Release notes

2,924 release notes

1968-ൽ പ്രസിദ്ധീകരിച്ച, 1951-ലെ നയ പ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1951 ഒക്ടോബറിൽ കൂടിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ച് ചർച്ച ചെയ്ത് അംഗീകരിച്ച നയപ്രഖ്യാപനമാണിത്. പാർട്ടിയുടെ ലക്ഷ്യം, കഴിഞ്ഞകാല നയങ്ങൾ, ചൈനയുടെയും ഇന്ത്യയുടെയും കാര്യത്തിലുള്ള കാഴ്ചപ്പാടും നിലപാടും, ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ട അടിയന്തിരസ്ഥിതികളും, പാർട്ടി കടമകളും, തൊഴിലാളി വർഗത്തിൻ്റെ ഐക്യത്തിൽ പാർട്ടിയുടെ പങ്ക്, സമൂഹത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാതെ സമാധാനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ നിരവധി വിഷയങ്ങൾ 26 പേജുകളുള്ള ഈ ലഘുലേഖ ചർച്ച ചെയ്യുന്നു

സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന ഗവൺമെൻ്റിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും, ഫ്യൂഡൽ ഭൂവുടമകൾക്കും വിദേശ സാമ്രാജ്യത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഈ ഭരണകൂടത്തിന് പകരം ഒരു ജനകീയ ജനാധിപത്യ ഗവൺമെൻ്റ് സ്ഥാപിക്കുകയുമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം എന്നും ഇതിൽ പറയുന്നു. ഇന്ത്യൻ വിപ്ലവത്തിൻ്റെ വഴി റഷ്യൻ മാർഗ്ഗമോ ചൈനീസ് മാർഗ്ഗമോ മാത്രമല്ല, മറിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ ഒന്നായിരിക്കണം. നഗരങ്ങളിലെ തൊഴിലാളി വർഗ്ഗത്തിൻ്റെയും ഗ്രാമങ്ങളിലെ കർഷകരുടെയും ഐക്യത്തിലൂടെ മാത്രമേ വിപ്ലവം സാധ്യമാവുകയുള്ളൂ. നാടുവാഴിത്തം അവസാനിപ്പിച്ച് കൃഷിക്കാർക്ക് പ്രതിഫലം കൂടാതെ ഭൂമി നൽകുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ലക്ഷ്യമാണ്. വ്യക്തിപരമായ ഭീകരപ്രവർത്തനങ്ങളെ (Individual Terrorism) മാർക്സിസം അംഗീകരിക്കുന്നില്ലെന്നും അത് ജനങ്ങളെ വിപ്ലവത്തിൽ നിന്ന് അകറ്റുമെന്നും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു. പാർലമെൻ്ററി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്നും ജനങ്ങൾ എവിടെയുണ്ടോ അവിടെ പാർട്ടി ഉണ്ടായിരിക്കണമെന്നും ഈ നയം വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപുള്ള പാർട്ടി നിലപാടും സമീപനങ്ങളും ചർച്ചാവിധേയമാക്കുന്ന രേഖ എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ലഘുലേഖക്കുണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

1968-ൽ  പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച 'മലയാം കൊല്ലം' എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാളിദാസകൃതികളുടെ ആഴവും ഗാംഭീര്യവും വെളിപ്പെടുത്തുന്നതിൽ അസാമാന്യ കഴിവ് പ്രകടിപ്പിച്ചിരുന്ന കവിസാർവ്വഭൗമൻ എന്നാണ് തമ്പുരാനെ ഈ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ട് മലയാള മാസങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഈ കാവ്യത്തിൻ്റെ ഉള്ളടക്കം. ഒരോ മാസത്തിലും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവരിലുണ്ടാകുന്ന സ്വാധീനം, ആ മാസങ്ങളിലെ പ്രധാന ആഘോഷങ്ങൾ എന്നിവയെല്ലാം ഈ കൃതിയിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച ദക്ഷയാഗശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുരാണത്തിലെ ദക്ഷയാഗത്തെ ആസ്പദമാക്കിയുള്ള ഒരു മുക്തകവിതയാണിത്. കൊല്ലവർഷം 1067-ൽ ഒരു രാത്രിയിലെ വെറും 6-7 മണിക്കൂറുകൾ കൊണ്ടാണ് ഈ കൃതി അദ്ദേഹം എഴുതിത്തീർത്തത്. മലയാള സാഹിത്യത്തിലെ അതികായനായ ഇദ്ദേഹത്തെ 'കേരളവ്യാസൻ' എന്നാണ് വിളിക്കുന്നത്. അമിതമായ സംസ്കൃത സ്വാധീനമില്ലാതെ ലളിതമായ മലയാളത്തിൽ കവിതകൾ രചിക്കുന്ന പച്ചമലയാള പ്രസ്ഥാനത്തിൻ്റെ വക്താവായിരുന്നു അദ്ദേഹം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 – ൽ പ്രസിദ്ധീകരിച്ച, മേപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച, തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടി ഭാഷാ വ്യാഖ്യാനം ചെയ്ത ശ്രീപാദസപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുക്കോലെ ഭഗവതിയെ കുറിച്ചുള്ള സ്തുതിയാണ് ശ്രീപാദസ്തുതി എന്ന് അറിയപ്പെടുന്നത്. ശ്രീമന്നാരായണീയ കർത്താവായ മേപ്പത്തൂർ ഭട്ടതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ്റെ പ്രതേക കൽപ്പന പ്രകാരം മുക്തിസ്ഥലം (മുക്കോലെ) എന്നു പ്രസിദ്ധമായ ദേവീക്ഷേത്രത്തിൽ ചെന്ന് ഭജിക്കുകയുണ്ടായി എന്നും അന്ന് ദേവിയെ സ്തുതിക്കാനായി എഴുതിയതാണ് ഈ സ്തുതിയെന്നും ഭക്തന്മാർ പറഞ്ഞുവരുന്നു. മൂലകൃതി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടിയാണ് മലയാളത്തിൽ ഭാഷാവ്യാഖ്യാനം ചെയ്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 – ൽ പ്രസിദ്ധീകരിച്ച, ഫ്രെഡറിക് എംഗൽസ് രചിച്ച സോഷ്യലിസം - സാങ്കല്പികവും ശാസ്ത്രീയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാർക്സിയൻ സോഷ്യലിസ്റ്റ് സിദ്ധാന്തവും ചരിത്രപരമായ പിന്നാംപുറവും അതിൻ്റെ തത്വശാസ്ത്രപരവും ധനശാസ്ത്രപരവും രാഷീയവുമായ അടിസ്ഥാനവും ഏറ്റവുമധികം സംക്ഷിപ്തമായി ഒരേ ചരടിൽ കൂട്ടിയിണക്കി  പ്രതിപാദിക്കുന്ന ഏക ഗ്രന്ഥമാണിത്. സോഷ്യലിസത്തിൻ്റെ സാരം പരിശോധിക്കുമ്പോൾ സമ്പത്തുള്ളവരും സമ്പത്ത് ഇല്ലാത്തവരും തമ്മിലുള്ള, അല്ലെങ്കിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിൻ്റെ വ്യാഖ്യാനമാണ് പരിഗണിക്കപ്പെടുന്നത്. വർഗ്ഗ വൈരങ്ങളും ഉൽപാദനത്തിൻ്റെ അവ്യവസ്ഥയുമാണ് ഒരു പരിധിവരെ അതിന് കാരണമാകുന്നത്. എന്നാൽ സോഷ്യലിസത്തിൻ്റെ സിദ്ധാന്തപരമായ രൂപം മറ്റൊന്നാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ സിദ്ധാന്തങ്ങളുടെ വിപുലീകരണമാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 – ൽ ഏ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച റസൂൽ സന്നിധിയിലെ ദൂതൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അറേബ്യയിലെ ലോകവിശ്രുതനായ പ്രവാചകനാൽ ദീർഘദർശനം ചെയ്യപ്പെട്ട ഇസ്ലാമിൻ്റെ പൗരാണിക സോഷ്യലിസ സിദ്ധാന്തങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഇറാനിലെ ഒരു ദൂതനും ഇസ്ലാം മതം സ്വീകരിച്ച ആദ്യപുരുഷന്മാരിൽ ഒരാളും, ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളുമായ ഹസറത്ത് അബൂബക്കർ സിദ്ദിക്കുമായി നടത്തുന്ന