Release notes

2,924 release notes

1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) - സിപിഐ ഭിന്നത  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) - സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1966 ൽ St. Joseph's Pontifical Seminary, Alwaye പ്രസിദ്ധീകരിച്ച റാസ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1957 ൽ പ്രസിദ്ധീകരിച്ച തോമസ് മൂത്തേടൻ രചിച്ച മരിയൻ ശാസ്ത്രം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ദൈവമാതാവിനെ കുറിച്ചുള്ള മാർപാപ്പമാരുടെ തിരുവെഴുത്തുകൾ സമാഹരിച്ച് എഴുതിയിട്ടുള്ളതാണ് ഈ ലേഖന സമാഹാരം. മരിയൻ ശാസ്ത്രം, ജപമാല ഭക്തി, മരിയൻ ഭക്തി എന്നീ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ ഒന്നാമത്തേതാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്

1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Read and Remember Teaching Unit സീരീസിൽ പ്രസിദ്ധപ്പെടുത്തിയ Grimm Stories - A Book of Fireside tales എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ

1999 ൽ കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച മലയാളം -  അധ്യാപക സഹായി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1946 ൽ പ്രസിദ്ധീകരിച്ച കെ.എസ്സ്. ദേവസ്യാ രചിച്ച ഭാരതമിഷ്യനും യുവജനങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാ മിഷ്യൻ്റെ പ്രവർത്തനങ്ങളെ പറ്റി അഗാധമായ അറിവുള്ള രചയിതാവ് ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ എഴുതിയ കൃതിയാണിത്. ഭാവി തലമുറകളിൽ മിഷ്യൻ ചൈതന്യം അങ്കുരിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ഉപകരിക്കുന്ന വളരെ ബുദ്ധിപൂർവ്വകമായ പല നിർദ്ദേശങ്ങളും നൽകുന്നതോടൊപ്പം തന്നെ മിഷ്യനെ പറ്റി പഠിക്കുന്നതിൻ്റെ ആവശ്യകതയും അതിൻ്റെ മാഹാത്മ്യവും ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിൽ വിശദമാക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പി ഗോവിന്ദപ്പിള്ള രചിച്ച ഇ.എം.എസും മലയാള സാഹിത്യവും  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

രാഷ്ട്രീയരംഗത്ത് എന്ന പോലെ സാംസ്കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇ എം എസ് എന്ന ധിഷണാശാലിയുടെ സാഹിത്യരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലുമുള്ള സൂക്ഷ്മവിചാരങ്ങൾ വിശകലനം ചെയ്യുന്ന കൃതിയാണ് പി ഗോവിന്ദപ്പിള്ളയുടെ  'ഇ എം എസും മലയാളസാഹിത്യവും'. പ്രതിഭയുടെ പ്രഭാവം, പ്രസ്ഥാനവും പ്രത്യയശാസ്ത്രവും, പ്രതിഭാസംഗമം, സാഹിത്യപ്രപഞ്ചം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി ഇം എം എസിന്റെ ഗ്രന്ഥങ്ങളുടെ രചനാപശ്ചാത്തലം, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷം, നിരൂപണവൈദഗ്ധ്യം, പ്രത്യയശാസ്ത്രവീക്ഷണം എന്നിവ വിശദീകരിക്കുന്നു. മലയാളത്തിലെ മാർക്സിസ്റ്റുനിരൂപണത്തിനു അടിത്തറപാകിയ അടിസ്ഥാന സങ്കല്പങ്ങളെയും ഗോവിന്ദപ്പിള്ള ആലോചനയ്ക്കു വിധേയമാക്കുന്നുണ്ട്. അനുബന്ധങ്ങളായി 1992 ഏപ്രിൽ 26-27 തീയതികളിൽ പെരുമ്പാവൂരിൽ ചേർന്ന പുരോഗമന കലാസാഹിത്യസംഘത്തിന്റെ സാഹിത്യസമ്മേളനരേഖയും ഇ എം എസിന്റെ ജീവിതരേഖയും നൽകിയിരിക്കുന്നു.

പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തെ സജീവമാക്കുന്നതിന് ഇ എം എസിനോടൊപ്പം പ്രവർത്തിച്ച എം എൻ കുറുപ്പിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്.

2006 ഏപ്രിലിൽ ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നു. 2011-ൽ കോട്ടയം ഡി സി ബുക്സ് ഇറക്കിയ രണ്ടാം പതിപ്പാണ് ഇപ്പോൾ സ്കാൻ ചെയ്ത് പ്രസിദ്ധീകരിക്കുന്നത്.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

1944  ൽ പ്രസിദ്ധീകരിച്ച  ചാറൽസ് രചിച്ച ജ്ഞാനധ്യാനമിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ധ്യാനം എന്നാൽ എന്ത്, ജ്ഞാനധ്യാനങ്ങളുടെ അവസരങ്ങളിൽ ഓരോരൊ വിഷയങ്ങളെ കുറിച്ചുള്ള ധ്യാനം, ആത്മശോധന, വാചാപ്രാർത്ഥന, ജ്ഞാനവായന തുടങ്ങി വിവിധ അഭ്യാസങ്ങളുടെ വിവരണങ്ങൾ എന്നിവയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. വളരെ നേരം പ്രാർത്ഥനയിൽ മുഴുകുന്നതിനും, ആത്മീയമായ ഏകാന്തത പാലിക്കുന്നതിനും, ആത്മപരിശോധനയിലൂടെ ഗുണഗണങ്ങളെ മനസ്സിലാക്കുന്നതിനും അഞ്ചോ എട്ടോ ദിവസം തനിച്ചിരുന്നു പ്രാർത്ഥിക്കുന്നതിനും ഈ ഗ്രന്ഥം ഉപകരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

സി.വി. താരപ്പൻ പ്രസിദ്ധീകരിച്ച അന്യഭാഷകളൊ വ്യാജാത്മാക്കളൊ എന്ന ക്രൈസ്തവ ലഘുലേഖയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.

1979 ൽ പ്രസിദ്ധീകരിച്ച ബോറിസ് പുർട്ടിൻ രചിച്ച രാഷ്ട്രീയ സംജ്ഞാകോശം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ സംജ്ഞാകോശം മുന്നൂറോളം രാഷ്ട്രീയ സംജ്ഞകളെയും സങ്കല്പങ്ങളെയും മാർക്സിസ്റ്റ് ലെനിനിസ്റ്റ് വീക്ഷണത്തിൽ നിന്ന് വിശദീകരിക്കുന്നു. ഇന്ന് റേഡിയോ ടെലിവിഷൻ പ്രക്ഷേപണങ്ങളിലും പത്രങ്ങളിലും, രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രചനകളിലും ഉപയോഗിക്കപ്പെടുന്ന സംജ്ഞകളും സങ്കല്പങ്ങളുമാണവ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.