Release notes

2,924 release notes

1928-ൽ പ്രസിദ്ധീകരിച്ച,  കേരളത്തിലെ മൂന്നു മഹാകവികൾ ചേർന്ന് രചിച്ച ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കവിതിലകൻ കുണ്ടൂർ നാരായണമേനോൻ, വൈദ്യൻ പി.കെ. നാരായണൻ നമ്പീശൻ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ എന്നീ മൂന്നു കവികൾകൂടി എഴുതിയിട്ടുള്ളതാണ് ഈ പുസ്തകം. പ്രസ്തുത പുസ്തകത്തിൽ നമ്പൂതിരിമാരുടെ അപ്രസക്തമായ കാലത്തെ ഒരു സംഭവമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ ആദ്യത്തെ രണ്ടുസർഗ്ഗം കവിതിലകൻ കുണ്ടൂർ നാരായണമേനോൻ അവർകളുടേതാണ്. അടുത്ത രണ്ടുസർഗ്ഗം എഴുതിയിട്ടുള്ളത് സരസകവി പി.കെ. നാരായണ നമ്പീശനാണ്. ഒടുവിലത്തെ രണ്ടുസർഗ്ഗം പരേതനായ ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ്റെ കൃതിയാണ്. ഇങ്ങനെ ആറ് സർഗ്ഗമുള്ള ഈ കൃതിയിലെ ഓരോ ഭാഗവും അവസ്ഥാനുസരണം നന്നായിട്ടുണ്ട്. ഈ കൃതി കേരളത്തിലെ മൂന്നു മഹാകവികളുടെ കവിതാവൈഭവത്തിനും, ചിറ്റൂർ വാസുദേവൻ നമ്പൂതിരിപ്പാട് എന്ന യഥാർത്ഥ മഹാന്മാരിൽ അഗ്രഗണ്യനായ ഒരു മഹാത്മാവിൻ്റെ ശാശ്വതകീർത്തിക്കും ലക്ഷ്യമായിത്തീർന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927-ൽ പ്രസിദ്ധീകരിച്ച, 'അഷ്ടാംഗസംഗ്രഹം' എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആയുർവേദ പഠനത്തിൽ വളരെ നിർണ്ണായകമായൊരു  ഗ്രന്ഥമാണ് വാഗ്ഭടാചാര്യൻ്റെ 'അഷ്ടാംഗ സംഗ്രഹം'. അഷ്ടാംഗ സംഗ്രഹം അടിസ്ഥാനപരമായി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. കഠിനമായ സംസ്കൃത ശ്ലോകങ്ങളെ സാധാരണക്കാർക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും ഒരു പോലെ മനസ്സിലാകുന്ന രീതിയിൽ ലളിതമായ മലയാളത്തിലേക്ക് വാസുദേവൻ മൂസ്സത് തർജ്ജിമ ചെയ്തു. അഷ്ടാംഗ സംഗ്രഹത്തിലെ നിദാനസ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1927-ൽ പ്രസിദ്ധീകരിച്ച, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള  എഴുതിയ അദ്ധ്യാത്മചിന്താമണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അദ്ധ്യാത്മചിന്താമണി എന്ന ഈ ഗ്രന്ഥത്തിൽ വിവേകാനന്ദസ്വാമികളുടെ ആയിരത്തിനാല് ദിവ്യോപദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഉപദേശങ്ങൾ അധികവും സ്വാമികൾ, അമേരിക്കയിലെ തൻ്റെ പാശ്ചാത്യശിഷ്യന്മാർക്ക് നൽകിയിട്ടുള്ളവയാണ്. തൻ്റെ സ്വദേശികളായ ഭാരതീയർക്കു നൽകിയിട്ടുള്ള ഉപദേശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. "ശ്രീവിവേകാനന്ദവീരഗർജ്ജനം" എന്ന പേരിൽ ഈ ഗ്രന്ഥത്തിൻ്റെ ഒടുവിൽ ഒരു പ്രബന്ധവും അനുബന്ധിച്ചിരിക്കുന്നു. ഇത് ഗ്രന്ഥകാരൻ തൻ്റെ പഴയ കുറിപ്പിൽ നിന്നും ചേർത്തിട്ടുള്ളതായി പറയുന്നുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Through this post, we are releasing the digital scan of The Statistics Of Travancore published in the year 1941.

