Release notes

2,924 release notes

1969-ൽ പ്രസിദ്ധീകരിച്ച, എം.പി. പോൾ എഴുതിയ സാഹിത്യവിചാരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

സാഹിത്യവിമർശകനും ചിന്തകനുമായിരുന്ന എം. പി. പോളിൻ്റെ ശ്രദ്ധേയമായ ഉപന്യാസങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമാണ് 'സാഹിത്യവിചാരം'. സംസ്കൃതജടിലമായ പദപ്രയോഗങ്ങൾ ഒഴിവാക്കി, തികച്ചും ആത്മാർത്ഥവും വ്യക്തിത്വമുള്ളതുമായ ഗദ്യശൈലിയാണ് പോൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. പ്രശസ്ത നിരൂപകനായ ഗുപ്തൻ നായർ എഴുതിയ അവതാരികയിൽ "ഇങ്ങനെ നൂറു ശതമാനവും അനുകൂലിച്ചു കൊണ്ട് മറ്റൊരു വിമർശന ഗ്രന്ഥവും ഞാൻ വായിച്ചു തീർത്തിട്ടുള്ളതായി ഓർക്കുന്നില്ല" എന്ന് എഴുതിയിരിക്കുന്നു

മലയാള സാഹിത്യവിമർശന രംഗത്ത് ശാസ്ത്രീയവും യുക്തിസഹവുമായ കാഴ്ചപ്പാട് പുലർത്തിയ ഗ്രന്ഥമാണ് 'സാഹിത്യവിചാരം'. ആസ്വാദനവും ബുദ്ധിപരമായ അപഗ്രഥനവും ഒരുപോലെ സമന്വയിക്കുന്ന ഈ ഉപന്യാസങ്ങൾ ഭാഷാപഠിതാക്കൾക്കും സാഹിത്യപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1965 – ൽ പ്രസിദ്ധീകരിച്ച, ഭാരതത്തിലെ മഹാന്മാർ - മൂന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ 'ഭാരതത്തിലെ മഹാന്മാർ' എന്ന ഈ പുസ്തക പരമ്പര. ഗവണ്മെൻ്റിൻ്റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം തയ്യാറാക്കിയ ഈ ഗ്രന്ഥം, ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ ജീവിതത്തെയും അവരുടെ പ്രവർത്തനങ്ങളെയും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒന്നാണ്. വിവിധ ഭാഗങ്ങളായി ഇറങ്ങിയിട്ടുള്ള ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്രത്തിനും അടിത്തറയിട്ട പ്രമുഖ വ്യക്തികളുടെ ലഘുജീവചരിത്രങ്ങളിലാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1932-ൽ പ്രസിദ്ധീകരിച്ച,  പി. കൃഷ്ണൻ നായർ വ്യഖ്യാനം നിർവ്വഹിച്ച നിവാതകവചകാലകേയവധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി.കൃഷ്ണൻ നായർ സവ്യാഖ്യാനം എഴുതിയ ഈ ഗ്രന്ഥം മഹാഭാരതത്തിലെ അർജുനൻ്റെ വീരകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ആട്ടക്കഥാ കൃതിയാണ്. നിവാതകവചകാലകേയവധം മഹാഭാരതത്തിലെ വനപർവവുമായി ബന്ധപ്പെട്ട അർജുനൻ്റെ ദിവ്യയാത്രയും അസുരന്മാരുമായുള്ള യുദ്ധവും പ്രമേയമാക്കിയ ആട്ടക്കഥയാണ്. കഥകളിയുടെ വേദിയിൽ അവതരിപ്പിക്കാവുന്ന രീതിയിൽ വീരരസത്തിനും യുദ്ധരംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ വികസിക്കുന്നത്. അർജുനൻ പാണ്ഡവരുടെ വനവാസകാലത്ത് കഠിനമായ തപസ്സും ആയുധവിദ്യാഭ്യാസവും നടത്തി ദിവ്യാസ്ത്രങ്ങൾ നേടുന്നു. ഇന്ദ്രൻ്റെ അനുഗ്രഹത്താൽ സ്വർഗ്ഗലോകത്ത് എത്തുന്ന അർജുനന് വിവിധ ദിവ്യാസ്ത്രങ്ങളും യുദ്ധവിദ്യകളും ലഭിക്കുന്നു. അക്കാലത്ത് നിവാതകവചർ എന്ന അതിശക്തരായ അസുരന്മാർ ദേവന്മാർക്ക് വലിയ ഭീഷണിയായിരുന്നു. അവരുടെ ശരീരത്തെ സംരക്ഷിക്കുന്ന ശക്തമായ കവചം കാരണം സാധാരണ ആയുധങ്ങൾ കൊണ്ട് അവരെ പരാജയപ്പെടുത്തുക വളരെ പ്രയാസമായിരുന്നു. ഇന്ദ്രൻ്റെ നിർദ്ദേശപ്രകാരം അർജുനൻ അവരോടു യുദ്ധം ചെയ്യുന്നു. തുടർന്ന് കാലകേയന്മാരുമായും അർജുനന് ഏറ്റുമുട്ടേണ്ടിവരുന്നു. അനേകം അസുരന്മാർ ഒന്നിച്ചെത്തി അർജുനനെ ആക്രമിക്കുന്ന ശക്തമായ യുദ്ധരംഗങ്ങളാണ് കഥയിലെ പ്രധാന ഭാഗം. അർജുനൻ തൻ്റെ ഗാണ്ഡീവവും ദിവ്യാസ്ത്രങ്ങളും ഉപയോഗിച്ച് ശത്രുസൈന്യത്തെ നേരിടുന്നു.ഒടുവിൽ അർജുനൻ്റെ അസാമാന്യമായ വീര്യം, ആയുധപാടവം, ഏകാഗ്രത, ദൈവികശക്തി എന്നിവയുടെ മുന്നിൽ നിവാതകവചന്മാരും കാലകേയന്മാരും പരാജയപ്പെടുന്നു. അവരുടെ വധത്തോടെ ദേവന്മാർക്ക് ഉണ്ടായിരുന്ന വലിയ ഭീഷണി അവസാനിക്കുന്നു.ഇതാണ് പുസ്തകത്തിലെ പ്രധാന പ്രമേയം.

രവിശങ്കർ നായർ തിരുവനന്തപുരം ശേഖരത്തിൽ നിന്നും ലഭിച്ച 1876 ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള തുള്ളൽ കഥ 2023 നവംബർ 8 നു റിലീസ് ചെയ്തിരുന്നു.( https://gpura.org/blog/1876-nivathakavacha-kalakeyavadham-thullalkadha/)

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1942-ൽ ശ്രീമൂലം ഭാഷാഗ്രന്ഥാവലി പ്രസിദ്ധീകരിച്ച, കല്യാണസൗഗന്ധികം ഭാഷാചമ്പു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയ കാവ്യകൃതിയാണ് ഈ പുസ്തകം. പാണ്ഡവരുടെ വനവാസകാലത്ത് ഭീമൻ ദ്രൗപദിക്കുവേണ്ടി സൗഗന്ധികപുഷ്പം തേടി പുറപ്പെടുന്നതും, യാത്രാമധ്യേ ഹനുമാനെ കണ്ടുമുട്ടുന്നതും, ഭീമൻ്റെ അഹങ്കാരം ഹനുമാൻ പരീക്ഷിക്കുന്നതുമാണ് ഈ കഥയുടെ പ്രധാന പശ്ചാത്തലം. ഗദ്യവും പദ്യവും ഇടകലർത്തി അവതരിപ്പിക്കുന്ന ചമ്പു ശൈലിയിലാണ് കൃതി രചിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സി.വി. സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1930 - ൽ പ്രസിദ്ധീകരിച്ച, രാമചരിതം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. ചീരാമകവി രചിച്ചതെന്നു കരുതപ്പെടുന്ന ഈ കാവ്യം രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ഇതിനെ വിലയിരുത്തപ്പെടുന്നു. ഈ പുസ്തകം മദ്രാസ് സർവ്വകലാശാല 1925 - ൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചതാണ്. ഗണപതി, സരസ്വതി, ശിവൻ തുടങ്ങിയ ദേവന്മാരോടുള്ള പ്രാർത്ഥനയോടെയാണ് കാവ്യം ആരംഭിക്കുന്നത്.യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിൻ്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ.

