Release notes

2,924 release notes

1928 – ൽ പ്രസിദ്ധീകരിച്ച, പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1928-ൽ പി. മാധവൻ നായർ രചിച്ച സ്വാതന്ത്ര്യം എന്ന ഈ കൃതി, കേവലം രാഷ്ട്രീയമായ വിമോചനത്തിനപ്പുറം മനുഷ്യൻ്റെ ചിന്താസ്വാതന്ത്ര്യത്തെയും വിവേകത്തെയുമാണ് യഥാർത്ഥ സ്വാതന്ത്ര്യമായി അടയാളപ്പെടുത്തുന്നത്. ചരിത്രപരമായി രാജാക്കന്മാരും പുരോഹിതന്മാരും അടിച്ചേൽപ്പിച്ച അടിമത്തത്തെയും അന്ധവിശ്വാസങ്ങളെയും നിശിതമായി വിമർശിക്കുന്ന അദ്ദേഹം, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ചോദ്യങ്ങൾ ചോദിക്കാനും തയ്യാറാകാത്തവൻ തന്നോടും സമൂഹത്തോടും ദ്രോഹം ചെയ്യുന്നുവെന്ന് വാദിക്കുന്നു. ഭയത്തിലധിഷ്ഠിതമായ ശിക്ഷാസമ്പ്രദായങ്ങളെ എതിർത്തുകൊണ്ട്, കുട്ടികളെ സ്നേഹത്തിലൂടെയും തുല്യമായ അവകാശങ്ങൾ നൽകിയും വളർത്തണമെന്ന വിപ്ലവകരമായ നവോത്ഥാന ചിന്തകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ചുരുക്കത്തിൽ, അറിവില്ലായ്മയുടെ ശൃംഖലകൾ പൊട്ടിച്ചെറിഞ്ഞ്, ഭീരുത്വം വെടിഞ്ഞ്, സ്വതന്ത്രമായ അന്വേഷണബുദ്ധിയോടെ മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യം.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1920 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്തു കുമാരൻ രചിച്ച  ഗദ്യമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ഗദ്യസാഹിത്യത്തിന് ആധുനികമായ അടിത്തറ പാകിയ കൃതിയാണിത്. സൗന്ദര്യത്തെ കേവലം അളവുകളല്ല, മറിച്ച് വാക്കുകൾക്ക് അപ്പുറമുള്ള മുഖശ്രീ എന്ന ചൈതന്യമായാണ് ഇതിൽ വിശേഷിപ്പിക്കുന്നത്. കല പ്രകൃതിയുടെ അനുകരണമാണെന്നും, ഒരു കവിക്ക് വേണ്ടത് ഓർമ്മശക്തിയെക്കാൾ ഉപരി ബുദ്ധിയിലധിഷ്ഠിതമായ ഭാവനാശക്തി ആണെന്നും ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. കാളിദാസൻ്റെ ഉപമകളെ വിശകലനം ചെയ്യുന്നതിലൂടെ കവിതയിലെ അലങ്കാരങ്ങളുടെ പ്രാധാന്യം ഇതിൽ വ്യക്തമാക്കുന്നു. ഭാഷാപരമായി, സംസ്കൃതത്തെ പൂർണ്ണതയിലെത്തിയ മൃതഭാഷയായും മലയാളത്തെ വളർന്നുകൊണ്ടിരിക്കുന്ന ജീവൽഭാഷയായും ലേഖകൻ കാണുന്നു. മലയാളം തമിഴിൻ്റെ സഹോദരിയും സംസ്കൃതത്തിൻ്റെ വധുവുമാണെന്ന ഭാഷാബന്ധം ഇതിൽ എടുത്തുപറയുന്നു. പ്രബന്ധങ്ങളെ ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നിങ്ങനെ നാലായി തരംതിരിക്കാം. മലയാളത്തിലെ ആദ്യകാല നോവലുകളായ കുന്ദലത, ഇന്ദുലേഖ എന്നിവയുടെ ചരിത്രപരമായ സ്ഥാനവും, ചന്തുമേനോൻ്റെവിയോഗം മൂലം ശാരദ അപൂർണ്ണമായതിലെ നഷ്ടവും രേഖപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി വികസിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ എന്ന കയ്യെഴുത്തുപ്രതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1599-ൽ പോർച്ചുഗീസ് ആർച്ച്‌ബിഷപ്പ് ആയിരുന്ന Aleixo de Menezes നയിച്ച സഭാസമ്മേളനമാണ് ഉദയമ്പേരൂർ സുനഹദോസ്. ഇത് കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ഒരു പ്രധാന സംഭവമായിരുന്നു. സമ്മേളനം