The 21st issue of Statistics of Travancore, released in 1941, offers a detailed socio-economic overview of the princely state for the 1939–1940 administrative year. Issued during Maharaja Chithira Thirunal Balarama Varma's rule and Sir C.P. Ramaswami Aiyar's Diwanship, it reflects an era of elevated literacy and budding industrialization amid the early World War II economy. The volume delivers in-depth data on demographics, trade, and public health, providing an essential historical glimpse of the region's progress right before its merger into modern Kerala.

These documents are digitized as part of the Madras University Library digitization project.

Through this post we are releasing the scan of Excelsior - St. Berchmans College Magazine Changanacherry - Vol - XII - Issue - 01  published in the year 1937.

The magazine features a diverse range of articles, academic discussions and literary pieces of the academic year 1937. There are literary articles in English and Malayalam written by students as well as teachers and old students. It includes both an English section and Malayalam section.

These documents are digitized as part of the Madras University Library digitization project.

1927– ൽ പ്രസിദ്ധീകരിച്ച, ഈ.വി. രാമൻ നമ്പൂതിരി രചിച്ച വിദ്വാൻ കൃഷ്ണ്നൃഷി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

'ഈ.വി.രാമൻ നമ്പൂതിരി' രചിച്ച ഈ പുസ്തകത്തിൽ 'വിദ്വാൻ കൃഷ്ണ്നൃഷി' എന്ന പണ്ഡിതൻ്റെ ജീവചരിത്രവും അദ്ദേഹം രചിച്ച ഒറ്റശ്ലോകങ്ങളുമാണ് ഉള്ളടക്കം. ആയുർവേദ ഡോക്ടറായ കൊളങ്ങേരി ശങ്കരമേനോനാണ് കൃഷ്ണനൃഷിയുടെ ശ്ലോകങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് ലേഖകൻ ഈ ജീവചരിത്രം എഴുതിയത്. ആദ്യകാലങ്ങളിയൽ ഈ വിവരങ്ങൾ പരമ്പരയായി 'നസ്രാണി ദീപിക' പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. പത്രത്തിൽ വരാത്ത ചില അപൂർവ്വ പദ്യങ്ങൾ ഉൾപെടുത്തി കൊണ്ടാണ് പിന്നീട് പുസ്തകമായി വായനക്കാരിലേക്ക് എത്തുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

തോമസ് പോൾ ബി.എ പ്രസിദ്ധീകരിച്ച, സാഹിത്യപ്രണയികൾ   ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