ഹനുമാൻ ലങ്കയിൽ പോയി സീതാദേവിയെ കണ്ട വിവരങ്ങളും ലങ്കയുടെ കാവൽ സംവിധാനങ്ങളെക്കുറിച്ചും ശ്രീരാമനെ അറിയിക്കുന്നതാണ് തുടർന്നുള്ള പ്രധാന ഭാഗം. ഇതുകേട്ട് കോപിഷ്ഠനായ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു. സുഗ്രീവൻ, ഹനുമാൻ, അംഗദൻ തുടങ്ങിയ വാനരശ്രേഷ്ഠർ ഇതിനുള്ള യുദ്ധ തയ്യാറെടുപ്പുകൾ നടത്തുന്നു. മറുവശത്ത് ലങ്കയിൽ, വാനരസേനയുടെ വരവിനെക്കുറിച്ച് രാവണൻ മന്ത്രിമാരുമായി ചർച്ച ചെയ്യുന്നു. സീതയെ ശ്രീരാമന് തിരികെ നൽകി യുദ്ധം ഒഴിവാക്കണമെന്ന് വിഭീഷണൻ ഉപദേശിക്കുന്നുവെങ്കിലും, അഹങ്കാരിയായ രാവണൻ അത് നിരസിക്കുകയും വിഭീഷണനെ അപമാനിക്കുകയും ചെയ്യുന്നു. തുടർന്ന് വിഭീഷണൻ ലങ്ക ഉപേക്ഷിച്ച് ശ്രീരാമൻ്റെ പക്ഷത്തു ചേരുന്നു.

ശ്രീരാമനും സൈന്യവും സമുദ്രത്തിന് കുറുകെ നളൻ്റെ നേതൃത്വത്തിൽ സേതുബന്ധനം നടത്തി ലങ്കയിൽ പ്രവേശിക്കുന്നു. വാനരസേനയുടെ വലിപ്പവും ശക്തിയും രാവണൻ്റെ ചാരന്മാർ വന്ന് രാവണനെ അറിയിക്കുന്നു. ഇതിനിടയിൽ രാവണൻ മായയിലൂടെ ശ്രീരാമൻ്റെ വെട്ടേറ്റ തല സീതയെ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും, സരമ എന്ന രാക്ഷസി സീതയെ സത്യാവസ്ഥ പറഞ്ഞ് ആശ്വസിപ്പിക്കുന്നു. തുടർന്ന് വാനരസേന ലങ്കയുടെ കോട്ടവാതിലുകൾ വളയുകയും, രാക്ഷസന്മാരും വാനരന്മാരും തമ്മിൽ മരങ്ങളും മലകളും ആയുധങ്ങളും ഉപയോഗിച്ചുള്ള അതിഭീകരമായ യുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഇത്രയും കഥാ സന്ദർഭങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952-ൽ പ്രസിദ്ധീകരിച്ച, ചേലന്നാട്ട് അച്യുതമേനോൻ രചിച്ച സ്മരണാഞ്ജലി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യ ചരിത്രത്തിൽ വ്യക്തിചിത്രങ്ങൾക്കും ഓർമ്മക്കുറിപ്പുകൾക്കും എന്നും പ്രത്യേക സ്ഥാനമുണ്ട്. ഡോ. ചേലന്നാട്ട് അച്യുതമേനോൻ്റെ 'സ്മരണാഞ്ജലി' എന്ന ഗ്രന്ഥം അത്തരത്തിൽ അമൂല്യമായ ഒരു ഓർമ്മച്ചെപ്പാണ്. തൻ്റെ ജീവിതയാത്രയിൽ സ്വാധീനം ചെലുത്തിയ സാഹിത്യ-സാംസ്കാരിക നായകന്മാരെ തികഞ്ഞ ആദരവോടെയും സ്നേഹത്തോടെയും രേഖപ്പെടുത്തുകയാണ് രചയിതാവ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ, മഹാകവി ഉള്ളൂർ, മഹാകവി കുമാരനാശാൻ, അപ്പൻ തമ്പുരാൻ, ആറ്റൂർ കൃഷ്ണപിഷാരടി, എം.