നടന്നത് ഉദയംപേരൂരിലെ സെന്റ് മേരീസ് പള്ളിയിലായിരുന്നു. സുറിയാനി ക്രൈസ്തവരുടെ ആചാരങ്ങളിലും ഗ്രന്ഥങ്ങളിലും ലത്തീൻ സഭയുടെ സ്വാധീനം ശക്തമാക്കി. നിരവധി പഴയ സുറിയാനി ഗ്രന്ഥങ്ങൾ നിരോധിക്കപ്പെടുകയും ചിലത് നശിപ്പിക്കപ്പെടുകയും ചെയ്തു. സുനഹദോസ് പുറപ്പെടുവിച്ച “കാനോനകൾ” കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസം, ആരാധന, സാമൂഹികജീവിതം എന്നിവ നിയന്ത്രിക്കാൻ രൂപപ്പെടുത്തിയ നിയമങ്ങളായിരുന്നു.ഈ സമ്മേളനത്തിൻ്റെ യോഗവിവരങ്ങൾ, തീരുമാനങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ കയ്യെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പുസ്തകത്തിൽ. റോമൻ കത്തോലിക്ക സഭയുടെ അധികാരം അംഗീകരിക്കൽ, നെസ്റ്റോറിയൻ സ്വാധീനം നിരോധിക്കൽ, സുറിയാനി ഗ്രന്ഥങ്ങളുടെ പരിശോധന, ആരാധനക്രമത്തിലെ മാറ്റങ്ങൾ, ഹിന്ദു ആചാരങ്ങളുമായി ബന്ധമുള്ള ചില പ്രാദേശിക പതിവുകൾ നിരോധിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയായ ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ എന്ന പുസ്തകം ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ പൗരസ്ത്യ ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ചരിത്രവും വളർച്ചയും വിവരിക്കുന്ന ഒരു പ്രധാന കൃതിയാണ്.ഈ കൃതി ആദ്യം ഫ്രഞ്ച് ഭാഷയിൽ എഴുതപ്പെട്ടതും പിന്നീട് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതുമാണ്.തുടർന്ന് മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു.അതിനാൽ ഇതു ഒരു പ്രാദേശിക ചരിത്രഗ്രന്ഥം മാത്രമല്ല, ലോക ക്രൈസ്തവ പണ്ഡിതലോകത്തിൽ ശ്രദ്ധനേടിയ പഠനകൃതിയുടെ മലയാളാവിഷ്ക്കാരവും ആണ്.എന്നാൽ ഈ പുസ്തകം എഴുതപ്പെട്ട വർഷം ലഭ്യമല്ല.

പുസ്തകത്തിൽ പ്രധാനമായി പ്രതിപാദിക്കുന്നത് ഇന്ത്യയിലെ ആദിമ ക്രൈസ്തവസഭയുടെ ഉത്ഭവം, തോമാശ്ലീഹ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചെന്ന പാരമ്പര്യം, സുറിയാനി പരമ്പര്യവും ആരാധനാക്രമങ്ങളും, പൗരസ്ത്യസഭകളുടെ ചരിത്രബന്ധങ്ങൾ, കേരളത്തിലെ നസ്റാണി സമൂഹത്തിൻ്റെ വളർച്ച, പാശ്ചാത്യ പൗരസ്ത്യ സഭാ ബന്ധങ്ങൾ ഇതൊക്കെയാണ്.ഈ പുസ്തകത്തിനു ചരിത്രപരവും സഭാപരവും അക്കാദമികവുമായ വലിയ പ്രാധാന്യമുണ്ട്.സീറോ മലബാർ സഭയുടെ പരമ്പര്യവും വേരുകളും പഠിക്കുന്നവർക്ക് വിലപ്പെട്ട റഫറൻസ് ഗ്രന്ഥമായി ഇത് കണക്കാക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1965 – ൽ പ്രസിദ്ധീകരിച്ച, ആൾഡസ് ഹക്സ്‌ലി രചിച്ച ശാസ്ത്രം, സ്വാതന്ത്ര്യം, സമാധാനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യ ചിന്തകനായ ആൾഡസ് ഹക്സ്‌ലിയുടെ സൈദ്ധാന്തികമായ കാഴ്ചപ്പാടുകൾ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ഇത്. ഒരു സമൂഹത്തിൻ്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയെ കുറിക്കുന്ന പ്രധാന ഘടകങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രായോഗിക ശാസ്ത്രത്തിൻ്റെ പ്രാധാന്യം ഇതിൽ വിവരിക്കുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും തലമുറകളായി പല രാഷ്ട്രത്തലവന്മാരും അവരുടെ ശക്തി കേന്ദ്രങ്ങളായി കരുതി പോരുന്നു. പ്രഭുത്വത്തിൻ്റെ അപചയത്തിൽ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പുതിയ നിർവചനങ്ങൾ തയ്യാറാക്കുകയാണ് ഈ ഗ്രന്ഥം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967-ൽ പ്രസിദ്ധീകരിച്ച, ‘അഷ്ടാംഗഹൃദയം’ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാഗ്ഭടൻ രചിച്ചതെന്ന് അനുമാനിക്കപ്പെടുന്ന 'അഷ്ടാംഗഹൃദയം' ആയുർവേദ ചികിത്സയിലെ എട്ട് വിഭാഗങ്ങളുടെ സാരാംശവും, പുരാതന ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ ഉണ്ടായിട്ടുള്ള ആധികാരിക പ്രബന്ധങ്ങളിലൊന്നാണിത്. ഈ പുസ്തകം ആയുർവേദത്തിലെ എട്ട് ശാഖകളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഗോവിന്ദൻ വൈദ്യർ അഷ്ടാംഗഹൃദയം മുഴുവനും മലയാളത്തിൽ ഭാഷാന്തരം ചെയ്തതുകൊണ്ട്  കേരളത്തിലെ ആയുർവേദപാഠശാലകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏകാവലംബം ഈ വ്യാഖാനമാണ്. സൂത്രസ്ഥാനത്തിലെ ആദ്യ അധ്യായം ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള മികച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ആയുർവേദത്തിലെ അടിസ്ഥാന തത്വങ്ങൾ, ദിനചര്യ, ഋതുചര്യ, ആഹാരക്രമം, ഔഷധഗുണങ്ങൾ എന്നിവ വിവരിക്കുന്ന അഷ്ടാംഗഹൃദയത്തിലെ ആദ്യ ഭാഗമായ സൂത്രസ്ഥാനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912-ൽ പ്രസിദ്ധീകരിച്ച, സുചരിതകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ലോകപ്രശസ്തരായ മഹദ് വനിതകളെക്കുറിച്ചുള്ള ജീവചരിത്രമാണ് 'സുചരിതകൾ'. കെ. നാരായണമേനോൻ പത്രാധിപരായിരുന്ന 'ശാരദ' മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഇതിലെ ലേഖനങ്ങളിൽ പലതും. മഹദ്‌വ്യക്തികളുടെ സ്വഭാവഗുണങ്ങൾ വായനക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യം.

അന്നത്തെ കാലത്ത് ചിത്രങ്ങളോടു കൂടിയ (ഛായകളോടു കൂടിയ എന്നാണ് മുൻ കവറിൽ കൊടുത്തിരിക്കുന്നത്) പതിപ്പിന് 1 രൂപ 2 അണയും, ചിത്രങ്ങളില്ലാത്ത പതിപ്പിന് 1 രൂപയുമായിരുന്നു വില. പ്രസാധകനായ കെ. നാരായണ മേനോൻ്റെ പേരിനു പുറമേ പ്രകടനാധികൃതൻ എന്ന് കൂടി ആദ്യ പേജിൽ കാണുന്നുണ്ട്. ഇത് രണ്ടും ഒരാൾ തന്നെയാണോ എന്നു സംശയമുണ്ട്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1917-ൽ  പ്രസിദ്ധീകരിച്ച, എൻ. കുഞ്ഞൻപിള്ള രചിച്ച ബാലബോധിനി ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1917-ൽ എൻ. കുഞ്ഞൻപിള്ള രചിച്ച ബാലബോധിനി (ഒന്നാം ഭാഗം), ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു പാഠപുസ്തകമാണ്. ബ്രിട്ടീഷ് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് കുടിയേറിയ കേശവൻ നായർ എന്ന കർഷകൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ജീവിതമാണ് ഇതിലെ പ്രമേയം. കാടുപിടിച്ചു കിടക്കുന്ന നൂറേക്കർ വനഭൂമി പാട്ടത്തിനെടുത്ത് ഒരു സുന്ദരമായ കൃഷിയിടമാക്കുന്ന പശ്ചാത്തലത്തിൽ, പ്രകൃതിയെയും