തോമസ്  പോൾ രചിച്ച "സാഹിത്യപ്രണയികൾ ഒന്നാം ഭാഗം" ഒരു ശ്രദ്ധേയമായ ലേഖനസമാഹാരമാണ്. സാഹിത്യത്തെ ഹൃദയപൂർവ്വം സ്നേഹിച്ച വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ലേഖനവും ആ വ്യക്തിയുടെ സാഹിത്യദൃഷ്ടി, ജീവിതാനുഭവങ്ങൾ, വായനാശീലം, എഴുത്തിനോടുള്ള പ്രതിബദ്ധത എന്നിവ തെളിവായി അവതരിപ്പിക്കുന്നു. തോമസ് പോളിൻ്റെ ലളിതവും അസ്വാദ്യകരവുമായ ഭാഷ വായനക്കാരനെ സാഹിത്യത്തോട് കൂടുതൽ അടുത്തുവരുത്തുന്നു. വിദ്യാർത്ഥികൾക്കും സാഹിത്യപ്രേമികൾക്കും ഒരുപോലെ പ്രചോദനമാകുന്ന ഗ്രന്ഥം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 – ൽ പ്രസിദ്ധീകരിച്ച, മാവ് സേ തുങ്ങ് രചിച്ച കലയും സാഹിത്യവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനയിലെ വിമോചന സമരത്തിൻ്റെ പശ്ചാത്തലത്തിൽ കലയും സാഹിത്യവും സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് പരിചിന്തനം ചെയ്യുന്നതിനായി വിമോചന പ്രസ്ഥാനത്തിന്റെൻ്റെ തലസ്ഥാനമായിരുന്ന യെനാനിൽ വച്ച് 1942 മേയ് മാസത്തിൽ മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ഒരു സമ്മേളനം നടന്നു. ചൈനയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും കലാകാരന്മാരും ആ സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. സാഹിത്യത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങളും ചർച്ചകളും നടന്ന ആ സമ്മേളനത്തിൻ്റെ ഉദ്ഘാടനത്തിൽ മാവ് സേ തൂങ്ങ് നടത്തിയ പ്രസംഗവും സമ്മേളനത്തിൻ്റെ അവസാന ദിവസം നടത്തിയ ദീർഘ പ്രഭാഷണവുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. ആ മൂന്നാഴ്ച കാലത്തെ കൂടിയാലോചനകളിലും വാദപ്രതിവാദങ്ങളിലും ഉന്നയിക്കപ്പെട്ട സകല സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സവിസ്തരം അദ്ദേഹം അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 – ൽ പ്രസിദ്ധീകരിച്ച, പി.ജി.എം. ദാസ് രചിച്ച സഭയും സഭകളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തോലിക്കാസഭയും മറ്റു സഭകളും തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെക്കുറിച്ചുള്ള ഗ്രന്ഥകർത്താവിൻ്റെ വീക്ഷണം ഈ പുസ്തകത്തിൽ കാണാം. ഓരോ കാലഘട്ടത്തിലും സഭകളിൽ നടന്ന സംഭവവികാസങ്ങളും അതിൻ്റെ പ്രത്യാഖ്യാതങ്ങളും ലഘുവായ രീതിയിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947-ൽ പ്രസിദ്ധീകരിച്ച, ദി കൊമേഴ്സ്യൽ കേരള  സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലബാർ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ കോൺഫറൻസിൻ്റെ ഭാഗമായി പുറത്തിറക്കിയ ഒരു പ്രത്യേക സ്മരണികയാണ് ദി കൊമേഴ്സ്യൽ കേരള. മലബാറിലെ വ്യവസായ-വാണിജ്യ മേഖലകളുടെ ചരിത്രവും പുരോഗതിയും രേഖപ്പെടുത്തിയ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രരേഖയാണിത്. ഒന്നാം ഭാഗത്തിൽ ഇന്ത്യയുടെയും മലബാറിൻ്റെയും സാമ്പത്തിക, സാമൂഹിക വശങ്ങളെക്കുറിച്ച് പ്രമുഖർ എഴുതിയ ലേഖനങ്ങളാണിതിലുള്ളത്. അക്കാലത്തെ പ്രമുഖരായ എച്ച്. സീതാരാമ റെഡ്ഡി, കോയപ്പത്തോടി അഹമ്മദ് കുട്ടി സാഹിബ്, വി.കെ. എരടി എന്നിവരുടെ ചിത്രങ്ങൾ, കേരളത്തിൻ്റെ വാണിജ്യ ചരിത്രം, തെങ്ങ് കൃഷി, മലബാറിലെ കടൽ കടന്നുള്ള വ്യാപാരം, വനസമ്പത്ത്, മത്സ്യബന്ധനം എന്നിവയെക്കുറിച്ചുള്ള ആധികാരികമായ പഠനങ്ങൾ എന്നിവയും ഇതിലുണ്ട്. രണ്ടാം ഭാഗത്തിൽ പ്രാദേശികമായ വ്യവസായങ്ങൾക്കും സംസ്കാരത്തിനുമാണ് മുൻഗണന നൽകിയിരിക്കുന്നുത് . ടി. ബാലകൃഷ്ണൻ നായർ 'നമ്മുടെ പണ്ടത്തെ കച്ചവടബന്ധങ്ങളെ' കുറിച്ചും സാമുവൽ ആറോൺ 'കേരളത്തിൻ്റെ പുരോഗതിയെ' കുറിച്ചും വിവരിക്കുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മലബാറിൻ്റെയും കേരളത്തിൻ്റെയും സമഗ്രമായ വികസനം ലക്ഷ്യമിട്ടു നടന്ന ചർച്ചകളുടെയും പഠനങ്ങളുടെയും സമാഹാരമാണ് ഈ സ്മരണിക.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920-ൽ പ്രസിദ്ധീകരിച്ച, തരവത്ത് അമ്മാളു അമ്മ എഴുതിയ സർവ്വവേദാന്തസിദ്ധാന്ത സാരസംഗ്രഹം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