ആർ. കെ.സി., കേരളപത്രികയുടെ പത്രാധിപരായ വലിയ കുഞ്ഞിരാമമേനോൻ, ഏ.ആർ. രാജരാജവർമ്മ (ഏ.ആർ. തിരുമേനി), പള്ളത്തു രാമൻ തുടങ്ങിയ അതുല്യ വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. മഹത്തുക്കളുടെ കൃത്യനിഷ്ഠയും സവിശേഷമായ വ്യക്തിത്വഗുണങ്ങളും കൂടിച്ചേരലുകളും അദ്ദേഹം മനോഹരമായി വിവരിക്കുന്നു. ഇതോടൊപ്പം, 'എന്നെ ഏറ്റവും ആകർഷിച്ച ഗ്രന്ഥം' എന്ന ഭാഗത്തിലൂടെ സ്വന്തം വായനാനുഭവങ്ങളെയും പുസ്തകങ്ങൾ തൻ്റെ ചിന്തകളിൽ ഉണ്ടാക്കിയ സ്വാധീനങ്ങളെയും കുറിച്ചുള്ള നിരീക്ഷണങ്ങളും ഗ്രന്ഥകർത്താവ് പങ്കുവെക്കുന്നുണ്ട്. പഴയകാല സാഹിത്യ അന്തരീക്ഷത്തെയും മഹാന്മാരായ വ്യക്തികളെയും അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഈ പുസ്തകം ഒരു മികച്ച അനുഭവമായിരിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913-ൽ പ്രസിദ്ധീകരിച്ച, വി.ഐ. തോമസ്  എഴുതിയ ആരോഗ്യരക്ഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രാഥമിക/എലിമെൻ്ററി പാഠശാലകളിലെ ഉപയോഗത്തിനായി തയ്യാറാക്കിയ ആരോഗ്യവിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. മനുഷ്യായുസ്സിൽ ലഭിക്കേണ്ട ഏറ്റവും വലിയ അനുഗ്രഹം ശരീരസൗഖ്യമാണെന്ന സത്യം മനസ്സിലാക്കി അനേക വർഷങ്ങൾ ഈ വിഷയത്തിലുള്ള പുസ്തകങ്ങൾ വായിച്ചും പരീക്ഷണങ്ങൾ നടത്തിയും രചിക്കപ്പെട്ട കൃതിയാണിത്. രണ്ടു ഭാഗങ്ങളായി എഴുതിയിട്ടുള്ള പുസ്തകത്തിൽ ഒന്നാം ഭാഗത്തിൽ ആരോഗ്യസംബന്ധമായ വിഷയങ്ങളായ വ്യായാമം, സ്നാനം, ഭക്ഷണം, ഉറക്കം, വസ്ത്രധാരണം എന്നീ കാര്യങ്ങളുടെ വിശദാംശങ്ങളും ആരോഗ്യസംരക്ഷണത്തിനായി ഈ വിഷയങ്ങളിൽ പരിപാലിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്നു. രണ്ടാം ഭാഗത്തിൽ ഭവനവുമായി ബന്ധപ്പെട്ട വിഷയങ്ങളായ സ്ഥാനം, അടിത്തറ, ചുവരുകൾ, മേല്പുര, ഭവനശുചിത്വം, ജലസൗകര്യം, നഗരശുചിത്വം, ജലസംഭരണം, നഗരശുചീകരണം, നിർഗ്ഗമന മാർഗ്ഗങ്ങൾ എന്നീ കാര്യങ്ങളും, സാമാന്യ രോഗങ്ങൾ, ലക്ഷണങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിൽസ എന്നിവയെ കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

1918-ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുണ്ണി തമ്പുരാൻ വ്യഖ്യാനം നിർവ്വഹിച്ച പൗണ്ഡ്രകവധം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പൗണ്ഡ്രകവധം ശ്രീകൃഷ്ണൻ്റെ ജീവിതത്തിലെ ഒരു പ്രധാന പുരാണകഥയെ ആസ്പദമാക്കിയുള്ള കഥകളി ആട്ടക്കഥയാണ്. കെ. കൊച്ചുണ്ണി തമ്പുരാൻ്റെ ആഖ്യാനത്തോടു കൂടിയുള്ള  ഈ കൃതി. പൗണ്ഡ്രകൻ കരൂശദേശത്തെ രാജാവായിരുന്നു. താനാണ് യഥാർത്ഥ വാസുദേവൻ എന്ന് അവകാശപ്പെട്ടിരുന്ന അദ്ദേഹം ശ്രീകൃഷ്ണൻ്റെ രൂപവും ചിഹ്നങ്ങളും അനുകരിക്കുകയും ചെയ്തു. കൃഷ്ണൻ്റെ ശംഖ്, ചക്രം, ഗദ, പീതാംബരം തുടങ്ങിയവ തനിക്കും വേണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ അഹങ്കാരപൂർണമായ അവകാശവാദം. പൗണ്ഡ്രകൻ തൻ്റെ ദൂതനെ ദ്വാരകയിലേക്ക് അയച്ച് ശ്രീകൃഷ്ണനോട് ഇങ്ങനെ ആവശ്യപ്പെടുന്നു: താനാണ് യഥാർത്ഥ വാസുദേവൻ; കൃഷ്ണൻ തൻ്റെ വ്യാജമായ വാസുദേവചിഹ്നങ്ങൾ ഉപേക്ഷിക്കണം. കൃഷ്ണൻ ഈ സന്ദേശം കേട്ട് പൗണ്ഡ്രകൻ്റെ അഹങ്കാരത്തെ പരിഹസിക്കുകയും യുദ്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. തുടർന്ന് ശ്രീകൃഷ്ണനും പൗണ്ഡ്രകനും തമ്മിൽ യുദ്ധം നടക്കുന്നു. പൗണ്ഡ്രകൻ കൃഷ്ണനെ അനുകരിച്ചിരുന്നെങ്കിലും യഥാർത്ഥ ദൈവികശക്തി അദ്ദേഹത്തിനില്ലായിരുന്നു. യുദ്ധത്തിൽ കൃഷ്ണൻ പൗണ്ഡ്രകനെ പരാജയപ്പെടുത്തി സുദർശനചക്രം ഉപയോഗിച്ച് വധിക്കുന്നു. പൗണ്ഡ്രകൻ്റെ പക്ഷത്തുണ്ടായിരുന്ന കാശിരാജാവും കൃഷ്ണനെതിരെ യുദ്ധത്തിനിറങ്ങുന്നു. കൃഷ്ണൻ അദ്ദേഹത്തെയും പരാജയപ്പെടുത്തുന്നു. പുരാണകഥയുടെ തുടർച്ചയിൽ കാശിരാജാവിൻ്റെ തല കാശിയിലേക്ക് എറിഞ്ഞെത്തിക്കുന്നതായും തുടർന്ന് കാശിനഗരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ അരങ്ങേറുന്നതായും വിവരിക്കുന്നു. ഈ കഥയുടെ കേന്ദ്രവിഷയം അഹങ്കാരവും ദൈവികസത്യവും തമ്മിലുള്ള സംഘർഷം ആണ്. പൗണ്ഡ്രകൻ ശ്രീകൃഷ്ണൻ്റെ പുറംചിഹ്നങ്ങൾ അനുകരിച്ചെങ്കിലും, ദൈവികതയെ അനുകരിക്കാൻ കഴിയില്ല എന്നതാണ് കഥ നൽകുന്ന സന്ദേശം.

