes

1951 ൽ Andru Puthenparampil, Antony Nedumpuram എന്നിവർ പരിഭാഷപ്പെടുത്തിയ നീഗ്രോകളുടെ നിരയിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സാമൂഹ്യനീതിയുടെ മധ്യസ്ഥനായി വർണ്ണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സേവിച്ച വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്സ്. 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ മാർട്ടിൻ ഡി പോറസ്സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മാർട്ടിൻ ഡി പോറസ്സിനെ അധികരിച്ച് ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള Lad of Lima എന്ന ചെറുഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ 'കൗമുദി കുറിപ്പുകൾ' എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. 'കിറുക്കുകൾ' എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.

അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1920 ൽ പ്രസിദ്ധീകരിച്ച കളപ്പുരക്കൽ അന്ത്രയോസ് മൽപ്പാനച്ചൻ - സിൽവർ ജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

സാത്വികനായ വൈദികൻ, ഭാഷാഭിമാനിയായ പത്രപ്രവർത്തകൻ, പൊതുഗുണകാംക്ഷിയായ പ്രസാധകൻ, ശിഷ്യവൽസലനായ ആചാര്യൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കളപ്പുരക്കൽ അന്ത്രയോസ് കത്തനാരുടെ ഗുരുപ്പട്ടാഭിഷേകത്തിൻ്റെയും മൽപ്പാൻ പദാരോഹണത്തിൻ്റെയും രജതജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്.

അദ്ദേഹത്തിൻ്റെ സംക്ഷിപ്ത ജീവ ചരിത്രം, ജൂബിലി ആഘോഷത്തിൻ്റെ വിശദ വിവരങ്ങൾ, മംഗള ശ്ലോകങ്ങൾ, ആഘോഷപരിപാടികളുടെ വിവരങ്ങൾ, പോപ്പ് ബനഡിക്റ്റ് പതിനഞ്ചാമൻ്റെ ഓട്ടോഗ്രാഫ്, സഭാ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങൾ, മാത്യു ചെന്നാട്ട് എഴുതിയ മൽപ്പാൻ ചരിതം തുള്ളൽ പാട്ട് എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2024 ൽ  Munnar GHS/GVHHS Old Students Association പ്രസിദ്ധീകരിച്ച Centennial Souvenir - 100 Years of Munnar Flood എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു 1924 ലെ വെള്ളപ്പൊക്കം. കൊല്ലവർഷം1099ൽ നടന്നതുകൊണ്ട് 99 ലെ വെള്ളപ്പൊക്കം എന്ന പേരിലാണ് ഈ സംഭവം പരക്കെ അറിയപ്പെടുന്നത്. ഈ ദുരന്തത്തിൻ്റെ നൂറാം വാർഷികത്തിൽ പ്രസിദ്ധപ്പെടുത്തിയ സ്മരണികയാണിത്. കുണ്ടളവാലി എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സർവ്വീസ് ഈ ദുരന്തത്തോടെ തുടച്ചുനീക്കപ്പെട്ടു. ഈ ദുരന്തത്തിൻ്റെ പ്രധാന വിവരങ്ങളും ഓർമ്മകളുമാണ്ട് സ്മരണികയിലെ ഉള്ളടക്കം. 1924 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്നാറിനുണ്ടായ നേട്ടങ്ങളും, കഷ്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു സ്മരണിക കൂടിയാണിത്. ഗതാഗതം, ഉത്പാദനം, കച്ചവടം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ മൂന്നാറിലുണ്ടായ പുരോഗതികൾ സ്മരണികയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2010-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ സ്വദേശാഭിമാനി പ്രതിഭാവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

രാജ്യസ്നേഹിയും സാമുഹ്യ പരിഷ്കർത്താവുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന കൃതിയാണിത്. അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനം, ഭാഷാ പരിഷ്കരണ ശ്രമങ്ങൾ, പുസ്തക രചന, പാഠപുസ്തകങ്ങൾ, സ്വദേശാഭിമാനി പ്രസ്ഥാനം തുടങ്ങിയവ പഠനത്തിന് വിധേയമാക്കുന്ന ജീവചരിത്രമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

