Release notes

2,924 release notes

1957 – ൽ പ്രസിദ്ധീകരിച്ച, മേപ്രത്ത് എം. ജോസഫ് വിവർത്തനം ചെയ്ത ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധ മിഷനറി വൈദികനായ റോബർട്ടോ ഡി നോബിലി തമിഴ് ഭാഷയിൽ എഴുതിയ ഒരു വിശിഷ്ട കൃതിയുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ചങ്ങനാശ്ശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ടിൻ്റെ മെത്രാപ്പോലീത്ത സ്ഥാനലബ്ധി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൽ പരാമർശിച്ചിരിക്കുന്ന അന്തിക്രിസ്തുവിനെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ പ്രധാന വിഷയം. ലോകാവസാനത്തെയും പൊതുവിധിയെയും കുറിക്കുന്ന പരാമർശങ്ങളുടെ അപഗ്രഥനവും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927 -ൽ  ക.നി.മൂ.സ ഹില്ല്യാരോസച്ചൻ അവർകളാൽ രചിക്കപ്പെട്ട കത്തോലിക്ക മത പഠനം എന്ന പുസ്തകത്തിൻ്റെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മനുഷ്യനും ദൈവവുമായുള്ള ദൃഢമായ ബന്ധമാണ് മതം.

കത്തോലിക്ക മതപഠനം എന്ന ഈ പുസ്തകത്തിൽ സ്കൂൾ കുട്ടികൾക്ക് മന:പാഠം പഠിക്കേണ്ട നമസ്ക്കാരങ്ങൾ, ആരാധനകൾ, മതസംബന്ധമായ വിവിധ വിഷയങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1999-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച, പുതിയ പാഠ്യപദ്ധതി വിവാദങ്ങൾ ആർക്കുവേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, പുതിയ പാഠ്യപദ്ധതിയെ വളർത്തുക, ലക്ഷ്യബോധത്തോടെ പ്രീ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസ മേഖല വരെ സമഗ്രമായൊരു പരിഷ്കാരം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് 1999 ഏപ്രിൽ 18 മുതൽ 27 വരെ നടത്തിയ വാഹനജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണിത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1999-ൽ കേരള സ്കൂൾ ടീച്ചേഴ്സ് അസ്സോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച, കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിച്ച ലഘുലേഖയാണിത്. 1998 ഒക്ടോബർ 24, 25 തിയതികളിൽ തിരുവനന്തപുരത്ത് വെച്ചു സംഘടിപ്പിച്ച ശില്പശാലയിൽ കരിക്കുലം, പാഠപുസ്തകങ്ങൾ, അധ്യാപന സഹായി. അധ്യാപക പരിശീലനം, മൂല്യനിർണ്ണയം, വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ ഇടപെടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് നടന്ന സമഗ്രമായ ചർച്ചകളുടെ ക്രോഡീകരണമാണ് പുസ്തകത്തിലെ വിഷയം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1999-ൽ പ്രസിദ്ധീകരിച്ച, ഭരണകൂടവും സംസ്കാരവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1999-ൽ തിരുവനന്തപുരം കനകക്കുന്നിൽ വെച്ചു നടന്ന സാംസ്കാരികോത്സവം-99 ൻ്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട സെമിനാർ പ്രബന്ധമാണ് ഇത്. പി. ഗോവിന്ദപ്പിള്ള ആണ് പ്രബന്ധം അവതരിപ്പിച്ചത്. സ്റ്റേറ്റ് (ഭരണകൂടം), ഗവണ്മെൻ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം ഇതിൽ വ്യക്തമാക്കുന്നു. സംസ്കാരം എന്നത് വെറും കലയോ സാഹിത്യമോ മാത്രമല്ല, മറിച്ച് മനുഷ്യൻ്റെ ധാർമ്മിക വിശ്വാസങ്ങളും മൂല്യബോധവും ആചാരങ്ങളും ബന്ധപ്പെട്ട ഒന്നാകുന്നു. സംസ്കാരം വിനോദത്തിൻ്റെ പരിധിയിൽ ഒതുങ്ങുന്ന ഒന്നല്ല, അത് ഭരണകൂടം, അധികാരം, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പ്രക്രിയയാണ്. മലയാളത്തിലും ഇംഗ്ലീഷിലും രണ്ട് ഭാഗങ്ങൾ ആയി പുസ്തകത്തെ തിരിച്ചിരിക്കുന്നു. കല, സാഹിത്യം, സിനിമ, ജനകീയ കലകൾ എന്നിവയെ ഭരണനയങ്ങളും സാമൂഹികഘടനകളും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചിന്ത കൂടി ഈ പ്രബന്ധത്തിലൂടെ കടന്നു പോവുമ്പോൾ കാണാൻ കഴിയും

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

Through this post we are releasing the scan of District Handbook of Kerala - Palakkad published in the year 1997

This handbook was published by the Director, Department of Public Relations Government of Kerala and  that provides overview information about the district. It typically would include essential facts about Palakkad’s geography, administration, socio-economic profile, and notable features as part of Kerala’s district handbook series

This document was made available for digitization from the P Govinda Pillai Library, Thiruvananthapuram.

