Release notes

2,924 release notes

1950 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം - അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് ലീല എന്ന ഭാഷാവ്യാഖ്യാനം തയ്യാറാക്കിയത് ടി. പി. പരമേശ്വരൻ നമ്പീശനാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967-ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണ പിഷാരടി രചിച്ച കേരളശാകുന്തളം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മഹാകവി കാളിദാസൻ രചിച്ച പ്രശസ്ത നാടകമായ ശാകുന്തളം ആറ്റൂർ പരിഭാഷപ്പെടുത്തിയതാണ് ഈ പുസ്തകം. 1967-ൽ ഇറങ്ങിയ ഒൻപതാം പതിപ്പാണ് ഇത്. ഒന്നാം പതിപ്പിനിറങ്ങിയ ആമുഖം 1936-ൽ എഴുതിയതിനാൽ പുസ്തകവും ആ വർഷം തന്നെയാണ് ഇറങ്ങിയതെന്ന് അനുമാനിക്കാം. പഴയ താളിയോലഗ്രന്ഥങ്ങൾ പരിശോധിക്കുന്നതിനിടയ്ക്ക് അഭിജ്ഞാനശാകുന്തളം സംസ്കൃതനാടകത്തിൻ്റെ അപൂർവമായ ഒരു പ്രതിയും കാളിദാസ നാടകങ്ങൾക്ക് കേരളീയ പണ്ഡിതരാരോ തയ്യാറാക്കിയ വ്യഖ്യാനവും ലഭിച്ചെന്നും അതിലെ ശ്ലോകങ്ങൾ മുൻ വിവർത്തനങ്ങളിൽ ഉള്ളതിലധികം സന്ദർഭ ശുദ്ധിയുള്ളവയായും ഔചിത്യമുള്ളവയായും തോന്നിയതു കൊണ്ടാണ് ഇത്തരമൊരു വിവർത്തനത്തിനു മുതിരുന്നതെന്നും ആറ്റൂർ കൃഷ്ണപ്പിഷാരടി മുഖവുരയിൽ വ്യക്തമാക്കുന്നു.

ദീർഘകാലം പാഠപുസ്തകമായി ഉപയോഗിച്ചുവന്ന കൃതികൂടിയാണ് കേരളശാകുന്തളം

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് തളിയത്ത് രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് രാധാകൃഷ്ണവിലാസം എന്ന വ്യാഖ്യാനം തയ്യാറാക്കിയത് വി.വി. ശർമ്മയാണ്. രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദിയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കെ.ജി. പരമേശ്വരൻപിള്ള പ്രസിദ്ധീകരിച്ച, തുളസീദാസരാമായണം ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാവുങ്ങൽ നീലകണ്ഠപ്പിള്ളയാണ് ഇത് വിവർത്തനം ചെയ്തിരിക്കുന്നത്.

വേദോപനിഷത്തുകളുടെ സാരമായ രാമായണം ലോകത്തെ എല്ലാ ജീവിതവിഭാഗങ്ങൾക്കും ധാർമ്മിക വഴികാട്ടിയാണ്. തീക്ഷ്ണമായ ഭക്തിയും കാളിദാസൻ്റെതിന് സമാനമായ പ്രകൃതിവർണ്ണനകളും അലങ്കാരങ്ങളും നിറഞ്ഞ തുളസീദാസൻ്റെ രാമചരിതമാനസം, വാത്മീകി രാമായണത്തെക്കാളും കമ്പരാമായണത്തെക്കാളും ഹൃദ്യമായി അനുഭവപ്പെടുന്ന ഒന്നാണ്. ബാലകാണ്ഡത്തിനും അയോധ്യാകാണ്ഡത്തിനും പ്രാധാന്യം നൽകുന്ന ഈ കൃതി, ഉത്തരേന്ത്യയിൽ വേദതുല്യമായി കരുതപ്പെടുന്നു. ചേർത്തല എൻ. രാമൻപിള്ളയുടെ സഹായത്തോടെ വിവർത്തനം ആരംഭിച്ച് പിന്നീട് വിവർത്തകൻ നേരിട്ട് പൂർത്തിയാക്കിയതാണ്. അച്ചടിപ്പിശകുകൾ തിരുത്തി വായിക്കണമെന്ന വിനീതമായ അഭ്യർത്ഥനയോടെയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post we are releasing the scan of Trivandrum Public Library Catalogue Vol 01 published in the year 1939

The State Central Library in Thiruvananthapuram, popularly known as the Trivandrum Public Library, is one of India’s oldest and most historic public libraries. It was established in 1829 during the reign of Maharaja Swathi Thirunal of Travancore and initially served a select circle of scholars and royal durbar attendees. It was formally opened to the broader public in 1898

The 1939 Trivandrum Public Library Catalogue, Vol. 01 is a historical library catalogue originally published by the Trivandrum Public Library. This catalogue represents a comprehensive listing of books and other materials in the library’s collection as of 1939. In that era, before computerized catalogues, such printed books were the main way libraries organized and shared information about their collections for scholars, students, and readers. Volume I typically focuses on specific categories of literature (such as English literature and other subjects) according to traditional classification systems used at the time

These documents are digitized as part of the Madras University Library digitization project.