മൃഗങ്ങളെയും കാണുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങളും അതിനുള്ള മറുപടികളുമാണ് ഈ പുസ്തകത്തിലെ പ്രധാന ഭാഗം. സമുദ്രം, മലകൾ, പുഴകൾ തുടങ്ങിയ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം അവയുടെ ഘടനയെക്കുറിച്ചും സജീവ-നിർജീവ വസ്തുക്കളുടെ വ്യത്യാസത്തെക്കുറിച്ചും മാതാപിതാക്കൾ മക്കൾക്ക് വിശദീകരിച്ചു നൽകുന്നു. കന്നുകാലി പരിപാലനത്തിൽ പശുവിനെ കുളിപ്പിക്കുന്നത് കേവലം വൃത്തിക്കല്ലെന്നും, പാലിൽ അണുക്കൾ കലരാതിരിക്കാനുള്ള ആരോഗ്യ മുൻകരുതലാണെന്നും ഇതിൽ പഠിപ്പിക്കുന്നു. കൂടാതെ, ചെടികൾക്കും ജീവനുണ്ടെന്നും അവ വേരുകളിലൂടെയും ഇലകളിലൂടെയും ആഹാരം സ്വീകരിക്കുന്നതിനാൽ അവയെ സഹസ്രാസ്യങ്ങൾ (ആയിരം വായുള്ളവ) എന്ന് വിളിക്കാമെന്നും ഉള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ ലളിതമായ സംഭാഷണങ്ങളിലൂടെ ഈ പുസ്തകം പങ്കുവെക്കുന്നു. കേവലം അക്ഷരപഠനത്തിനപ്പുറം അന്വേഷണശീലവും ശാസ്ത്രബോധവും പ്രകൃതിയോടുള്ള സ്നേഹവും കുട്ടികളിൽ വളർത്താൻ ലക്ഷ്യമിട്ട ഈ കൃതി, മലയാളത്തിലെ ആധുനിക പാഠപുസ്തക നിർമ്മാണ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1918 -ൽ  പ്രസിദ്ധീകരിച്ച, കെ. പപ്പുപിള്ള രചിച്ച സദാചാരരത്നാവലി രണ്ടാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ. പപ്പുപിള്ളയുടെ സദാചാരരത്നാവലി എന്ന ഗ്രന്ഥം വ്യക്തിത്വ വികസനത്തിൻ്റെയും ധാർമ്മിക മൂല്യങ്ങളുടെയും ഒരു സമാഹാരമാണ്. മനുഷ്യൻ്റെ ആത്മാഭിമാനം, ഭാഗ്യം, സ്വദേശാഭിമാനം, പരിശുദ്ധ ജീവിതം, മിതഭോഗം തുടങ്ങിയ ഉന്നതമായ ആശയങ്ങളെ ഈ കൃതി ആഴത്തിൽ ചർച്ച ചെയ്യുന്നു. മറ്റുള്ളവരെ വിമർശിക്കുന്നതിനേക്കാൾ ഉപരിയായി സ്വന്തം മനസ്സിനെ ശുദ്ധീകരിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യുന്നതിലാണ് ആത്മാഭിമാനത്തിൻ്റെ തുടക്കമെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. ശരീരത്തെ ഒരു യന്ത്രത്തോടും വ്യായാമമില്ലാത്ത അവസ്ഥയെ ദ്രവിച്ചുപോകുന്ന വള്ളത്തോടും ഉപമിച്ചുകൊണ്ട് ആരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പരാജയങ്ങളെ ഭയപ്പെടാതെ ഈശ്വരദത്തമായ ആത്മശക്തിയെ തിരിച്ചറിയുന്നതാണ് വിജയത്തിൻ്റെ രഹസ്യമെന്നും, മിതമായ ആഹാരവും നിർമ്മലമായ സംസാരവും പാവനമായ ചിന്തകളും ഒരുവനെ ഉത്തമ മനുഷ്യനാക്കി മാറ്റുമെന്നും പുസ്തകം പഠിപ്പിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് രചിക്കപ്പെട്ടതാണെങ്കിലും, വ്യക്തിജീവിതത്തിലെ അച്ചടക്കത്തെയും സാമൂഹിക പ്രതിബദ്ധതയെയും കുറിച്ചുള്ള ഈ പാഠങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1959-ൽ പ്രസിദ്ധീകരിച്ച, ആൻഡോവിലെ പാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രശസ്ത മലയാള സാഹിത്യകാരനായ മുട്ടത്തു വർക്കി ആണ് James A. Michener എഴുതിയ The Bridge at Andau എന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത്. 1956-ൽ ഹംഗറിയിൽ നടന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ വിപ്ലവത്തിൻ്റെ വികാരനിർഭരമായ വിവരണമാണിത്. 1956 ഒക്ടോബർ 23-ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ സർവകലാശാലാ വിദ്യാർത്ഥികൾ പാർലമെൻ്റ് ഭവനത്തിൽ ഒത്തുചേർന്ന് മാത്ത്യാസ് റാക്കോഷിയുടെ കമ്മ്യൂണിസ്റ്റ് സർക്കാരിലൂടെ സോവിയറ്റ് യൂണിയൻ ഹംഗറിയിൽ സ്ഥാപിച്ചിരുന്ന ആധിപത്യത്തിനെതിരെ പ്രതിഷേധിക്കാൻ സാധാരണ ജനങ്ങളോട് ആഹ്വാനം ചെയ്തു. തുടർന്ന് റഷ്യ നടത്തിയ സൈനിക ഇടപെടലുകളിൽ നിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് ആളുകൾ അയൽരാജ്യമായ ഓസ്ട്രിയയിലേക്ക് അഭയം തേടിപ്പോയത് ആൻഡോവിലെ ഒരു ചെറിയ പാലത്തിലൂടെയായിരുന്നു. ജോസഫ് ടോത്ത് എന്ന 18 വയസ്സുകാരനായ തൊഴിലാളിയുടെ ജീവിതത്തിലൂടെയാണ് വിപ്ലവത്തിൻ്റെ ആരംഭം ഗ്രന്ഥകാരൻ വിവരിക്കുന്നത്. ഈ പാലം സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കവാടമായി മാറിയതിനാലാണ് പുസ്തകത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

മനുഷ്യത്വത്തിൻ്റെ അടിച്ചമർത്തലിനും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ കിരാത നടപടികൾക്കും എതിരെയുള്ള ഹംഗേറിയൻ ജനതയുടെ പ്രതിഷേധത്തിൻ്റെ ചരിത്രരേഖയായാണ് ഈ പുസ്തകം കണക്കാക്കപ്പെടുന്നത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1948 – ൽ പ്രസിദ്ധീകരിച്ച, കെ. ദാമോദരൻ രചിച്ച ഇന്ത്യയുടെ സാമ്പത്തികപ്രശ്നം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വിശദമായ പഠനം നടത്തുന്ന ഗ്രന്ഥമാണിത്. സ്വാതന്ത്ര്യത്തിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിൻ്റെ സ്വാധീനം നമ്മുടെ സാമ്പത്തിക മേഖലയിൽ പ്രകടമായിരുന്നു. അതിനെ അതിജീവിക്കാനുള്ള പരിശ്രമങ്ങളാണ് കാലാകാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. വൻകിട കുത്തക കമ്പനികളുടെ കടന്നുവരവ് രാജ്യത്തെ സാമ്പത്തിക വിതരണത്തെ കാര്യമായി ബാധിച്ചു. കൃഷിയിൽ അധിഷ്ഠിതമായ രാജ്യമായതുകൊണ്ട് തന്നെ കാർഷിക മേഖലയിലുള്ള പ്രതിസന്ധികൾ എല്ലാകാലത്തും രാജ്യത്തെ ഉലച്ചു കൊണ്ടിരിക്കുന്നു. രാജ്യം പിന്തുടർന്ന് പോരുന്ന സാമ്പത്തിക നയവും കുറ്റമറ്റത് അല്ലാത്ത അവസ്ഥയിൽ പലവിധത്തിൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതിനുള്ള പരിഹാരങ്ങൾ തേടിയുള്ള ചർച്ചയും ഈ പുസ്തകത്തിൻ്റെ ഭാഗമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ പ്രസിദ്ധീകരിച്ച, തത്വവും നയവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാരതീയ ജനസംഘത്തിൻ്റെ തത്വവും നയവും ക്രോഡീകരിച്ചിട്ടുള്ള ലഘു പുസ്തകത്തിൻ്റെ മൂന്നാം പതിപ്പാണിത്. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തിൽ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ കണ്ടെത്തിയ ഏകാത്മ മാനവതാ സിദ്ധാന്തമാണ് ജനസംഘത്തിൻ്റെ തത്വ നയങ്ങളുടെ ആധാരം. ഈ പുസ്തകത്തിലെ സിദ്ധാന്തപരമായ ഭാഗങ്ങൾ കുറച്ചു ഗഹനമാണ്. ഉചിതമായ രീതിയിൽ ചിന്തിച്ചു മനസ്സിലാക്കേണ്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.