1974 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ പ്രസിദ്ധീകരിച്ച, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാഭ്യാസനയ പ്രസ്താവന എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ ന്യൂ ഡൽഹിയിൽ ചേർന്ന CPI ദേശീയ കൗൺസിൽ അംഗീകരിച്ച പ്രമേയമാണിത്. വിദ്യാഭ്യാസനയ പ്രസ്താവനയുടെ ലക്ഷ്യം ജനാധിപത്യപരവും സാമൂഹികനീതിയോടുകൂടിയതുമായ വിദ്യാഭ്യാസ വ്യവസ്ഥ സ്ഥാപിക്കുക എന്നതായിരുന്നു. വിദ്യാഭ്യാസത്തെ ഒരു സാമൂഹിക വിമോചന പ്രക്രിയയായി കാണുന്ന ദർശനമാണ് ഈ പ്രമേയം മുന്നോട്ടുവച്ചത്. ഇന്ന് വിദ്യാഭ്യാസം കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പ്രസ്താവന ഉയർത്തിയ ആശയങ്ങൾ ഇന്നും പ്രസക്തിയോടെ നിലനിൽക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനും സാമൂഹ്യനീതിയുള്ള ഒരു സമൂഹത്തിനും ഈ നയപ്രസ്താവന ഒരു വഴികാട്ടിയായി തുടരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1974-ൽ പ്രസിദ്ധീകരിച്ച, വിൽഹെം ലീബ്ക്നെക്ട് രചിച്ച എട്ടുകാലിയും ഈച്ചയും എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മലയാള പരിഭാഷ  ചെയ്തിരിക്കുന്നത് പ്രോഗ്രസ്സ് പബ്ളിഷേഴ്സ് ആണ്.

ജർമൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ശില്പിയായ വിൽഹെം ലീബ്‌നെക്ട്, മാർക്സിസ്റ്റ് ആശയങ്ങൾ സാധാരണ തൊഴിലാളികളിലേക്ക് ലളിതമായി എത്തിക്കുകയും അവരെ പോരാട്ടവീര്യമുള്ള ഒരു വിഭാഗമായി സംഘടിപ്പിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു . തൊഴിലാളികൾക്കിടയിൽ വിപ്ലവബോധം വളർത്താൻ ലീബ്‌നെക്ട് രചിച്ച പ്രശസ്തമായ ലഘുലേഖയാണിത്. ഇതിൽ എട്ടുകാലിയെ ചൂഷകരായ മുതലാളിമാരായും, ഈച്ചയെ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളായും അദ്ദേഹം ചിത്രീകരിച്ചു. മുതലാളിത്തത്തിൻ്റെ കെണിയിൽ നിന്ന് രക്ഷപെടാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി പോരാടണമെന്നും മർദനത്തിൻ്റെ ചങ്ങലകൾ തകർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലളിതമായ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതി യൂറോപ്പിലെ തൊഴിലാളി വർഗത്തെ രാഷ്ട്രീയമായി ബോധവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1964-ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച, പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി എന്ന ലഘുലേഖയുടെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രത്യയശാസ്ത്രപരമായ വിവാദത്തെ പറ്റി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗീകരിച്ച റിപ്പോർട്ടിൻ്റെ പുസ്തകരൂപമാണിത്. 1964 ജൂൺ 7 മുതൽ 17 വരെ ഡൽഹിയിൽ വെച്ച് പാർട്ടി ദേശീയ കൗൺസിൽ നടന്ന ദേശീയ കൗൺസിൽ "വരട്ടുതത്വവാദപരമായ ഭിന്നിപ്പിനും വീരസാഹസികത്വത്തിനും അവസരവാദത്തിനുമെതിരായി - പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി" എന്ന പേരിൽ ഡ്രാഫ്ടിംഗ് കമ്മിറ്റി ചർച്ചചെയ്ത ഭേദഗതികളോടെ പാർട്ടി ഏഴാം കോൺഗ്രസ്സിൽ സമർപ്പിക്കുന്നതിനുവേണ്ട് തയ്യാറാക്കിയ റിപ്പോർട്ടാണ് ഉള്ളടക്കം. 1964 എന്ന വർഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആശയപരമായ ഭിന്നതകളും അന്താരാഷ്ട്ര രാഷ്ട്രീയ സ്വാധീനങ്ങളും ചേർന്ന് പാർട്ടിയെ ഒരു വലിയ പ്രതിസന്ധിയിലേക്ക് നയിച്ച കാലഘട്ടം. ഈ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. 1950കളുടെ അവസാനം മുതൽ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വലിയ ആശയവ്യത്യാസങ്ങൾ രൂപപ്പെട്ടു. സോവിയറ്റ് യൂണിയൻ മുന്നോട്ടുവെച്ചത്: സമാധാനപരമായ സഹവർത്തിത്വവും ചൈന മുന്നോട്ടുവെച്ചത് വർഗ്ഗസമരം അനിവാര്യമാണെന്ന നിലപാടുമായിരുന്നു. ഈ ഭിന്നത (Sino–Soviet Split) ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ രണ്ടായി ഭാഗിച്ചു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഈ വൈരുദ്ധ്യം പ്രകടമായി. ഈ സാഹചര്യത്തിലാണ് 1964-ൽ CPIയുടെ നേതൃത്വത്തിൽ “പാർട്ടിയുടെയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ഐക്യത്തിനു വേണ്ടി”എന്ന നിലപാട് രേഖ ഉയർന്നുവന്നത്. രേഖയുടെ പ്രധാന ആശയങ്ങൾ പാർട്ടിയിലെ ആശയവ്യത്യാസങ്ങൾ പിളർപ്പിലേക്ക് നയിക്കരുതെന്നും,ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐക്യം തകരുന്നത് തൊഴിലാളിവർഗ്ഗത്തിന് തിരിച്ചടിയാണെന്നും, അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയുടെ അകത്ത് പരിഹരിക്കണമെന്നും, അന്താരാഷ്ട്ര തലത്തിൽ ഐക്യബോധം അനിവാര്യമാണ് എന്നുമായിരുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