1948 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മിതവാദി പത്രത്തിൽ വന്ന മുഖപ്രസംഗത്തിന് മഹാകവി കുമാരനാശാൻ നൽകിയ മറുപടിയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കൊല്ലത്ത് വച്ചു നടന്ന എസ്.എൻ.ഡി.പി. യോഗത്തിൽ ബുദ്ധമത പ്രസ്ഥാനത്തെക്കുറിച്ച് കുമാരനാശാൻ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മിതവാദി പത്രം രംഗത്ത് വരികയും മുഖപ്രസംഗങ്ങൾ കൊണ്ട് അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. അതിനുള്ള മറുപടി കുമാരനാശാൻ പത്രത്തിന് അയച്ചുകൊടുത്തത് പ്രസിദ്ധീകരിക്കാതെ അവർ തിരിച്ചയക്കുകയും ചെയ്തു. അതൊരു പുസ്തകരൂപത്തിൽ അച്ചടിക്കണമെന്ന് കുമാരനാശാൻ കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ ലേഖനം പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ടത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1965-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സാഹിത്യമഞ്ജരി (എട്ടാം ഭാഗം) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പതിനൊന്നു ഭാഗങ്ങളായാണ് സാഹിത്യമഞ്ജരി പ്രസിദ്ധപ്പെടുത്തിയത്. 1917 മുതൽ 1958 വരെ കാലഘട്ടങ്ങളിൽ രചിച്ച കവിതകളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. പന്ത്രണ്ടു കവിതകളുടെ സമാഹാരമാണ് എട്ടാം ഭാഗത്തുള്ളത്. കവിതകൾ എഴുതിയ കാലവും വരികളുടെ അർത്ഥവും ഉൾക്കൊള്ളുന്ന വിശദീകരണം എല്ലാ പേജിലും കൊടുത്തിരിക്കുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927-ൽ പ്രസിദ്ധീകരിച്ച, പാട്ടുകൾ - ഒന്നാം വാള്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധരും, സരസന്മാരുമായ കവികൾ രചിച്ച തിരുവാതിരപ്പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, ഉഴിഞ്ഞാൽ പാട്ട്, കുറത്തിപ്പാട്ട് എന്നീ പഴയ പാട്ടുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രണ്ട് വാള്യങ്ങൾ ഉള്ള ഈ പരമ്പരയിലെ ഒന്നാം വാള്യത്തിൽ സ്ത്രീകൾ പാടുന്ന പാട്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഓരോ പാട്ടുകളുടെയും നൃത്തങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചേർത്തിരിക്കുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958-ൽ പ്രസിദ്ധീകരിച്ച, ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ എഴുതിയ ഭാഷയും ഗവേഷണവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഭാഷാസംബന്ധിയായ പഠനങ്ങളുടെയും സാഹിത്യ നിരൂപണങ്ങളുടെയും ഒരു സമാഹാരമാണ് ഈ പുസ്തകം. മലയാള ഭാഷാ-സാഹിത്യത്തിന്റെ വിവിധ വശങ്ങൾ വിമർശനാത്മകമായി പരിശോധിക്കുകയും, ആധുനിക ഭാഷാസാഹിത്യ പഠനത്തിൽ എന്താണ് ഭാഷയുടെ സ്ഥാനം എന്നതിൽ വിശകലനം നടത്തുകയും ചെയ്യുന്നു.

മദ്രാസ് യൂണിവേഴ്സിറ്റി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1993 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും എന്ന ലഘുലേഖയുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പി. കേശവൻ നായരുടെ "ദ്രവ്യസങ്കൽപ്പം ഭൗതികത്തിലും ദർശനത്തിലും" എന്ന കൃതി, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും മാർക്സിസ്റ്റ് ഭൗതികവാദവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് വിശകലനം ചെയ്യുന്നത്. പുരാതന കാലം മുതൽ ആധുനിക കാലം വരെയുള്ള ദ്രവ്യത്തിൻ്റെ ശാസ്ത്രീയ മാറ്റങ്ങളെ ദാർശനികമായി പരിശോധിക്കുന്ന ഈ പുസ്തകം, വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ശാസ്ത്രം നൽകുന്ന കരുത്തിനെ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ പ്രപഞ്ച തത്വങ്ങളെ ലളിതമായ മലയാളത്തിൽ അവതരിപ്പിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ദ്രവ്യസങ്കൽപത്തിൻ്റെ വികാസവും പരിണാമവും ഭൗതികശാസ്ത്രങ്ങളുടെയും ദർശനത്തിൻ്റെയും വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ദർശനത്തിൻ്റെ സ്വാധീനത്താലാണ് ഭൗതികശാസ്ത്രങ്ങൾ വികസിച്ചത്,  അതേസമയം ദർശനത്തിൻ്റെ വികാസത്തിൽ ഇവ രണ്ടിൻ്റെയും സ്വാധീനം പ്രകടവുമാണ്. ദ്രവ്യസങ്കൽപം  പരസ്പരബന്ധത്തിലൂടെയും സ്വാധീനത്തിലൂടെയും എപ്രകാരമാണ് പരിണമിച്ചതെന്ന് ഈ ലഘുലേഖയിൽ പരിശോധിക്കുന്നു.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.