മലയാളത്തിലെ ആദ്യകാല എഴുത്തുകാരിയും വിവർത്തകയും വിദുഷിയുമായിരുന്നു തരവത്ത് അമ്മാളുവമ്മ. ബ്രഹ്മസൂത്രം, ഉപനിഷത്തുകൾ എന്നിവയുടെ ആശയം സംഗ്രഹിച്ച് ശങ്കരാചാര്യർ സംസ്കൃതത്തിൽ രചിച്ച കൃതിയാണ് 'സർവവേദാന്തസിദ്ധാന്ത സാരസംഗ്രഹം'. മറ്റു വാദങ്ങളെ യുക്തിയുക്തം ഖണ്ഡിച്ച് അദ്വൈതമതസിദ്ധാന്തത്തെ സ്ഥാപിക്കുക എന്നതാണ് രചനയുടെ ലക്ഷ്യം. ലൗകികജീവിതത്തിൽ മുഴുകിയവർക്ക് മോക്ഷപ്രാപ്തിക്കുവേണ്ടി ലളിത സുന്ദരമായ ഭാഷയിൽ ശങ്കരാചാര്യർ രചിച്ചതാണ് ഈ കൃതിയെന്ന് മുഖവുരയിൽ വിവർത്തക വ്യക്തമാക്കുന്നു. ശങ്കരാചാര്യരുടെ ഭാഷയുടെ സൗന്ദര്യം എടുത്തു കാണിക്കാനായി അദ്ദേഹത്തിൻ്റെ ശ്ലോകങ്ങൾ സംസ്കൃതത്തിൽത്തന്നെയാണ് നൽകിയിരിക്കുന്നത്. ഗുരുശിഷ്യസംവാദരൂപത്തിലാണ് പുസ്തകത്തിൻ്റെ ഘടന. സങ്കീർണ്ണമായ ആധ്യാത്മികാശയങ്ങൾ ലളിതമായ ഉദാഹരണങ്ങൾ വഴി ബോധ്യപ്പെടുത്തി ഗുരു ശിഷ്യനെ ചരിതാർത്ഥനാക്കുന്നു. ഗുരുപദേശം ലഭിച്ച്, അറിയേണ്ടതെല്ലാം അറിഞ്ഞ ശിഷ്യൻ സംശയരഹിതനായി ഗുരുവിനെ നമസ്കരിച്ച് യാത്രയാവുകയും ഗുരു ആനന്ദസമുദ്രത്തിൽ ആമഗ്നനായിരിക്കുകയും ചെയ്യുന്നിടത്താണ് പുസ്തകം അവസാനിക്കുന്നത്

വേദാന്തവിശാരദനായ കല്പാത്തി ലക്ഷ്മണശാസ്ത്രികൾ പരിശോധിച്ച് പിഴതീർത്തതാണ് പരിഭാഷയെന്ന് ഗ്രന്ഥകർത്രി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 – ൽ പ്രസിദ്ധീകരിച്ച, ഹൃദ്യോപന്യാസങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖന സമാഹാരമാണ് ഹൃദ്യോപന്യാസങ്ങൾ. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും പുരാണങ്ങളും എല്ലാം ഈ ഉപന്യാസങ്ങളിൽ കടന്നു വരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.