Release notes

2,924 release notes

1923 – ൽ പ്രസിദ്ധീകരിച്ച, പള്ളത്ത് രാമൻ പരിഭാഷപ്പെടുത്തിയ പ്രകൃതിവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിഖ്യാത മഹാകവിയായ വില്യം വേഡ്സ് വർത്തിൻ്റെ ഗ്രന്ഥങ്ങളിൽ അവിടവിടെയായിക്കിടന്നിരുന്ന കാവ്യഭംഗികളെത്തേടിപ്പിടിച്ച് അവയെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിരിക്കുകയാണ് സമകാലിക കവികളിൽ ഒരാളായ പള്ളത്ത് രാമൻ. ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്. ഭാഷാസാഹിത്യത്തിൻ്റെ പരിപൂർണ്ണമായ പുരോഗതിക്ക് ഇത്തരത്തിലുള്ള തർജ്ജിമകൾ ആവശ്യകമാണ് എന്ന് അദ്ദേഹം അവതാരികയിൽ പറയുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 – ൽ മൂന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, പി.ജെ.തോമസ്  രചിച്ച മലയാള സാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അന്ത്യംവരെ ക്രൈസ്തവർ നടത്തിയ ഭാഷാപരിപോഷണ യത്നങ്ങളാണു “കേരളത്തിലെ ക്രിസ്തീയ സാഹിത്യം' എന്ന പേരിൽ  പി.ജെ. തോമസ് 1935 ൽ ഒന്നാം പതിപ്പായും "മലയാള സാഹിത്യവും ക്രിസ്ത്യാനികളും' എന്ന പേരിൽ 1961-ൽ രണ്ടാം പതിപ്പായും പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞ കാൽ നൂററാണ്ടിനിടയ്ക്ക് ഡോ.തോമസിൻ്റെ പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ചു ലഭിച്ചിട്ടുള്ള പുതിയ അറിവുകളും ഉൾക്കാഴ്ചകളും ഡോ.സ്കറിയ സക്കറിയ “ചർച്ചയും പൂരണവും” എന്ന  തൻ്റെ നീണ്ട അനുബന്ധത്തിൽ ഉൾപ്പെടുത്തിയതും കൂടി ചേർത്തുകൊണ്ടാണ് 1989 -ൽ  മൂന്നാം പതിപ്പായി പി.ജെ. തോമസിൻ്റെ  ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

പി.ജെ. തോമസിനു തൻ്റെ കൃതിയുടെ രചനയിൽ സൂക്ഷ്മമായി പരിശോധിക്കാൻ കഴിയാതെ പോയ, ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി, മിലാൻ രേഖകൾ, പത്രങ്ങളുടെ ഏടുകൾ, നിഘണ്ടുക്കൾ, വ്യാകരണഗ്രന്ഥങ്ങൾ, തുടങ്ങി അനേകം ഗ്രന്ഥങ്ങൾ ഇപ്പോൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഇപ്രകാരം പുതിയ ഉപാദാനങ്ങളുടെ വെളിച്ചത്തിൽ ചർച്ചയ്ക്കും പൂരണത്തിനും പ്രസക്തിയുണ്ടു്. വിട്ടുപോയ പേരുകൾ ചേർക്കുക, അങ്ങിങ്ങു നുഴഞ്ഞു കയറിയിട്ടുള്ള തെറ്റുകൾ തിരുത്തുക, അർഹമായ പ്രാധാന്യം ലഭിച്ചിട്ടില്ലാത്ത വ്യക്തികളെയും കൃതികളെയും വിശദമായി പരിചയപ്പെടുത്തുക, ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസത്തിൽ നിർണായക പങ്കുവഹിച്ച കൃതികളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രാധാന്യം തെളിച്ചുകാട്ടുക, ഭാഷാശൈലിയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ പുനഃപരിശോധിക്കുക എന്നിവയിൽ പരിമിതപ്പെട്ടു നിൽക്കുന്നതു കൊണ്ടാണു ചർച്ചയും പൂരണവും എന്ന ശീർഷകം ഇതിനു നൽകിയിരിക്കുന്നതു്.