2001 -ൽ ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച ഭൗതികത്തിനപ്പുറം എന്ന കൃതിയുടെ  ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ശാസ്ത്രത്തെയും ആത്മീയതയെയും ദാർശനിക തലത്തിൽ ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ ഒരു മലയാളം കൃതിയാണ് "ഭൗതികത്തിനപ്പുറം". ദൃശ്യപ്രപഞ്ചത്തിനപ്പുറം നിലനിൽക്കുന്ന ബോധത്തിൻ്റെ തലങ്ങളെ ആധുനിക ശാസ്ത്രത്തിൻ്റെയും പൗരസ്ത്യ ദർശനങ്ങളുടെയും പശ്ചാത്തലത്തിൽ ഗ്രന്ഥകാരൻ വിശകലനം ചെയ്യുന്നു. പരമ്പരാഗത ഭൗതികശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത പ്രതിഭാസങ്ങളെ ക്വാണ്ടം ഫിസിക്സ്, ഡേവിഡ് ബോഹ്മിൻ്റെ 'ഇംപ്ലിസിറ്റ് ഓർഡർ' തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. പ്രപഞ്ചം കേവലം ജഡവസ്തുക്കളാൽ നിർമ്മിതമല്ലെന്നും അതിന് ആധാരമായി ഒരു സാർവത്രിക ബോധമുണ്ടെന്നും പുസ്തകം സമർത്ഥിക്കുന്നു. ബോധം, ആത്മാവ്, ദൈവം എന്നീ സങ്കല്പങ്ങളിലേക്ക് ശാസ്ത്രീയമായ ഒരു പാത വെട്ടിത്തെളിക്കാൻ ഇതിലൂടെ ശ്രമിക്കുന്നു. ശങ്കരാചാര്യരുടെ അദ്വൈത വേദാന്തവും ആധുനിക ക്വാണ്ടം സിദ്ധാന്തവും തമ്മിലുള്ള വിസ്മയിപ്പിക്കുന്ന സാമ്യങ്ങളെ പുസ്തകം ചർച്ച ചെയ്യുന്നു. പ്രപഞ്ചം ഒന്നാണെന്ന ദർശനത്തിന് ശാസ്ത്രീയ അടിത്തറ നൽകുകയാണ് ഇവിടെ ചെയ്യുന്നത്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്ര സാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1866 – ൽ പ്രസിദ്ധീകരിച്ച, യൌസേപ്പു ബുത്ലർ രചിച്ച ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഫാദർ ജോസഫ് ബട്ലർ  രചന നിർവഹിച്ച തത്വചിന്താപരമായ കൃതിയുടെ മലയാളം പരിഭാഷയാണ് ഇത്. ഈ പുസ്തകത്തിൽ വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നു. ചിന്താധാരകൾ പലവിധത്തിൽ ഉണ്ട്. വേദമാർഗം പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവർ പ്രപഞ്ചത്തിലുള്ള എല്ലാത്തരം പ്രയാസങ്ങളും ആ മാർഗത്തിലും ഉണ്ടാകും എന്ന് കരുതുന്നു. എന്നാൽ ഇതേ വാദത്തിൻ്റെ മറുപക്ഷവും നിലനിൽക്കുന്നു.