സംഭാഷണരൂപത്തിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1966 – ൽ പ്രസിദ്ധീകരിച്ച, ഗോപാലകൃഷ്ണൻ രചിച്ച അയ്യപ്പസന്നിധിയിലേയ്ക്ക് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗോപാലകൃഷ്ണൻ രചിച്ച അയ്യപ്പ സന്നിധിയിലേയ്ക്ക് എന്ന ഗ്രന്ഥത്തിൽ ശബരിമല ദർശനത്തിൻ്റെ വ്രതാനുഷ്ഠാനങ്ങൾ വിശദമായി അവതരിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിന് പിന്നിലുള്ള ഐതിഹ്യവും നിലനിൽക്കുന്ന വിശ്വാസക്രമങ്ങളും ഒരു ഭക്തൻ പാലിക്കേണ്ട കാര്യങ്ങളും ക്ഷേത്രദർശനത്തിൻ്റെ ഭാഗമായുള്ള ഓരോ ചടങ്ങുകളും ഈ ഗ്രന്ഥത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 – ൽ ദക്ഷിണഭാഷാ ഗ്രന്ഥമണ്ഡലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച, ടി. മാണിക്കവാചകം ചെട്ടിയാർ രചിച്ച പഞ്ഞിയും നൂലും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വസ്ത്രധാരണത്തിന് അത്യന്താപേക്ഷിതമായ നൂൽ വലിയ തോതിൽ ഉല്പാദിപ്പിക്കുന്നതിനെ കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 – ൽ സഞ്ചാലക് സവ്വസേവാസംഘം പ്രസിദ്ധീകരിച്ച, സത്യൻ രചിച്ച തക്ലിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956-ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഒരു വിദ്യാഭ്യാസ പ്രചാരണ മാധ്യമം ആയിരുന്നു. പ്രധാനമായും ഗാന്ധിയൻ ആശയങ്ങളിലും ഖാദി പ്രസ്ഥാനത്തിലും അധിഷ്ഠിതമായ ഒന്നായിരുന്നു ഇതിൻ്റെ ഇതിവൃത്തം.​'തക്ലി' (നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണം) ഉപയോഗിച്ച് നൂൽ നൂൽക്കുന്നതിലെ ശാസ്ത്രീയ വശങ്ങളും, അത് ഒരു തൊഴിലായി സ്വീകരിക്കുന്നതിൻ്റെ പ്രാധാന്യവുമാണ് ചർച്ച ചെയ്യുന്നത്.

കേവലം ഒരു നൂൽനൂൽപ്പുപകരണം എന്നതിലുപരി, ആത്മവിശ്വാസവും സ്വാവലംബനവും വളർത്തുന്ന ഒരു ഉപാധിയായും, വിദ്യാഭ്യാസരംഗത്ത് കുട്ടികളിൽ സർഗ്ഗാത്മകതയും ഏകാഗ്രതയും വളർത്താൻ സഹായിക്കുന്ന ഒരു മികച്ച ഉപകരണമായും തക്ലിയെ ഇതിൽ അവതരിപ്പിക്കുന്നു. ഖാദിപ്രസ്ഥാനത്തിൽ നിർണ്ണായകമായ ഒരു സ്ഥാനം വഹിക്കുന്ന തക്ലി, അഹിംസാത്മകമായ സ്വാതന്ത്ര്യസമരത്തിൻ്റെ ചിഹ്നമായി ഗാന്ധിജി ഉപയോഗിച്ചുവെന്നും, നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിൽ ഇത് നിലനിന്നിരുന്നുവെന്നും പുസ്തകം പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1953 – ൽ പ്രസിദ്ധീകരിച്ച, പി.കെ. രാജരാജവർമ്മ രചിച്ച ശ്രീമതി കുഞ്ചി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി.കെ. രാജരാജവർമ്മ രചിച്ച ലേഖന സമാഹാരമാണ് ശ്രീമതി കുഞ്ചി. സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുന്ന പന്ത്രണ്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. സ്ത്രീകളുടെ കുടുംബജീവിതവും രാഷ്ട്രീയവും വിനോദങ്ങളും അടക്കം പല വിഷയങ്ങളിലേയ്ക്കും ഈ ലേഖനങ്ങൾ കടന്നു ചെല്ലുന്നു. സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാടുകളെ പുനർ വിചാരണ നടത്താനുള്ള ശ്രമവും ഈ പുസ്തകത്തിൽ കാണാൻ സാധിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച, ജെ.സി. കുമരപ്പ രചിച്ച തൊഴിലിൻ്റെ തത്വശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞനായ ജെ.