പതിനാറാം നൂറ്റാണ്ടുമുതൽ പാശ്ചാത്യരുമായി കേരളത്തിനുണ്ടായ ഉററ സമ്പർക്കത്തിൻ്റെ സാംസ്കാരികനേട്ടങ്ങൾ ക്രൈസ്തവസമുദായത്തെ മുൻനിറുത്തി പഠിക്കാനാണു അടിസ്ഥാന ഗ്രന്ഥത്തിൽ ഡോ. തോമസ് ഉദ്യമിച്ചിരിക്കുന്നതു്. പോർത്തുഗീസുകാരുടെ കാലം മുതൽ കേരളത്തിലെ മാർത്തോമ്മാ നസ്രാണികളും പുതുതായി ക്രൈസ്തവമതം സ്വീകരിച്ചവരും ശക്തമായ പാശ്ചാത്യസ്വാധീനത്തിനു വിധേയരായി എന്നതുകൊണ്ടും അവരെ മുൻനിറുത്തിയുള്ള പഠനത്തിനു സവിശേഷപ്രസക്തിയുണ്ടു്. മാത്രമല്ല, പാശ്ചാത്യരുടെ സാംസ്കാരിക പ്രവർത്തനത്തിൽ ഏറിയ പങ്കും അവരുടെ ക്രൈസ്തവമിഷണറി പ്രവർത്തനത്തിൻ്റെ ഭാഗമായിരുന്നുതാനും. അതാണു ഈ പുസ്തകത്തിൽ  അവലംബിച്ചിരിക്കുന്ന വീക്ഷണകോൺ. പാശ്ചാത്യസമ്പർക്കത്തിലൂടെ കേരളീയൻ്റെ മാനസിക ചക്രവാളങ്ങൾക്കുണ്ടായ വികാസം ഭാഷയിലും സാഹിത്യത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു, അതു പടിപടിയായും ശാസ്ത്രീയമായും ചിത്രീകരിക്കാനുള്ള ഉദ്യമം മലയാളിയുടെ ലോകവീക്ഷണത്തിനുണ്ടായ വളർച്ച രേഖപ്പെടുത്തുന്നതിൽ കലാശിച്ചു.  മലയാളസാഹിത്യവും ക്രിസ്ത്യാനികളും മലയാളത്തിലെ അതിവിശിഷ്ടഗ്രന്ഥങ്ങളിലൊന്നായി ഇന്നും പരിഗണിക്കപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946– ൽ പ്രസിദ്ധീകരിച്ച, എം. സാമുവൽ രചിച്ച ആധുനിക ചൈന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനയെയും അവിടുത്തെ നിവാസികളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ എം. സാമുവലിൻ്റെ ഒരു ചരിത്ര സാഹിത്യ കൃതിയാണ് 'ആധുനിക ചൈന'. ചൈനയുടെ ദേശചരിത്രത്തിൻ്റെയും സംസ്ക്കാര ചരിത്രത്തിൻ്റെയും എല്ലാ വശങ്ങളെയും സ്പർശിച്ചു കൊണ്ട് ചുരുങ്ങിയതും എന്നാൽ രസകരവുമായ ഒരു വിവരണമാണ് ഈ പുസ്തകത്തിൽ ഉടനീളെ എന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922-ൽ പ്രസിദ്ധീകരിച്ച, ‘കഥാമാലിക - ടാഗോർ കഥ’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി രവീന്ദ്രനാഥ ടാഗോർ എഴുതിയ ചെറുകഥകളാണ്  ‘കഥാമാലിക - ടാഗോർ കഥ’ എന്ന ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വി. ഉണ്ണികൃഷ്ണൻ നായർ ആണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1920– ൽ പ്രസിദ്ധീകരിച്ച, 'മദ്ധ്യമവ്യായോഗം' എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാസകൃതിയായി കരുതപ്പെടുന്ന ഈ കൃതി മഹാകവി വള്ളത്തോൾ നാരായണമേനോനാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ഘടോൽക്കചൻ്റെ ബാധയിൽ നിന്ന്  ഒരു ബ്രാഹ്മണകുടുംബത്തെ ഭീമസേനൻ രക്ഷിക്കുന്നതാണ് ഇതിലെ വിഷയം. ഭീമസേനൻ്റെയും പുത്രനായ ഘടോൽക്കചൻ്റെയും പരാക്രമപ്രൗഢി, ബ്രാഹ്മണർക്കു ജാത്യാ ഉള്ള സാധുസ്വഭാവം, ഹിഡിംബയുടെ ഭർത്തൃഭക്തി ഇങ്ങനെ വായനക്കാർക്ക് ഹൃദയാകർഷകമായിത്തീരുന്ന പലതും ഇതിലുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1922– ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ രചിച്ച തുപ്പൽ കോളാമ്പി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പച്ച മലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. അദ്ദേഹം നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ  നിമിഷ കാവ്യങ്ങളിൽ ഒന്നാണ് 'തുപ്പൽ കോളാമ്പി'. കഥയിൽ കോളാമ്പിക്ക് പ്രാധാന്യമുള്ളതുകൊണ്ടാണ് ഈ ശീർഷകം നൽകിയതെന്ന് നിരൂപകൻ സൂചിപ്പിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926-ൽ പ്രസിദ്ധീകരിച്ച, നടുവത്ത് മഹൻ നമ്പൂതിരി എഴുതിയ കാവ്യശകലങ്ങൾ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നടുവത്ത് മഹൻ നമ്പൂതിരി (1868-1944) മലയാളത്തിലെ ആധുനിക കവിതയുടെ തുടക്കകാലത്ത് പച്ചമലയാള പ്രസ്ഥാനത്തോടൊപ്പം നിന്ന പ്രമുഖനായ ഒരു കവിയും, കൊടുങ്ങല്ലൂർ കളരിയിലെ അംഗവുമായിരുന്നു. നടുവത്ത് അച്ഛ്ൻ നമ്പൂതിരിയും മഹൻ നമ്പൂതിരിയും ചേർന്ന് "നടുവം കവികൾ" എന്നറിയപ്പെടുന്നു. വിവിധ കാവ്യശകലങ്ങളും ഭക്തിപരമായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. മഹൻ നമ്പൂതിരിയുടെ പത്ത് ക്രിതികളാണ് പ്രസിദ്ദീകരിച്ചിട്ടുള്ളത്. സാരോപദേശശതകം, ഘോശയാത്ര, അംബാസ്തവം, ഗുരുവായൂരപ്പനും പിഷാരിക്കലമ്മയും, സ്തവമഞ്ജരി, കാവ്യശകലങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, ഭക്തിലഹരി, മഹാത്മാഗാന്ധി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ഹിരണ്മയി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധ ബംഗാളി നോവൽ ഗ്രന്ഥകാരനായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ 'ഹിരണ്മയി' എന്ന ഖണ്ഡകഥയുടെ ഒരു മലയാളപരിഭാഷയാണ് ഈ പുസ്തകം. ബംഗാളിയിൽ ഈ കഥ വളരെ പ്രചാരത്തിലിരിക്കുന്ന ഒന്നാണ്.

മൂലഗ്രന്ഥകാരൻ്റെ ആശയങ്ങൾക്ക് വൈരൂപ്യം വരുത്താതെ ലളിതമായ മലയാളത്തിൽ ഏവർക്കും എളുപ്പത്തിൽ ഗ്രഹിക്കത്തക്ക രീതിയിൽ എഴുതപ്പെട്ടതാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, സ്വാത്മരാമയോഗി രചിച്ച ഹഠയോഗപ്രദീപിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹഠയോഗ വിദ്യയുടെ പ്രസക്തി വിശദമാക്കുന്ന മധ്യകാല ഗ്രന്ഥമാണ് ഹഠയോഗ പ്രദീപിക. സൂര്യചന്ദ്ര സംയോഗമാണ് ഈ യോഗവിദ്യയിലൂടെ അർത്ഥമാക്കുന്നത്. വ്യത്യസ്തമായ ഊർജ്ജങ്ങൾക്കിടയിൽ ഒരു ഐക്യം കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൻ്റെ അടിസ്ഥാനം. ഒരു താന്ത്രിക പരിശീലനം എന്നും വ്യാഖ്യാനിക്കാം. ഹഠയോഗ വിദ്യ ലളിതമല്ല സങ്കീർണമാണ്. ഇച്ഛാശക്തി ഇല്ലാത്തവർക്ക് പിന്തുടരാൻ സാധിക്കില്ല. ധ്യാന പരിശീലനവും സാധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഭൗതിക ശരീരത്തെ ശുദ്ധീകരിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ, ഊർജ്ജത്തെ പ്രബുദ്ധതയിലേക്ക് നയിക്കുന്നതിനുള്ള തന്ത്രങ്ങൾ, സമാധിയുടെ യഥാർത്ഥ വ്യാഖ്യാനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 – ൽ പ്രസിദ്ധീകരിച്ച, ലിയൂഷാവോ - ചി രചിച്ച എങ്ങനെ നല്ല കമ്മ്യൂണിസ്റ്റാകാം? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചൈനീസ് ജനാധിപത്യ റിപ്പബ്ലിക്കിലെ കേന്ദ്ര ജനകീയ ഗവൺമെൻ്റിൻ്റെ വൈസ് ചെയർമാൻ ആയിരുന്ന ലിയൂഷാവോ - ചി രചിച്ച ഗ്രന്ഥമാണ് ഇത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എങ്ങനെ ഒരു നല്ല വ്യക്തി ആകണമെന്നും തൻ്റെ ജീവിതം എങ്ങനെ സമൂഹത്തിനുവേണ്ടി ഉപയോഗിക്കണമെന്നും ഈ പുസ്തകത്തിൽ നിർദ്ദേശിക്കുന്നു. ഒരു നല്ല കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ ആദ്യം സ്വയം മാറ്റം വരുത്തണം. വ്യക്തി തൻ്റെ ചിന്തകളും പ്രവൃത്തികളും നിരന്തരം പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. പ്രവർത്തകന് പാർട്ടിയോടുള്ള വിശ്വാസവും വളരെ പ്രധാനമാണ്. വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ പാർട്ടിയുടെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻ‌ഗണന നൽകണം. ജനങ്ങൾക്ക് സേവനം ചെയ്യുക എന്നതാണ് നല്ല കമ്മ്യൂണിസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സ്വന്തം ലാഭത്തിനായി പ്രവർത്തിക്കാതെ പൊതുസമൂഹത്തിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കണം. മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റ് എപ്പോഴും നൈതികമായി ശക്തനും സത്യസന്ധനുമായിരിക്കണം എന്നും ഈ പുസ്തകത്തിലൂടെ പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 – ൽ പ്രസിദ്ധീകരിച്ച, കൃഷ്ണകവി രചിച്ച ഭരതചരിതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൃഷ്ണകവി രചിച്ച കാവ്യമാണ് ഭരതചരിതം. ഈ കൃതിയിൽ പന്ത്രണ്ട് സർഗ്ഗങ്ങളുണ്ട്. ആദ്യത്തെ എട്ട് സർഗ്ഗങ്ങളിൽ ശാകുന്തളം കഥ തന്നെയാണ് വിഷയമായി വരുന്നത്. കാളിദാസൻ്റെ ശാകുന്തളത്തിൽ നിന്നും പല വ്യത്യാസങ്ങളും കൃഷ്ണകവി വരുത്തിയിട്ടുണ്ട്. അർത്ഥചമൽക്കാരമാണ് ഈ കൃതിയുടെ ഏറ്റവും വലിയ സവിശേഷതയായി പറയപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926-ൽ പ്രസിദ്ധീകരിച്ച, ബങ്കിം ചന്ദ്രചാറ്റർജി എഴുതിയ ദേവിചൗധുറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബങ്കിം ചന്ദ്രചാറ്റർജി 1884-ൽ പ്രസിദ്ധീകരിച്ച പ്രശസ്തമായ ബംഗാളി നോവലാണ് 'ദേവിചൗധുറാണി'. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെയും സ്ത്രീശക്തിയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഈ കൃതി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലും സാഹിത്യത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

സാധാരണക്കാരിയായ പ്രഫുല്ല എന്ന പെൺകുട്ടി സാഹചര്യങ്ങൾ കൊണ്ട് ഒരു കൊള്ളക്കാരിയായി മാറുന്നതും, പിന്നീട് അടിച്ചമർത്തപ്പെട്ടവരുടെ കാവലാളായ 'ദേവിചൗധുറാണി'യായി ഉയരുന്നതുമാണ് നോവലിൻ്റെ പ്രമേയം. ടി.പി. ശ്രീനിവാസശാസ്ത്രിയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.