ഇന്ന് (2026 സെപ്തംബർ 03 ) ഗ്രന്ഥപ്പുരയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനമാണ്. ഗ്രന്ഥപ്പുരയിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കിയ, ഡിജിറ്റൈസ് ചെയ്ത ഡോക്കുമെൻ്റുകളുടെ എണ്ണം പതിനായിരം പിന്നിട്ടിരിക്കുന്നു. ബെംഗളൂരു ധർമ്മാരാം കോളേജ് ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്ന് നമുക്ക് ലഭിച്ച കെ. കൊച്ചുണ്ണി തമ്പുരാൻ്റെ അഖ്യാനത്തോടുകൂടിയ പൗണ്ഡ്രകവധം എന്ന പുസ്തകത്തിൻ്റെ സ്കാൻ റിലീസ് ചെയ്തതൊടെയാണ് പതിനായിരം എന്ന നാഴികക്കല്ല് ഗ്രന്ഥപ്പുര പിന്നിട്ടത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925 – ൽ പ്രസിദ്ധീകരിച്ച, ടി.സി. അച്യുതമേനോൻ  രചിച്ച സംഗീതനൈഷധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നളൻ്റെയും ദമയന്തിയുടെയും പ്രണയവും വിവാഹവും, തുടർന്ന് അവർ നേരിടുന്ന ദുരിതങ്ങളും ആസ്പദമാക്കിയുള്ള പദ്യ ഗദ്യ നാടക കൃതിയാണ് സംഗീതനൈഷധം. മഹാഭാരതത്തിലെ നളോപാഖ്യാനം അടിസ്ഥാനമാക്കി സംഗീതം, സംഭാഷണം, പദ്യഭാഗങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് കൃതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയം, ദാമ്പത്യം, വിധി, വിരഹം, ദുരിതം, പുനഃസംഗമം എന്നിവയാണ് പ്രധാന പ്രമേയങ്ങൾ.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1918 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച ബാലരാമായണം - ബാലകാണ്ഡം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി എൻ. കുമാരൻ ആശാൻ കുട്ടികൾക്കായി ലളിതമായ ഭാഷയിൽ രചിച്ച കാവ്യമാണ് 'ബാലരാമായണം'. അയോദ്ധ്യയിലെ ദശരഥ മഹാരാജാവിന് രാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ എന്നീ നാല് പുത്രന്മാർ ജനിക്കുന്നതും, വസിഷ്ഠനിൽ നിന്നുള്ള അവരുടെ വിദ്യാഭ്യാസവും ഇതിൽ വിവരിക്കുന്നു. തുടർന്ന് വിശ്വാമിത്ര മഹർഷിയുടെ യാഗരക്ഷയ്ക്കായി പോകുന്ന രാമലക്ഷ്മണന്മാർ താടകയെയും മറ്റ് രാക്ഷസരെയും നിഗ്രഹിക്കുന്നു. പിന്നീട് മിഥിലയിൽ എത്തുന്ന ശ്രീരാമൻ ത്രയംബകം എന്ന ശിവചാപം ഖണ്ഡിച്ചു സീതാദേവിയെ വിവാഹം കഴിക്കുന്നതും, സഹോദരന്മാരുടെ വിവാഹവും ഇതിൽ വർണ്ണിച്ചിരിക്കുന്നു. മടക്കയാത്രയിൽ പരശുരാമൻ്റെ ഗർവ്വടക്കി അവർ അയോദ്ധ്യയിൽ സകുടുംബം തിരിച്ചെത്തുന്നതുമായ രാമായണത്തിലെ ആദ്യകാല സംഭവവികാസങ്ങളാണ് ഈ കൃതിയിൽ മനോഹരമായി സംഗ്രഹിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1921 - ൽ പ്രസിദ്ധീകരിച്ച, ഇരയിമ്മൻ തമ്പി എഴുതിയ ദക്ഷയാഗം കഥകളി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരയിമ്മൻ തമ്പി രചിച്ച പ്രസിദ്ധമായ ദക്ഷയാഗം ആട്ടക്കഥയുടെ സമഗ്രമായ പദാർത്ഥവ്യാഖ്യാനവും സാഹിത്യപഠനവുമാണ് ഈ ഗ്രന്ഥം. ജി.എച്ച്. ശാസ്ത്രിയുടെ ലളിതമായ വ്യാഖ്യാനത്തോടൊപ്പം ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും കരമന കെ. ശിവരാമകൃഷ്ണശാസ്ത്രിയുടെ പ്രൗഢമായ അവതാരികയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സതീദേവിയുടെ ജനനം, ശിവവിവാഹം, തുടർന്നുണ്ടാകുന്ന ദക്ഷ-ശിവ വൈരം, യാഗധ്വംസനം, ദക്ഷവധം എന്നീ പൗരാണിക സംഭവങ്ങളാണ് ഇതിൻ്റെ കഥാതന്തു. ശ്രീമദ് ഭാഗവതത്തിലെ കഥയാണെങ്കിലും കഥകളി അരങ്ങിൻ്റെ ഭംഗിക്കും രസപുഷ്ടിക്കും വേണ്ടി കത്തി വേഷത്തിനായി അസുര കഥാപാത്രത്തെ സൃഷ്ടിച്ചതും, ബ്രാഹ്മണ വേഷത്തിലെ സതീപരീക്ഷണവും, ഭദ്രകാളിയുടെ ഉത്ഭവവും തുടങ്ങി തമ്പി വരുത്തിയ കവികല്പിത മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്.

തിരുവനന്തപുരം ജില്ലയിലെ കിടാരക്കുഴി ജവഹർ സ്മാരക ഗ്രന്ഥശാലയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1925 – ൽ പ്രസിദ്ധീകരിച്ച, ത്രിപുരദഹനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈന്ദവ പുരാണത്തിലെ ത്രിപുരദഹനകഥയെ ആസ്പദമാക്കിയുള്ള തുള്ളൽ പാട്ടാണ് ഈ കൃതി. ത്രിപുരാസുരന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ നിർമ്മിച്ച മൂന്ന് പുരങ്ങളെ ശിവൻ സംഹരിക്കുന്നതാണ് ഇതിലെ പ്രധാന ഇതിവൃത്തം. അസുരന്മാർക്ക് ലഭിച്ച വരത്തിൻ്റെ ശക്തിയിൽ അവർ മൂന്നു പുരങ്ങൾ സ്ഥാപിച്ച് ദേവന്മാരെയും ലോകത്തെയും ഉപദ്രവിക്കുന്നു. അവരുടെ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ദേവന്മാർ ശിവനെ സമീപിക്കുന്നു. തുടർന്ന് ശിവൻ ദിവ്യമായ രഥത്തിൽ കയറി ഒറ്റ അമ്പുകൊണ്ട് ത്രിപുരങ്ങളെ ദഹിപ്പിക്കുന്നു. അങ്ങനെ അധർമ്മത്തിനുമേൽ ധർമ്മത്തിൻ്റെ വിജയം സ്ഥാപിക്കപ്പെടുന്നതാണ് കഥയുടെ അന്ത്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.