പ്രപഞ്ച മാർഗത്തിൽ കാണുന്ന പ്രയാസങ്ങൾ കാരണം വേദവാക്യം ദൈവവാക്യം അല്ല എന്നും പ്രപഞ്ചം ഈശ്വരൻ സൃഷ്ടിച്ചതല്ല എന്നും മറുപക്ഷം വാദിക്കുന്നു. എന്നാൽ വേദവാക്യം വെളിപ്പെടുത്തുന്ന മാർഗവും പ്രപഞ്ചരീതിയെ കുറിച്ചുള്ള ബുദ്ധിയും പരിജ്ഞാനവും തമ്മിൽ യുക്തമായ ചേർച്ച ഉണ്ടായാൽ പ്രപഞ്ചസൃഷ്ടിക്ക് പിന്നിൽ ഒരു ശക്തിയുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. ഇങ്ങനെ തികച്ചും വ്യത്യസ്തമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു താരതമ്യ പഠനമാണ് ഈ പുസ്തകത്തിൽ വിഷയമാകുന്നത്. മാത്തൻ ഗീവർറുഗീസ് പാദ്രിയാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 – ൽ പ്രസിദ്ധീകരിച്ച, ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യൻ ഹയറാർക്കി സുവർണ്ണ ജൂബിലി സുവനീറായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണ് ഇത്. ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച ഈ ഗ്രന്ഥത്തിൽ കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികളുടെ ചരിത്രമാണ് വിവരിക്കുന്നത്. ​മലബാറിലെ തദ്ദേശീയ ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിലെ ഒരു പ്രധാന വിടവ് നികത്തുന്നതാണ് ലത്തീൻ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബ്രദർ ലിയോപോൾഡിൻ്റെ ഈ ഗ്രന്ഥം.

അഭിപ്രായ ഭിന്നതകളും സാമൂഹികമായ അന്തരങ്ങളും സമുദായ തർക്കങ്ങളും കാരണം മലബാറിലെ പുരാതന ക്രിസ്ത്യൻ സഭയുടെ തുടർച്ചയെയും ചരിത്രപരമായ പ്രാധാന്യത്തെയും ശരിയായി വിലയിരുത്തുന്നതിന് ദീർഘകാലമായി തടസ്സം നേരിട്ടിരുന്നു. അപ്രകാരമുള്ള പരിമിതികൾക്ക് ഒരു പരിഹാരമാണ് ഈ പുസ്തകം. ക്രിസ്ത്വബ്ധം പതിമൂന്നും പതിനാലും ശതകങ്ങളിൽ കേരളത്തിൽ ലത്തീൻ പള്ളികളും ലത്തീൻ രൂപതയും ഉണ്ടായിരുന്നതായി രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് ലത്തീൻ റീത്തിന് ഇവിടെ പ്രതിഷ്ഠയും പ്രചാരവും ലഭിക്കുന്നത്.

പോർച്ചുഗീസുകാരുടെ വരവിന് മുൻപുള്ള ക്രിസ്ത്യാനികളുടെ സ്ഥിതിയും പോർച്ചുഗീസുകാരുമായി ഐക്യം സ്ഥാപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും വിശദമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. പൂർവ്വ ക്രൈസ്തവർ ലത്തീൻ രീതി സ്വീകരിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെടുന്നു. വാണിജ്യ ബന്ധങ്ങളും ആചാരങ്ങളും നടപടികളും എല്ലാം ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം ലത്തീൻ റീത്തിൻ്റെ അപചയത്തിനുള്ള കാരണങ്ങളും ചരിത്രകാരന്മാരുടെ തെറ്റിദ്ധാരണകളും വ്യാഖ്യാനങ്ങളും അബദ്ധപ്രസ്താവനകളും ഉൾപ്പെടെ വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.