All release notes

Release note

1968-ൽ പ്രസിദ്ധീകരിച്ച, 1951-ലെ നയ പ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1951 ഒക്ടോബറിൽ കൂടിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ സമ്മേളനത്തിൽ വെച്ച് ചർച്ച ചെയ്ത് അംഗീകരിച്ച നയപ്രഖ്യാപനമാണിത്. പാർട്ടിയുടെ ലക്ഷ്യം, കഴിഞ്ഞകാല നയങ്ങൾ, ചൈനയുടെയും ഇന്ത്യയുടെയും കാര്യത്തിലുള്ള കാഴ്ചപ്പാടും നിലപാടും, ഇന്ത്യൻ സാഹചര്യത്തിൽ പരിഗണിക്കേണ്ട അടിയന്തിരസ്ഥിതികളും, പാർട്ടി കടമകളും, തൊഴിലാളി വർഗത്തിൻ്റെ ഐക്യത്തിൽ പാർട്ടിയുടെ പങ്ക്, സമൂഹത്തെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാതെ സമാധാനത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ ഇങ്ങനെ നിരവധി വിഷയങ്ങൾ 26 പേജുകളുള്ള ഈ ലഘുലേഖ ചർച്ച ചെയ്യുന്നു

സ്വാതന്ത്ര്യാനന്തരം നിലവിൽ വന്ന ഗവൺമെൻ്റിന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും, ഫ്യൂഡൽ ഭൂവുടമകൾക്കും വിദേശ സാമ്രാജ്യത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഈ ഭരണകൂടത്തിന് പകരം ഒരു ജനകീയ ജനാധിപത്യ ഗവൺമെൻ്റ് സ്ഥാപിക്കുകയുമാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം എന്നും ഇതിൽ പറയുന്നു. ഇന്ത്യൻ വിപ്ലവത്തിൻ്റെ വഴി റഷ്യൻ മാർഗ്ഗമോ ചൈനീസ് മാർഗ്ഗമോ മാത്രമല്ല, മറിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസൃതമായ ഒന്നായിരിക്കണം. നഗരങ്ങളിലെ തൊഴിലാളി വർഗ്ഗത്തിൻ്റെയും ഗ്രാമങ്ങളിലെ കർഷകരുടെയും ഐക്യത്തിലൂടെ മാത്രമേ വിപ്ലവം സാധ്യമാവുകയുള്ളൂ. നാടുവാഴിത്തം അവസാനിപ്പിച്ച് കൃഷിക്കാർക്ക് പ്രതിഫലം കൂടാതെ ഭൂമി നൽകുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ലക്ഷ്യമാണ്. വ്യക്തിപരമായ ഭീകരപ്രവർത്തനങ്ങളെ (Individual Terrorism) മാർക്സിസം അംഗീകരിക്കുന്നില്ലെന്നും അത് ജനങ്ങളെ വിപ്ലവത്തിൽ നിന്ന് അകറ്റുമെന്നും ഈ രേഖ മുന്നറിയിപ്പ് നൽകുന്നു. പാർലമെൻ്ററി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്നും ജനങ്ങൾ എവിടെയുണ്ടോ അവിടെ പാർട്ടി ഉണ്ടായിരിക്കണമെന്നും ഈ നയം വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും വർഷങ്ങൾക്കു മുൻപുള്ള പാർട്ടി നിലപാടും സമീപനങ്ങളും ചർച്ചാവിധേയമാക്കുന്ന രേഖ എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ലഘുലേഖക്കുണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.