സി. കുമരപ്പ എഴുതിയ  തൊഴിലിൻ്റെ തത്വശാസ്ത്രം മനുഷ്യജീവിതത്തിൽ തൊഴിൽ എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന ഒരു ഗാന്ധിയൻ ദാർശനിക കൃതിയാണ്. ഈ ഗ്രന്ഥത്തിൽ, ജോലി വെറും ഉപജീവന മാർഗമല്ല, മറിച്ച് മനുഷ്യൻ്റെ വ്യക്തിത്വം, ആത്മവികസനം, സാമൂഹിക ഉത്തരവാദിത്വം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു സജീവ പ്രക്രിയയാണെന്ന് കുമരപ്പ വ്യക്തമാക്കുന്നു. അദ്ദേഹം ജോലിയെ സൃഷ്ടിപരമായ ഭാഗമെന്നും കഠിനാധ്വാന ഭാഗമെന്നും രണ്ടായി വിഭജിക്കുന്നു. ഈ രണ്ടു ഘടകങ്ങളും സമന്വയത്തോടെ ഉണ്ടാകുമ്പോഴാണ് ഒരു മനുഷ്യൻ തൻ്റെ ജോലിയിൽ സന്തോഷവും അർത്ഥവും കണ്ടെത്തുന്നത്. എന്നാൽ ആധുനിക വ്യവസായ വ്യവസ്ഥയിൽ ജോലിയെ ചെറുതായി വിഭജിച്ച് യാന്ത്രികമാക്കിയതിനാൽ തൊഴിലാളി തൻ്റെ സൃഷ്ടിപരമായ പങ്ക് നഷ്ടപ്പെടുത്തി വെറും യന്ത്രത്തിൻ്റെ ഒരു ഭാഗം പോലെ മാറിപ്പോകുന്നു എന്ന് അദ്ദേഹം വിമർശിക്കുന്നു. ഈ സാഹചര്യത്തിൽ ജോലി മനുഷ്യനെ ഉയർത്തുന്ന ഒരു ശക്തിയായി മാറേണ്ടതിനുപകരം അവനെ അടിച്ചമർത്തുന്ന ഒരു ഘടകമായി മാറുന്നു. കുമരപ്പയുടെ ദൃഷ്ടിയിൽ, ശരിയായ തൊഴിൽ വ്യവസ്ഥ മനുഷ്യൻ്റെ ബുദ്ധി, സൃഷ്ടിപരത, ധാർമ്മികത എന്നിവ വളർത്തുകയും സാമൂഹിക സമത്വം ഉറപ്പാക്കുകയും ചെയ്യണം. അതിനാൽ തന്നെ അദ്ദേഹം ഗാന്ധിയൻ ആശയങ്ങളോട് ചേർന്ന് മനുഷ്യകേന്ദ്രിതവും ഗ്രാമകേന്ദ്രിതവുമായ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു, അതിൽ ഓരോ വ്യക്തിക്കും അർത്ഥവത്തായും മാന്യമായും ജോലി ചെയ്യാൻ അവസരം ലഭിക്കണം. ജോലി ഒരു ഭാരമോ ശാപമോ അല്ല, മറിച്ച് ശരിയായ രീതിയിൽ ചെയ്താൽ അത് മനുഷ്യൻ്റെ ആത്മസാക്ഷാത്കാരത്തിനും സാമൂഹിക ക്ഷേമത്തിനും വഴിയൊരുക്കുമെന്ന് തൊഴിലിൻ്റെ തത്വശാസ്ത്രം പ്രസ്താവിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 – ൽ പ്രസിദ്ധീകരിച്ച, പി.കെ. കോരു വ്യാഖ്യാതാവായ കരണപദ്ധതി - കൈരളീവ്യാഖ്യാസഹിത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ ഗണിതശാസ്ത്രത്തിൽ വികസിപ്പിച്ചെടുത്ത ഉന്നതമായ ഗണിത വിദ്യകളുടെ ഒരു വിജ്ഞാനകോശമാണ് കരണപദ്ധതി. ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് സങ്കീർണ്ണമായ ഖഗോള പ്രതിഭാസങ്ങളെ ഗണിതത്തിൻ്റെ സഹായത്തോടെ ലളിതമായി നിർദ്ധാരണം ചെയ്യുന്നതിലാണ്. പത്ത് അധ്യായങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഇതിലെ ഉള്ളടക്കത്തിൽ സംഖ്യാസിദ്ധാന്തം, ബീജഗണിതം, ത്രികോണമിതി എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിരിക്കുന്നു. വൃത്തത്തിൻ്റെ പരിധിയും വ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളും, ജ്യാനയനംതുടങ്ങിയവയും ഇതിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഓരോ ഗണിതക്രിയയ്ക്കും പിന്നിലെ യുക്തി വ്യക്തമാക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തെ മറ്റ് പുരാതന കൃതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഗണിതത്തെ വെറും അക്കങ്ങളായല്ല, മറിച്ച് പ്രകൃതിയുടെ ചലനങ്ങളെ അളക്കാനുള്ള ഒരു ശാസ്ത്രീയ ഭാഷയായാണ് ഈ പുസ്തകം അവതരിപ്പിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.