2010 ൽ പ്രസിദ്ധീകരിച്ച Episcopal Ordination - George Njaralakatt Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാണ്ഡ്യ രൂപതയുടെ ഉദ്ഘാടനത്തോടും അതിൻ്റെ ആദ്യത്തെ ബിഷപ്പായി ജോർജ്ജ് ഞറളക്കാട് അഭിഷിക്തനായതിൻ്റെയും അനുബന്ധമായി പുറത്തിറക്കിയതാണ് ഈ സ്മരണിക. മറ്റു ബിഷപ്പുമാരുടെയും സഭാ നേതാക്കന്മാരുടെയും ആശംസകൾ, സി.എം.ഐ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും, പ്രോഗ്രാം കമ്മറ്റിയുടെ വിശദാംശങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1986-ൽ അച്ചടിച്ച, ചട്ടമ്പി സ്വാമികൾ രചിച്ച വേദാധികാര നിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വേദം പഠിക്കുന്നത് സംബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ വിമർശന പാഠങ്ങൾ ശിഷ്യന്മാർ ശേഖരിച്ച് 1921-ൽ അച്ചടിച്ച പുസ്തകത്തിൻ്റെ പുതിയ പതിപ്പാണിത്. വേദവും വേദാന്തവും ശൂദ്രർ തുടങ്ങിയ ജാതികൾക്ക് നിഷേധിക്കുന്നതിനെ വിമർശിച്ചതിനാൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പാലക്കാട് ജില്ലയിലെ ചന്ദ്രനഗർ ഭാരത് മാതാ ഹൈ സ്കൂളിൻ്റെ 2001 ൽ ഇറങ്ങിയ സ്മരണികയായ Bharathmatha - Dawn - Souvenir ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്രാധിപകുറിപ്പ്, പത്രാധിപസമിതി വിവരങ്ങൾ, സ്കൂളിലെ പ്രധാന ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ വിവരങ്ങൾ, അധ്യാപകർ, അനധ്യാപകർ, വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ എന്നിവരുടെ ഗ്രൂപ്പ് ഫോട്ടോകൾ, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെഴുതിയിട്ടുള്ള വിദ്യാർത്ഥികളുടെ സർഗ്ഗ സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2009-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ ചാൾസ് ഡാർവിൻ - ജീവിതവും കാലവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ജീവജാലങ്ങളുടെ ഉല്പത്തി, പരിണാമം എന്നിവ സംബന്ധിച്ച കണ്ടുപിടിത്തം വഴി ശാസ്ത്രത്തിൻ്റെ ഗതി മാറ്റിയ ചാൾസ് ഡാർവിൻ്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന സചിത്ര പുസ്തകമാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് പല ശാസ്ത്രജ്ഞരെയും എഴുത്തുകാരെയും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, മാർക്സിയൻ ചിന്തകനായ ഗ്രന്ഥകർത്താവ്, ഡാർവിൻ്റെ സിദ്ധാന്തം മാർക്സിനെ സ്വാധീനിച്ചതെങ്ങനെ എന്നും, ഡാർവിനും ഡാർവിനിസത്തിനും ക്രിസ്തുമതവുമായുണ്ടായ സംഘർഷവും മാർക്സിയൻ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1944 ൽ പ്രസിദ്ധീകരിച്ച എസ്സ്. തേവർമഠം രചിച്ച ആലപ്പാട്ട് തിരുമനസ്സുകൊണ്ട് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1944 ൽ തൃശൂർ രൂപതയിലെ മെത്രാനായി അഭിഷിക്തനായ ആലപ്പാട്ട് ഗീവർഗ്ഗീസ് മെത്രാനച്ചൻ്റെ മെത്രാഭിഷേകവേളയിൽ പ്രസിദ്ധീകരിച്ചതാണ് ഈ കൃതി. മെത്രാനച്ചൻ്റെ സംക്ഷിപ്തജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1934 ൽ പ്രസിദ്ധീകരിച്ച മയ്യനാട്ട് എ ജോൺ രചിച്ച അന്തോനി പാദുവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മഹാത്മാക്കൾ എന്ന് ജീവചരിത്രപരമ്പരയിലെ ഒന്നാമത്തെ പുസ്തകമാണ് അന്തോനി പാദുവാ. ഒരു അദ്ഭുത പ്രവർത്തകനായി അറിയപ്പെടുന്ന സെൻ്റ് ആൻ്റണിയുടെ ജീവചരിത്രം ആണ് ഈ പുസ്തകം. അനേകം ഇംഗ്ലീഷ് ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള അദ്ദേഹത്തെ പറ്റിയുള്ള തെറ്റിധാരണകളും, അന്ധ വിശ്വാസങ്ങളും നീക്കി ശരിയായ അറിവ് പ്രദാനം ചെയ്യുന്ന പുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1975ൽ പാലാ രൂപത പ്രസിദ്ധീകരിച്ച Silver Jubilee Souvenir Palai Diocese എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സഹോദരൻ സെബാസ്റ്റ്യൻ വയലിലിൻ്റെ മെത്രാൻ പദപ്രാപ്തിയുടെയും പാലാ രൂപതാ സ്ഥാപനത്തിൻ്റെയും രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, സഭാ മേലദ്ധ്യക്ഷന്മാർ എന്നിവരുടെ ആശംസകൾ, രൂപതാസ്ഥാപനത്തിൻ്റെ ചരിത്രം, അഭിവന്ദ്യ പിതാവിനുള്ള ആശംസകൾ, രൂപതയിലെ വിവിധ സന്യാസസഭകളെ കുറിച്ചുള്ള വിശദാംശങ്ങൾ, രൂപതയിലെ പുരാതന ദേവാലയങ്ങൾ, 1950 മുതൽ 1975 വരെയുള്ള കാലയളവിൽ സഭയിൽ നടന്ന പ്രധാന സംഭവങ്ങൾ ഉൾക്കൊള്ളുന്ന ഡയറിക്കുറിപ്പുകൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.